22 December 2024, Sunday
KSFE Galaxy Chits Banner 2

കോർപറേറ്റുകള്‍ മാനസികാരോഗ്യം പരിഗണിക്കണം

ബിജയാനി മിശ്ര
September 28, 2024 4:30 am

വൈ കമ്പനി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടര്‍ന്ന് കോര്‍പറേറ്റ് മേഖലയിലെ അനാരോഗ്യകരമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് രാജ്യവ്യാപകമായി ചര്‍ച്ച നടക്കുകയാണ്. അമിതമായ ജോലിഭാരമാണ് അന്നയുടെ ജീവനെടുത്തത്. ഈ ദാരുണസംഭവം പുറത്തറിയാന്‍തന്നെ രണ്ട് മാസമെടുത്തു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇതിന് പിന്നാലെയാണ് ചെന്നൈയിലെ ഒരു ഐടി കമ്പനി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കിയത്. പല്ലാവരത്തെ കമ്പനിയില്‍ 15 കൊല്ലമായി ജോലി ചെയ‍്തുവരുന്ന കാര്‍ത്തികേയന്‍ ജോലിഭാരം കാരണം കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നെന്നും മരുന്ന് കഴിക്കുന്നുണ്ടായിരുന്നെന്നും കുടുംബം വെളിപ്പെടുത്തി.
പലപ്പോഴും അസ്വസ്ഥമാക്കുന്ന ഒട്ടേറെ ചോദ്യങ്ങള്‍ പലരെയും തളര്‍ത്തും. എന്നാലും അതിനുള്ള ഉത്തരം നാം കണ്ടെത്താറില്ല. കാരണം വിപണിയിലെ മത്സരത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അന്നയുടേത് പോലുള്ള സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും വേണ്ടത്ര പ്രാധാന്യം കിട്ടിയിരുന്നില്ല. അധികാരികളുള്‍പ്പെടെ അവഗണിച്ചതുകൊണ്ടാണ്, അത്തരത്തിലുള്ള കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ബഹുരാഷ്ട്ര കമ്പനി ജീവനക്കാര്‍ക്കിടയിലുള്ള ആത്മഹത്യ രാജ്യത്ത് ഭയാനകമായ അവസ്ഥയിലാണെന്ന് ബിസിനസ് ഇന്‍സൈഡര്‍ 2022ല്‍ വെളിപ്പെടുത്തിയിരുന്നു.
മെച്ചപ്പെട്ട തൊഴിലും ഉപജീവനമാര്‍ഗങ്ങളും തേടി ഇന്ത്യന്‍ ജനത എത്തുന്ന പ്രധാനപ്പെട്ട നഗരങ്ങള്‍ ഇന്ന് ആത്മഹത്യാമുനമ്പുകളായി മാറിയിരിക്കുകയാണ്. ബിസിനസ് ഇന്‍സൈഡറിന്റെ കണക്കനുസരിച്ച് നാല് പ്രധാന നഗരങ്ങളിലെ പ്രൊഫഷണലുകളുടെ ആത്മഹത്യാ കണക്ക് ഇങ്ങനെയാണ്: ഡല്‍ഹി 2,760, ചെന്നൈ 2,699, ബംഗളൂരു 2,292, മുംബൈ 1,436. രാജ്യത്തെ 53 വന്‍നഗരങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ ആത്മഹത്യകളില്‍ 35.5 ശതമാനം വരുമിത്. 

രാജ്യത്ത് ആത്മഹത്യാനിരക്ക് കുത്തനെ വര്‍ധിക്കുന്നെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജോലി സമ്മര്‍ദം കുറയ്ക്കാനും ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും മാനേജര്‍മാരെ പരിശീലിപ്പിക്കണമെന്നും റിപ്പോര്‍ട്ട് തൊഴിലുടമകളോട് അഭ്യര്‍ത്ഥിക്കുന്നു. ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് 31കാരനായ ഐടി ജീവനക്കാര്‍ രൂപ് കിഷോര്‍ സിങ് 2022 ജനുവരിയില്‍ ഹൈദരാബാദില്‍ തൂങ്ങിമരിച്ചിരുന്നു. വീട്ടുകാര്‍ക്ക് അയച്ച സന്ദേശത്തില്‍ സമ്മര്‍ദത്തെക്കുറിച്ച് പറഞ്ഞിരുന്നു.
ആ വര്‍ഷം സെപ്റ്റംബറില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കിയിരുന്ന അമിത് കുമാര്‍ ആത്മഹത്യ ചെയ‍്തു. തന്നെ വ്യക്തിഹത്യ ചെയ്തിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ പറഞ്ഞിരുന്നു. ടാറ്റാ കണ്‍സള്‍ട്ടണന്‍സി സര്‍വീസിന്റെ ഹൈദരാബാദിലെ ഓഫിസില്‍ ജോലി ചെയ്തിരുന്ന അനില്‍കുമാര്‍ ജോലി സമ്മര്‍ദം കാരണം 2021 ഓഗസ്റ്റില്‍ ആത്മഹത്യ ചെയ‍്തു. ജോലിക്ക് വരേണ്ടതില്ല എന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊഗാകു ഹരീനി എന്ന ഐടി ജീവനക്കാരി ഹൈദരാബാദിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ‍്തു. ആ വര്‍ഷം തന്നെ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ഐടി കമ്പനിയില്‍ ജോലി ചെയ‍്തിരുന്ന ഗുണ്ട്ള ചൈതന്യയും ആത്മഹത്യ ചെയ‍്തു. ജോലിയില്‍ ഒട്ടും തൃപ‍്തിയില്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇവരെല്ലാം 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ്.
ഐടി മേഖലയിലും കോര്‍പറേറ്റ് കമ്പനികളിലും ജോലി ചെയ്യുന്നവര്‍ മാനസികസമ്മര്‍ദം കാരണം ജീവനൊടുക്കുന്ന ദാരുണമായ സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ദൈര്‍ഘ്യമേറിയ ജോലി സമയം, അധികജോലിഭാരം, ജോലിയിലെ അരക്ഷിതാവസ്ഥ, സഹപ്രവര്‍ത്തകരും മേലധികാരികളുമായുള്ള ഭിന്നതകള്‍ എന്നിവയാണ് ആത്മഹത്യക്ക് പ്രധാന കാരണം. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന പല പ്രമുഖ കമ്പനികളും പ്രൊഫഷനുകള്‍ക്കുമേല്‍ വളരെയധികം സമ്മര്‍ദമാണ് ചെലുത്തുന്നത്. ഇത് പലരെയും വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു.
ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ അമ്മ അനിതാ അഗസ്റ്റിന്‍ കമ്പനിക്ക് എഴുതിയ കത്തില്‍ ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഇവൈയുടെ പൂനെ ഓഫിസിലെ മോശമായ തൊഴില്‍ സാഹചര്യവും ജോലി സമ്മര്‍ദവും വ്യക്തമാക്കുന്ന കത്തില്‍, കമ്പനിയുടെ ഹ്യൂമന്‍ റിസോഴ‍്സ് വകുപ്പിന്റെ പ്രവര്‍ത്തനം നിരാശാജനകമാണെന്നും ചൂണ്ടിക്കാട്ടുന്നു. അന്നയെ ഹ്യൂമന്‍ റിസോഴ്സ് വകുപ്പ് സഹായിച്ചില്ല, അവളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ മാനേജരോടും അസിസ്റ്റന്റ് മാനേജരോടും പറയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കമ്പനികള്‍ എങ്ങനെയാണ് ദൈര്‍ഘ്യമേറിയ ജോലി സമയത്തെ മഹത്വവല്‍ക്കരിക്കുന്നതെന്നും വാരാന്ത്യങ്ങളിലെ ജോലി സാധാരണമാക്കുന്നതെന്നും കോര്‍പറേറ്റ് ജീവനക്കാരോട് സംസാരിച്ചാല്‍ മനസിലാക്കാനാകും. അവധിയാണെങ്കിലും ഡാറ്റായും മറ്റ് കണക്കുകളും നല്‍കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥമാണെന്നതാണ് കമ്പനികളിലെ കീഴ്‌വഴക്കം. നേരത്തെ അപേക്ഷ നല്‍കിയ അവധിയില്‍ പ്രവേശിക്കുമ്പോള്‍ പോലും ഓഫിസ് ലാപ‍്ടോപ്പ് കൊണ്ടുപോകാന്‍ കര്‍ശനമായി നിര്‍ദേശിക്കും.

ആത്മഹത്യ ഒരു സാമൂഹ്യവസ്തുതയാണെന്ന് ഫ്രഞ്ച് സോഷ്യോളജിസ്റ്റ് എമില്‍ ഡര്‍ഖൈം തന്റെ സൂയിസൈഡ്, എ സ്റ്റഡി ഇന്‍ സോഷ്യോളജിയില്‍ പറയുന്നു. കടുത്തനിയന്ത്രണങ്ങള്‍ വ്യക്തികളെ ജീവനൊടുക്കാന്‍ എങ്ങനെ പ്രേരിപ്പിക്കുമെന്ന് ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാരെ റോബോട്ടുകളെപ്പോലെ കാണുന്നതും വലിയ നിയന്ത്രണങ്ങളോടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതും വിവരിക്കുന്നു ഈ പുസ്തകം.
കോവിഡ് നിമിത്തമുണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ ഇന്ത്യക്കാര്‍ രണ്ടോ, മൂന്നോ വര്‍ഷത്തേക്ക് ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ഏതാനുംനാള്‍ മുമ്പ് പ്രസ്താവിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ച്ചയായി ദീര്‍ഘനേരം ജോലി ചെയ്യുന്നത് ശാരീരികവും മാനസികവുമായ കടുത്ത സമ്മര്‍ദത്തിന് കാരണമാകുമെന്ന പഠനങ്ങള്‍ നിരത്തിയാണ് നാരായണമൂര്‍ത്തിയെ വിമര്‍ശിച്ചത്.
2021ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഓരോ ആഴ്ചയും ഏകദേശം 50 പേര്‍ ജോലി അല്ലെങ്കില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്നു. 2021ല്‍ 1,64,033 പേര്‍ ആത്മഹത്യ ചെയ്തെന്നും 2020നെ അപേക്ഷിച്ച് 7.2 ശതമാനം വര്‍ധനയാണിതെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യകള്‍ സംബന്ധിച്ച് ലഭ്യമായ ഇത്തരം സ്ഥിതിവിവര കണക്കുകള്‍ കുറച്ചുകാണിക്കുന്നതും വിശ്വസനീയമല്ലാത്തതുമാണെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. പല ആത്മഹത്യകളും ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആത്മഹത്യ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, ജോലി സമയത്തല്ല ആത്മഹത്യയെങ്കില്‍ ജോലി സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാരും ബന്ധുക്കളും സംശയിച്ചാലും ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തില്ല. അതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടതിനെക്കാള്‍ കൂടുതലായിരിക്കും.
പല ഇന്ത്യന്‍ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കിടയിലെ ഉത്കണ്ഠയും വിഷാദവും മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചും ഈ പ്രശ്നങ്ങള്‍ ഏങ്ങനെ തടയാം, കെെകാര്യം ചെയ്യാം എന്നതിനെക്കുറിച്ചും പൂര്‍ണമായ ബോധ്യമില്ല. തൊഴിലാളികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ മറ്റ് ശാരീരിക ആരോഗ്യപ്രശ്നങ്ങളെപ്പോലെ പരിഗണിക്കാന്‍ തൊഴിലുടമകള്‍ തയ്യാറാകുന്നില്ല. കളിയാക്കലുകളോ ഒറ്റപ്പെടുത്തലോ ഭയന്ന് മാനസിക പ്രശ്നമുണ്ടെന്ന് സഹപ്രവര്‍ത്തകരോട് പറയാനും പലരും മടിക്കുന്നു. നമ്മുടെ മസ്തിഷ്കം നിരന്തരം സജീവമാണെന്നും ശരീരത്തെപ്പോലെ അവയ്ക്കും വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ മുന്‍വിധികളില്ലാതെ ചർച്ച ചെയ്യുന്ന അന്തരീക്ഷം തൊഴിലിടങ്ങളില്‍ വളർത്തിയെടുക്കേണ്ടതുണ്ട്. ഇതേക്കുറിച്ചും ആത്മഹത്യാ പ്രവണതകളെക്കുറിച്ചും സംസാരിക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഓരോ സ്ഥാപനങ്ങളും സുരക്ഷാ, ക്ഷേമ പരിപാടികൾ ആരംഭിക്കണം. ബഹുരാഷ്ട്ര കമ്പനികൾ 24/7 ഹെല്പ്‌ലെെൻ, കൗണ്‍സിലിങ്, മാനസികവും ശാരീരികവുമായ ആരോഗ്യം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശം എന്നിവ പ്രോത്സാഹിപ്പിക്കണം. ജീവനക്കാർക്ക് അവരുടെ ആശങ്കകളും അഭിപ്രായങ്ങളും ഭയമോ സമ്മര്‍ദമോ കൂടാതെ പങ്കുവയ്ക്കാന്‍ കഴിയുന്ന തൊഴിലന്തരീക്ഷമായിരിക്കണം ഓരോ സ്ഥാപനത്തിലുമുണ്ടാകേണ്ടത്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്കായി കമ്പനികള്‍ തന്നെ മുന്‍കയ്യെടുത്ത് ഒരു തെറാപ്പിസ്റ്റിൽ നിന്നോ കൗൺസിലറിൽ നിന്നോ പ്രത്യേക സഹായവും ലഭ്യമാക്കണം.

(ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.