2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

October 24, 2024
September 22, 2024
September 10, 2024
September 4, 2024
August 17, 2024
August 12, 2024
August 12, 2024
August 11, 2024
August 10, 2024
August 10, 2024

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ ഉലഞ്ഞ് കോര്‍പറേറ്റ് ചങ്ങാത്തം

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2024 11:02 pm

ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലില്‍ ഉലഞ്ഞ് ഇന്ത്യന്‍ കോര്‍പറേറ്റ്-രാഷ്ട്രീയം. ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അഡാനി ഗ്രൂപ്പിന്റെ വിദേശ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തൽ പാർലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങള്‍ തള്ളി അഡാനി ഗ്രൂപ്പും മാധബി പുരി ബുച്ചും രംഗത്തെത്തി.
ഗൗതം അഡാനിയുടെ സഹോദരൻ വിനോദ് അഡാനിക്കും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള വിദേശ ഫണ്ടുകളില്‍ മാധബി പുരി ബുച്ചും ഭർത്താവ് ധവാല്‍ ബുച്ചും നിക്ഷേപം നടത്തിയതായാണ് ഹിൻഡൻബെർഗ് രേഖകള്‍ പുറത്തുവിട്ടത്. അഡാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധബി പുരി ബുച്ച് സെബി ചെയർപേഴ്സണായതിന് പിന്നാലെ അഡാനി രണ്ട് തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയതും പുതിയ ചോദ്യങ്ങളുയർത്തുന്നു. നരേന്ദ്ര മോഡി സര്‍ക്കാരും അഡാനിയും തമ്മിലുള്ള ബന്ധവും അത് സംരക്ഷിക്കാനുള്ള സെബിയുടെ ഇടപെടലുമാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്.

ബെർമുഡയിലും മൗറീഷ്യസിലുമായുള്ള കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം.
2017ലാണ് മാധബി പുരി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയായി. സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.
അഡാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തുന്നതായി കഴിഞ്ഞ വർഷം ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ക​ട​ലാ​സ് ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ച്ച് സ്വ​ന്തം ക​മ്പ​നി ഓ​ഹ​രി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​മൊ​ഴു​ക്കി ഓ​ഹ​രിവി​ല​ പെ​രു​പ്പി​ച്ചു​വെ​ന്നും ഈ ​ഓ​ഹ​രി​ക​ള്‍ ഈ​ട് ന​ല്‍കി വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു അ​ഡാ​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഇതിനു പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു. അ​ഡാ​നി ഗ്രൂ​പ്പ് ഓ​ഹ​രി​ക​ളു​ടെ വി​പ​ണി മൂ​ല്യ​ത്തി​ല്‍ ഏ​ക​ദേ​ശം 12.5 ല​ക്ഷം കോ​ടി​രൂ​പ​യു​ടെ ഇടിവാണ് അന്നുണ്ടായത്. 

വിഷയം സുപ്രീം കോടതിയിൽ എത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ലെന്നായിരുന്നു സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂൺ 27ന് സെബി ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകി. ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.
അഡാനിയുടെ ഓഹരിത്തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിൽ ‘സെബി’ കാണിക്കുന്ന വിമുഖത സുപ്രീം കോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിയാരോപണത്തിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്റിന്റെ സംയുക്ത സമിതി രൂപീകരിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാല്‍ മാധബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവാൽ ബുച്ചുമായോ വാണിജ്യ ബന്ധമില്ലെന്ന് അഡാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അഡാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളതാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ആരോപണങ്ങളിൽ പരാമർശിച്ചിരിക്കുന്ന അനിൽ അഹൂജ മുമ്പ് നാമനിര്‍ദേശം ചെയ്യപ്പെട്ട ഡയറക്ടറായും പിന്നീട് അഡാനി കമ്പനികളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, മറ്റ് വ്യക്തികളുമായും കാര്യങ്ങളുമായും ഗ്രൂപ്പിന് നിലവിൽ വാണിജ്യ ബന്ധമില്ലെന്നും അഡാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്നും അവര്‍ പറഞ്ഞു. 

രാജി സമ്മര്‍ദമേറുന്നു

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സെബി അധ്യക്ഷ സ്ഥാനത്തുനിന്നും മാധബി പുരി ബുച്ച് രാജിവയ്ക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. സെബിയുടെ നയനിലപാടുകളെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് കുറെക്കാലമായി ഉയരുന്ന സംശയമുനക്ക് മൂർച്ച കൂട്ടുന്നതാണ് പുതിയ ആരോപണം. ഓഹരി വിപണിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉയർത്തിപ്പിടിക്കാൻ, നിഷേധങ്ങൾക്കപ്പുറം രാജിവച്ച് മാറിനിൽക്കാനും അന്വേഷണത്തെ നേരിടാനും സെബി അധ്യക്ഷ തയ്യാറാകണമെന്ന ആവശ്യം വൈകാതെ കൂടുതല്‍ ശക്തമായേക്കും. 

ജുഡീഷ്യൽ അന്വേഷണം വേണം: പി സന്തോഷ് കുമാര്‍ 

ന്യൂഡല്‍ഹി: സെബി ചെയർപേഴ്‌സണും അഡാനി എന്റർപ്രൈസസും തമ്മിലുള്ള സംശയാസ്പദ ബന്ധത്തെക്കുറിച്ച് ഹിൻഡൻബർഗ് നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് പി സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത് എന്നതിനാല്‍ ചെയർപേഴ്‌സണ്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയുള്ള അന്വേഷണം ആവശ്യമാണ്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഏജൻസികൾ മോഡി ഭരണത്തിന് കീഴിൽ നേരിടുന്ന വിശ്വാസപ്രതിസന്ധിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സെബി എന്നത് പക്ഷപാതപരവും ലജ്ജാകരവുമായ സംവിധാനമായി മാറിയിരിക്കുന്നു. മോഡിയുടെ ഉറ്റചങ്ങാതിമാരായ കോർപറേറ്റുകളുടെ താല്പര്യ സംരക്ഷണത്തിനായി വ്യക്തമായ അധികാര ദുർവിനിയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിക്കാന്‍ ശ്രമം

പുതിയ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ശാന്തരാകണമെന്ന അഭ്യര്‍ത്ഥനയുമായി സെബി. പുതിയ ആരോപണങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണമെന്നും സെബി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ ആരോപണങ്ങളില്‍ ഓഹരി വിപണികളിലെ പ്രതിഫലനം ഇന്നായിരിക്കും വ്യക്തമാകുക.
അഡാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. 24 ആക്ഷേപങ്ങളിൽ ഇരുപത്തിമൂന്നും അന്വേഷിച്ചു. ബാക്കി ഒന്നിലെ നടപടി കൂടി ഉടൻ പൂർത്തിയാക്കും. അന്വേഷണത്തിന്റെ ഭാഗമായി അഡാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നും സെബി പറഞ്ഞു. 

Eng­lish Sum­ma­ry: Cor­po­rate crony­ism rocked by Hin­den­burg revelations

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.