മണിപ്പൂരിലെ കലാപ കലുഷിതമായ പ്രശ്നം പാർലമെന്റിൽ ആളിക്കത്തുന്നതിനിടയിൽ മൂന്നു ബില്ലുകൾ ഒറ്റയടിക്ക് കേന്ദ്രം നിയമമാക്കി. അതിലൊന്ന്, ബഹുസംസ്ഥാന സഹകരണ ഭേദഗതി ബില്‍ (മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് അമെന്റ്മെന്റ്)ആണ്. 2022 നവംബർ 24നാണ് ഈ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ചർച്ചകളൊന്നും കൂടാതെ ബിൽ പാസാക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. ഡിസംബർ ഏഴിന് പ്രതിപക്ഷ അംഗങ്ങൾ ബിൽ, സെലക്ട് കമ്മിറ്റിക്ക് വിടാൻ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച സർക്കാർ ഒടുവിൽ, ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് വിടാൻ തീരുമാനമെടുത്തു. ബില്ലിൽ 48 ഭേദഗതി നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. അത് അതേപടിയാണ് നിയമമാക്കിയിട്ടുള്ളത്. സഹകരണപ്രസ്ഥാനം വിഭാവനം ചെയ്യുന്ന അധികാര വികേന്ദ്രീകരണ പ്രക്രിയയ്ക്ക് ഈ നിയമ മാറ്റം വിഘാതം സൃഷ്ടിക്കും.
ഇന്ത്യൻ ഭരണഘടന സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം നൽകുന്ന മേഖലയാണ് സഹകരണം. ‘സംസ്ഥാനങ്ങൾ നടത്തുന്ന അവരുടെ നിയമ നിർമ്മാണവും നിർവഹണവും സംബന്ധമായ അധികാരത്തിന് യൂണിയൻ (കേന്ദ്രം) സർക്കാരിനെ ഒരു രീതിയിലും ആശ്രയിക്കേണ്ടതില്ല. ഇക്കാര്യത്തിൽ യൂണിയൻ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുല്യരാണ്’ എന്ന് ഭരണഘടനയുടെ സാരാംശം വെളിപ്പെടുത്തിക്കൊണ്ട് ഡോ. അംബേദ്കർ ജനങ്ങൾക്ക് നൽകിയ ഉറപ്പാണ് ബിജെപി സർക്കാർ ലംഘിച്ചിരിക്കുന്നത്. ഭരണഘടനയിൽ സംസ്ഥാന ലിസ്റ്റിന്റെ എൻട്രി 33 പ്രകാരം ‘സഹകരണ സംഘങ്ങൾ’ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകളാണ് നിയമ നിർമ്മാണം നടത്തേണ്ടത്. ഫെഡറൽ തത്വങ്ങളുടെ കീഴ്‌വഴക്കം കൂടിയാണത്. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണെന്നും അത് പാർലമെന്റിന്റെ ഭരണഘടനാ ഭേദഗതിയധികാരത്തിന് വെളിയിലാണെന്നും 1973ലെ കേശവാനന്ദ ഭാരതി കേസിലും 1994ലെ എസ് ആർ ബൊമ്മെെ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
കോളനിഭരണത്തില്‍ 1942ലെ മൾട്ടി യൂണിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് നടപ്പാക്കുമ്പോഴും പ്രവിശ്യകൾക്ക് നൽകിയിരുന്ന അധികാരം കവർന്നെടുത്തിരുന്നില്ല. 1984ലെ മൾട്ടി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈവച്ചില്ല. ബിജെപി അധികാരത്തിൽ വന്നപ്പോഴാണ് 1984ലെ നിയമം റദ്ദാക്കിക്കൊണ്ട്, പരിഷ്കരിച്ച നിയമമെന്ന പേരിൽ ‘മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്’ പാസാക്കിയത്. സംസ്ഥാനങ്ങളിലെ സഹകരണ മേഖലയിൽ കടന്നുകയറാനുള്ള പഴുതുകൾ ഈ നിയമത്തിൽ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പുതിയ ഭേദഗതി നിയമം പാസാക്കിയിട്ടുള്ളത്.
ഒരു കേന്ദ്രവും അനവധി ഉപഗ്രഹങ്ങളും എന്നതാണ് കേന്ദ്ര നിയമത്തിന്റെ സവിശേഷത. മോഹന വാഗ്ദാനങ്ങളിലൂടെ സംസ്ഥാനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും വരുതിയിലാക്കാനാണ് കേന്ദ്ര നീക്കം. ആധുനിക ഇലക്ട്രോണിക്‌വല്‍ക്കരണം എന്ന പേരിൽ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായം സഹകരണ സംഘങ്ങളുടെ ഡാറ്റകളെല്ലാം കേന്ദ്രത്തിനോ അതിന്റെ ഏജൻസികൾക്കോ ലഭിക്കാവുന്ന സ്ഥിതിയുണ്ടാക്കും. സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്താൻ കേന്ദ്രത്തിന് ഇതുമൂലം സാധിക്കും. ആധുനികവല്‍ക്കരണത്തിന്റെ പേരിൽ അർബൻ സഹകരണ ബാങ്കുകളെ വരുതിയിലാക്കാൻ കേന്ദ്രം കൊണ്ടുവന്ന പദ്ധതിയാണ്, അംബര്‍ലാ ഓർഗനൈസേഷൻ.
ബിൽ, നിയമമാക്കുന്നതിനു മുമ്പുതന്നെ ഈ നിയമത്തിനു കീഴിൽ രാജ്യം മുഴുവൻ വ്യാപാരാതിര്‍ത്തിയായ മൂന്ന് സംഘങ്ങളുടെ രൂപീകരണത്തെ സംബന്ധിച്ച് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപനം നടത്തി. സഹകരണ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എക്സ്പോർട്ട് സൊസൈറ്റി, ദേശീയ ജൈവ ഉല്പാദക സഹകരണ സംഘം, ദേശീയ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സീഡ് സൊസൈറ്റി എന്നിവയാണിവ. ഇതില്‍ അംഗത്വമെടുക്കുന്ന സംഘങ്ങളെയെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് ഉദ്ദേശ്യം. പുതിയ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സംഘം ജനറൽ ബോഡിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ അംഗീകാരം എന്നതാണ് അംഗത്വത്തിനുള്ള വ്യവസ്ഥ. അംഗമായിക്കഴിഞ്ഞ സംഘത്തിന് പുറത്തുവരണമെങ്കിൽ കേന്ദ്ര രജിസ്ട്രാറുടെ അനുമതി ആവശ്യമായിരിക്കും. അതേനിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിട്ടിയെ കേന്ദ്ര സർക്കാർ നിയമിക്കും. ലയിക്കപ്പെട്ട സംഘത്തിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ കേന്ദ്ര അതോറിറ്റിക്ക് ഇടപെടാനും അവകാശമുണ്ടായിരിക്കും.
നിയമത്തിലെ ക്ലോസ് 45 പ്രകാരം സംഘങ്ങളിലെ ഭരണസമിതിയെ മറികടന്ന് അഡ്മിനിസ്ട്രേറ്ററെ ആവശ്യമെങ്കിൽ നിയമിക്കാം. പ്രാദേശിക സഹകരണ സംഘങ്ങളെ ശിക്ഷാ നടപടികൾ, ലയനം, ബോർഡ് ഏറ്റെടുക്കൽ, തെരഞ്ഞെടുപ്പുകളിലെ ഇടപെടൽ എന്നിവയിലൂടെ ശ്വാസംമുട്ടിച്ച് കീഴ്പ്പെടുത്തി വരുതിയിലാക്കാൻ ഭേദഗതി നിയമത്തിലൂടെ കേന്ദ്രത്തിന് സാധിക്കും. സഹകരണ മേഖലയിലെ നിക്ഷേപം കോർപറേറ്റുകൾക്ക് കൈമാറാനും നിയമമാറ്റം വഴിയൊരുക്കും.
സഹകരണ മേഖലയ്ക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റവും ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ് ബിൽ നിയമമാക്കിയതിലൂടെ കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം, ഒപ്പം നിയമപോരാട്ടങ്ങളും ഉണ്ടാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.