എംബുരാൻ സിനിമയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ആർഎസ്എസ്, ഹൈന്ദവ ഫാസിസ്റ്റുകൾ നേതൃത്വം നൽകുന്ന ഭരണകൂടം ഉയർത്തിയ ഭീഷണിക്കും ആക്രമണത്തിനും കേന്ദ്രകുറ്റാന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനുമെതിരെ കലാകാരൻമാരുടെയും എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്ന് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു. അനീതിയും അധർമ്മവും സിനിമയെന്ന കലാരൂപത്തിലൂടെ വിമർശന വിധേയമാക്കുന്നത് കലാകാരന്റെയും എഴുത്തുകാരന്റെയും ആവിഷ്കാര സ്വാതന്ത്ര്യമാണ്.
എമ്പുരാൻ സിനിമയിൽ സമീപകാല യാഥാർത്ഥ്യങ്ങളെയാണ് അനാവരണം ചെയ്തിരിക്കുന്നത്. മതവൈരത്തിന്റെ പേരിൽ ഒരു വലിയ ജനവിഭാഗത്തെ കൊടുംഭീകരമായ ആക്രമണങ്ങളിലൂടെ തുടച്ചുനീക്കാനാണ് അന്നത്തെ ഗുജറാത്ത് സർക്കാരും ഹിന്ദുത്വഫാസിസ്റ്റ് ശക്തികളും ശ്രമിച്ചത്. ഇത്തരം ഇരുണ്ട അദ്ധ്യായങ്ങൾ തുറന്നുകാട്ടുന്ന സിനിമകൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. സിനിമയടക്കമുള്ള കലാരൂപങ്ങളുടെ വിഷയങ്ങളിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങൾ വെട്ടിമാറ്റണമെന്ന സമ്മർദ്ദം സംഘ്പരിവാർ അടിച്ചേല്പിക്കുന്ന അജണ്ടയുടെ ഭാഗമാണ്. ഇതിനെതിരെ മുഴുവൻ ജനാധിപത്യ‑മതേതര വിശ്വാസികളെയും ചേർത്തുനിർത്തി ജനകീയ പ്രതിരോധം തീർക്കാൻ ഇപ്റ്റ നേതൃത്വം നല്കും.
മദ്ധ്യവേനൽ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഇപ്റ്റ യൂണിറ്റുകളിലും ആറ് മുതൽ പതിനേഴ് വയസ്സുവരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ലിറ്റിൽ ഇപ്റ്റ‑കളിക്കൂട്ടം 2025 സംഘടിപ്പിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇപ്റ്റ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി വി ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനഭാരവാഹികളായ ബൈജു ചന്ദ്രൻ, ജോസഫ് ആന്റണി, ആർ ജയകുമാർ, കെ ദേവകി, സി പി മനേക്ഷ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.