പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും പ്രതികാര മനോഭാവത്തോടെ വേട്ടയാടുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് കേവലം 4.6 ശതമാനം മാത്രം. രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ നിയമം അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 911 കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേവലം 42 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്ന് രാജ്യസഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടി നല്‍കി.
കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 28 ശതമാനം വിചാരണ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 257 കേസുകള്‍ വിവിധ കോടതികളില്‍ കെട്ടികിടക്കുകയാണ്. 99 കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു. ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 28 ശതമാനം വിചാരണാ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. രാഷ്ട്രീയ എതിരാളികളെയും മോഡി വിമര്‍ശകരെയും സ്വതന്ത്ര മാധ്യമങ്ങളെയും ഇഡിയെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള മോഡി സര്‍ക്കാര്‍ നീക്കം വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
പിഎംഎല്‍എ നിയമ പ്രകാരം 2019 ല്‍ 50, 2020 ല്‍ 106, 2021 ല്‍ 128, 2022 ല്‍ 182, 2023 ല്‍ 239, 2024 ല്‍ നാളിതുവരെ 206 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന 106 പ്രത്യേക കോടതികള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം ഇഡി രജിസ്റ്റര്‍ ചെയ്യുന്ന പിഎംഎല്‍എ കേസുകളിലെ ശിക്ഷാ നിരക്ക് കുറയാന്‍ പ്രധാന കാരണം നീണ്ട നാളത്തെ നിയമ പ്രക്രിയയാണെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കോടതി നടപടികളുടെ കാലതാമസം, വ്യക്തമായ തെളിവിന്റെ അഭാവം എന്നിവയും കുറഞ്ഞ ശിക്ഷാനിരക്കിലേക്ക് വഴി തുറക്കുന്നതായി അദ്ദേഹം പറഞ്ഞു.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ രാഷ്ട്രീയ പ്രതിയോഗികളെ വരുതിയിലാക്കാനുള്ള ഉപകരണമായി ഇഡി മാറിയിരുന്നു. പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച നിരവധി സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഝാര്‍ഖണ്ഡ‍് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ എന്നിവര്‍ക്കെതിരെയുള്ള ഇഡി ആരോപണങ്ങള്‍ കോടതികള്‍ തള്ളിക്കളഞ്ഞത് അടുത്തിടെ ഇഡിയുടെ വിശ്വാസ്യതയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.