19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

February 26, 2024
July 28, 2023
April 29, 2023
April 25, 2023
March 23, 2023
March 4, 2023
March 3, 2023
December 30, 2022
December 30, 2022
December 28, 2022

ചുമമരുന്ന് മുമ്പും ജീവനെടുത്തു: കശ്മീരിലെ ഉധംപൂരില്‍ 12 കുട്ടികളുടെ മരണം മരുന്നിന്റെ പാര്‍ശ്വഫലം

Janayugom Webdesk
ശ്രീനഗര്‍
October 7, 2022 11:35 pm

രണ്ട് വര്‍ഷം മുമ്പ് ജമ്മു കശ്മീരിലെ ഉധംപൂരില്‍ 12 നവജാത ശിശുക്കളുടെ മരണത്തിന് കാരണമായതും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ മരുന്നുകളിലെ ഡൈതലീൻ ഗ്ലൈക്കോളിന്റെ അമിത ഉപയോഗമെന്ന് വെളിപ്പെടുത്തല്‍.
ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായത് ഹരിയാന ആസ്ഥാനമായ ‘മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്’ നിര്‍മ്മിക്കുന്ന നാല് ചുമ മരുന്നുകളാണെന്ന് ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉധംപൂരിലെ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മൊഹാലിയിലെ ബി ആര്‍ അംബേദ്കര്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡയറക്ടര്‍-പ്രിന്‍സിപ്പാള്‍ ഭവ്നീത് ഭാരതി രംഗത്തുവന്നിരിക്കുന്നത്.
വൃക്കകളെയടക്കം സാരമായി ബാധിക്കുന്ന ഡൈതലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ നാലു ചുമമരുന്നുകളിലും അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞിരുന്നു. മാരകമായ ഈ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്ന് തന്നെയാണ് ഉധംപൂരിലെ കുഞ്ഞുങ്ങള്‍ക്കും നല്‍കിയതെന്നാണ് ഭവ്നീത് ഭാരതി പറയുന്നത്.
ഉധംപൂരിലെ സംഭവം ഹിമാചല്‍പ്രദേശിലെ കാലാ ആംബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റൽ വിഷന്‍ എന്ന കമ്പനിയും അതിന്റെ ഒന്നിലധികം യൂണിറ്റുകളും അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചിരുന്നു.
2020ല്‍ ഡിജിറ്റല്‍ മിഷന്‍ വിതരണം ചെയ്ത കോള്‍ബെസ്റ്റ് പിസി എന്ന ചുമമരുന്ന് കഴിച്ച് നാല് കുട്ടികളെ ഉധംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇതിനു പിന്നാലെ സമാന മരുന്ന് കഴിച്ച നിരവധി കുട്ടികള്‍ മരിക്കുകയും ചെയ്തു. പ്രദേശത്തുള്ള ഒരു ഡോക്ടറാണ് ഈ മരുന്ന് കുറിച്ച് നല്‍കിയത്. വിഷയത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡിജിറ്റല്‍ വിഷന്റെ ലൈസന്‍സ് റദ്ദാക്കി.
അതേസമയം ഒരു ദുരന്തത്തിന് കാരണമായ മരുന്നിലെ മാരകമായ പദാര്‍ത്ഥങ്ങളുടെ ഉപയോഗം വീണ്ടും കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയെന്നത് വേദനാജനകമാണെന്ന് ഡോ. ഭവ്നീത് ഭാരതി പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് ഡൈതലീൻ ഗ്ലൈക്കോളിന്റെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീണ്ടും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് കൃത്യമായ നിരീക്ഷണങ്ങളുടെ അഭാവം മൂലമാണെന്നും ഭാരതി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Cough med­i­cine has claimed lives before: 12 chil­dren die in Kash­mir’s Udham­pur due to drug side effects

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.