25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 18, 2024
October 18, 2024
September 27, 2024
September 25, 2024
September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024

മനഃശാസ്ത്ര പിന്തുണയുമായി കൗൺസിലർമാർ: അവർ ജീവിതത്തിലേക്ക് മടങ്ങുന്നു

കെ കെ ജയേഷ്
കോഴിക്കോട്
August 11, 2024 9:53 pm

‘ഇവിടെയെത്തിയ ആദ്യദിവസം രാത്രിയിൽ ഉറക്കമില്ലാതെ വരാന്തയിൽ നിൽക്കുന്ന നിരവധി പേരെ കാണാമായിരുന്നു. ചോദിച്ചാൽ ഉറക്കം വരുന്നില്ല.. ദുസ്വപ്നം കണ്ട് ഞെട്ടിയുണരുന്നു എന്നൊക്കെയുള്ള മറുപടികളാണ്. ഈ അവസ്ഥയ്ക്ക് ഏറെ മാറ്റമുണ്ടായിട്ടുണ്ട്’- വയനാട്ടിലെത്തിയ എ കെ സുനിഷ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മനഃശാസ്ത്ര പിന്തുണ നൽകുന്നതിനായെത്തിയ സൈക്കോ സോഷ്യൽ കൗൺസലർ ആണ് അവിടനല്ലൂർ സ്കൂളിൽ ജോലി ചെയ്യുന്ന സുനിഷ. ഇവരുൾപ്പെടെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴിക്കോട്ടെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന 17 സൈക്കോ സോഷ്യൽ കൗൺസിലർമാരാണ് വയനാട്ടിലെ ക്യാമ്പുകളിൽ സേവനമനുഷ്ഠിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നേരിൽ കണ്ടവരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈയെയും ചൂരൽമലയെയും ഉരുൾ വിഴുങ്ങിയപ്പോൾ നഷ്ടമായത് തങ്ങളുടെ പ്രിയപ്പെട്ടവരെയും സമ്പാദ്യവും സ്വപ്നങ്ങളും തന്നെയായിരുന്നു. ഉറ്റവർ കൺമുന്നിൽ ഇല്ലാതാവുന്നത് കണ്ടവരിൽ പലരും കടുത്ത മാനസിക സമ്മർദത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ഉറങ്ങാതെ വരാന്തയിൽ നടന്നും പൊട്ടിക്കരഞ്ഞുമുള്ള വൈകാരിക പ്രകടനങ്ങളുടെ കുത്തൊഴുക്കിന് മുന്നിലേക്കാണ് കൗൺസിലർമാർ എത്തിയത്. 

വൈകീട്ട് അഞ്ച് മണി മുതൽ രാവിലെ ഒമ്പത് മണി വരെയാണ് കോഴിക്കോട് നിന്നെത്തിയവരുടെ ഡ്യൂട്ടി. പകൽ സമയം വയനാട്ടിലെ കൗൺസിലർമാർ ക്യാമ്പുകളിലുണ്ടാവും. പുനരധിവാസം സാധ്യമാകുന്നതുവരെ വിവിധ ജില്ലകളിൽ നിന്നുള്ള കൗൺസിലർമാരുടെ സേവനം ദുരിതാശ്വാസ ക്യാമ്പുകളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. മലപ്പുറത്ത് നിന്നുള്ള സംഘം മടങ്ങിയപ്പോഴായിരുന്നു കോഴിക്കോട് നിന്നുള്ളവർ ഇവിടെയെത്തിയത്. കൺട്രോൾ റൂമിലാണ് സുനിഷ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിലുള്ളവരെ വ്യക്തിപരമായി കണ്ട് കൗൺസിലിങ് നൽകും. എല്ലാം നഷ്ടപ്പെട്ടില്ലേ, ഇനിയെന്തിന് ജീവിക്കണം എന്ന ചിന്തയാണ് ഇവരിൽ പലരെയും നയിച്ചിരുന്നതെന്ന് സുനിഷ പറയുന്നു. 

നെഞ്ചിടിപ്പ് കൂടുക, കണ്ണിൽ ഇരുട്ടു കയറുക തുടങ്ങിയ പല അവസ്ഥകളും പലർക്കുമുണ്ടായിരുന്നു. പ്രായം കൂടുതലുള്ളവരും കുട്ടികളും ശാരീരിക പ്രയാസമുള്ളവരുമെല്ലാം ക്യാമ്പുകളിലുണ്ടാവും. ഇവരിൽ ആശങ്കയും സമ്മർദവും ശക്തമായിരിക്കും. രാത്രി റൗണ്ട്സിന് പോകുമ്പോൾ ഉറക്കമില്ലാതെ ക്യാമ്പിലൂടെ നടക്കുന്ന നിരവധി പേരെ കാണാറുണ്ടായിരന്നു. എന്നാലിപ്പോൾ ആ പ്രശ്നത്തിന് കുറവുണ്ടായിട്ടുണ്ട്. ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞിരുന്നവർ പലരും സുഖമായി ഉറങ്ങുന്നുണ്ട്. അവർ ഒറ്റയ്ക്കല്ല, എല്ലാവരം ഒപ്പമുണ്ട് ചിന്ത ശക്തമാക്കുകയാണ് പ്രധാനമായും ചെയ്യന്നതെന്നും ഇവർ വ്യക്തമാക്കി.
രാത്രി ക്യാമ്പിലാർക്കെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ മെഡിക്കൽ സംഘവുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കലും ഇവരുടെ ഉത്തരവാദിത്തമാണ്. പകൽ സമയങ്ങളിൽ ദുരന്ത സ്ഥലത്ത് തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മാനസിക പിന്തുണ നൽകാനും ഇവർ ശ്രദ്ധിക്കാറുണ്ട്. 14 ക്യാമ്പുകളിലാണ് ഇവരുടെ സേവനം ആവശ്യമായി വരുന്നത്. 642 കുടുംബങ്ങളിലെ 1,855 ആളുകളാണ് ക്യാമ്പുകളിലുള്ളത്. 

Eng­lish Sum­ma­ry: Coun­sel­lors with psy­cho­log­i­cal sup­port: They return to life

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.