കോപ്29 കാലാവസ്ഥാ ഉച്ചകോടിയില്‍ വികസിത രാജ്യങ്ങളിൽ നിന്ന് തുല്യമായ കാലാവസ്ഥാ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. അവികസിത രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിന്റെ 69 ശതമാനവും വായ്പകളായാണ് നല്‍കുന്നത്. ഇത് രാജ്യങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടി.
ദരിദ്ര രാഷ്ട്രങ്ങളിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഊർജസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നടപ്പാക്കാനായി ഒരു വർഷം 10,000 കോടി ഡോളർ സമാഹരിക്കാനായിരുന്നു പദ്ധതി.
എന്നാല്‍ ഇത് ഒരു ലക്ഷം കോടി ഡോളറാക്കണമെന്ന് കാലാവസ്ഥാ വിദഗ്ധരും ദരിദ്രരാഷ്ട്രങ്ങളും ആവശ്യപ്പെട്ടു. കാലാവസ്ഥാ ധനസഹായത്തിൽ വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്തുക, ദുർബല സമൂഹങ്ങളെ സഹായിക്കുക എന്നിവയ്ക്കാണ് ഇന്ത്യ ഊന്നൽ നൽകുന്നത്. ഓയിലും ഗ്യാസും ദൈവത്തിന്റെ വരദാനങ്ങളാണെന്ന അസര്‍ബെെജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിന്റെ പ്രസ്താവനയും കാലാവസ്ഥാ സാമ്പത്തിക സഹായത്തില്‍ വികസിത രാജ്യങ്ങളുടെ വിമുഖതയെ തുറന്നുകാട്ടുന്നുണ്ട്.
എണ്ണ, ഗ്യാസ്, കാറ്റ്, സൂര്യന്‍, സ്വര്‍ണം, വെള്ളി ഇവയെല്ലാം പ്രകൃതി വിഭവങ്ങള്‍ ആണെന്നും അതിനാല്‍ തന്നെ ഇത്തരം വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന രാജ്യങ്ങളെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അലിയേവ് പ്രസ്താവിച്ചു.
അസര്‍ബൈജാന്റെ കാര്‍ബണ്‍ ബഹിര്‍ഗമനത്തെ വിമര്‍ശിച്ച യൂറോപ്യന്‍ മാധ്യമങ്ങളോട് ഇല്‍ഹാം, ഫോസില്‍ ഇന്ധനങ്ങളുടെ ശേഖരമുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. വ്യാവസായികമായി എണ്ണ ഉല്പാദനം ആരംഭിച്ച അസര്‍ബൈജാന് നിലവില്‍ ഏഴ് ബില്യണ്‍ ബാരല്‍ എണ്ണ ശേഖരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓയില്‍, ഗ്യാസ് ഉല്പാദനത്തില്‍ നിന്നുള്ള വരുമാനം രാജ്യത്തിന്റെ ജിഡിപിയുടെ 35 ശതമാനത്തോളം വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.