ആര്‍എസ്എസ്സിനെ വെള്ളപൂശിക്കൊണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ മുസ്ലിംലീഗ് രണ്ടും കല്പിച്ച് രംഗത്ത്. ഏറ്റവും ഒടുവില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ സുധാകരന് നടത്തിയ പരാമര്‍ശമാണ് ലീഗ് നേതാക്കളുടെ പരസ്യമായ പ്രതികരണത്തിന് കാരണമായത്. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ ജവഹർലാൽ നെഹ്റു തയ്യാറായി എന്ന് കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. ആർഎസ്എസ് നേതാവിനെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കിയാണ് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ മനസ് കാണിച്ചത്. സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരിക്കുന്ന കാലത്ത് ആർഎസ്എസ് ശാഖ നടത്താൻ സംരക്ഷണത്തിന് ആളെ വിട്ട് സഹായിച്ചിട്ടുണ്ടെന്ന സുധാകരന്റെ മുന്‍ പ്രസ്താവനയും വിവാദമായിരുന്നു.
യുഡിഎഫ് ഘടകകക്ഷികളെല്ലാം സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗ് ഒരുപടികൂടി കടന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, എം കെ മുനീര്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സുധാകരനെതിരെ പരസ്യമായി അതൃപ്തി അറയിച്ചത്. ആർഎസ്എസ് ചിന്തയുള്ളവർ പുറത്തുപോകണമെന്ന് മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്രയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് എംകെ മുനീറിന്റെ ഒളിയമ്പ്. ലീഗിന്റെ പ്രതീക്ഷ രാഹുൽ ഗാന്ധിയുടെ വാക്കുകളാണ്. കെ സുധാകരന് ചരിത്രം മനസിലാക്കണം. കോൺഗ്രസിലെ ഓരോ വ്യക്തികളും സംസാരിക്കുമ്പോൾ അതിന് ഒരേ സ്വരം ഉണ്ടാകണം. സുധാകരൻ നെഹ്റുവിന്റെ ചരിത്രം ശരിയായി മനസ്സിലാക്കണം. സുധാകരന്റെ പരാമര്‍ശം ശത്രുക്കളുടെ കൈയ്യില്‍ ആയുധംവെച്ചുകൊടുക്കുന്നതിന് സമമാണ്. സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസ് ചര്‍ച്ചചെയ്യണമെന്നും നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മുനീര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
16 ന് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ സുധാകരന്റെ പരാമര്‍ശവും ചര്‍ച്ചയായേക്കാമെന്നും ഇതുസംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിശദീകരിക്കുമെന്നും മുനീര്‍ പറഞ്ഞു. കെ സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. സുധാകരന്റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലിംലീഗിന് ആയിട്ടില്ല. വിവാദ പ്രസ്താവനയിൽ കെ സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്നും മുനീര്‍ വ്യക്തമാക്കി. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികൾ പ്രതികരിക്കുമ്പോൾ ആ പദവിയെ കുറിച്ചുകൂടി ചിന്തിക്കണമെന്നായിരുന്നു പി എം എ സലാം വ്യക്തമാക്കിയത്. നമ്മൾ ആരാണ് എന്ന ബോധമുണ്ടാകണം. അതിനനുസരിച്ച പ്രസ്താവനയാണ് നടത്തേണ്ടത്. പ്രസ്താവന നടത്തിയ ശേഷം തിരിത്തുകയോ പിൻവലിക്കുകയോ മയപ്പെടുത്തുകയോ ചെയ്തിട്ട് കാര്യമില്ലെന്നും സലാം പറഞ്ഞു.
സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കട്ടെ എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. ലീഗ് നേതൃത്വത്തെ കുഞ്ഞാലിക്കുട്ടി അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. മുൻ മന്ത്രി പികെ അബ്ദുറബ്ബ്, യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ എന്നിവരും സുധാകരനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
English Summary:Controversial remarks: Muslim League aganist k sudhakaran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.