
ഇന്ത്യയിൽ സ്ലീപ്പർ ബസുകൾ പൂർണമായും നിരോധിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ മുൻ ചെയർമാൻ ശ്രീകാന്ത് എം വൈദ്യ ആവശ്യപ്പെട്ടു. ആന്ധ്ര പ്രദേശിലും രാജസ്ഥാനിലും ബസിന് തീപിടിച്ചുണ്ടായ ദുരന്തം ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് എം വൈദ്യയുടെ പ്രതികരണം. ബസുകളുടെ രൂപകൽപ്പനയിലെ പിഴവാണ് ദുരന്തം ക്ഷണിച്ചുവരുത്തുന്നതെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനിൽ കുറിച്ചു.
“ഇന്ത്യയിലെ സ്ലീപ്പർ ബസുകൾ നിരവധി കുടുംബങ്ങളുടെ ജീവിതം തകർത്തു. തുടർച്ചയായി തീപിടിത്തങ്ങൾ ഉണ്ടാകുന്നു. ഇതിന് കാരണം തികച്ചും നിരുത്തരവാദപരമായ രൂപകൽപ്പനയാണ്. ഈ വർഷം ഒക്ടോബറിൽ മാത്രം കുർണൂലിലും രാജസ്ഥാനിലും ബസിന് തീപിടിച്ച് 41 പേർ വെന്തുമരിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ, ഇന്ത്യയിൽ സ്ലീപ്പർ ബസുകളിൽ ഉണ്ടായ തീപിടിത്തത്തിൽ 130-ലധികം യാത്രക്കാരാണ് മരിച്ചത്. മിക്കപ്പോഴും യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോകുകയോ നിർണായകമായ ആദ്യ 20–30 സെക്കൻഡിനുള്ളിൽ രക്ഷപ്പെടാൻ കഴിയാതെ വരികയോ ആണ് ചെയ്യുന്നത്. ഇത് ദൗർഭാഗ്യമല്ല, ഡിസൈനിലെ പിഴവാണ്. ഇടുങ്ങിയ ഇടനാഴിയും എവിടെയെന്ന് പോലും മനസ്സിലാകാത്ത എക്സിറ്റും എല്ലാം ചേർന്നതാണ് സ്ലീപ്പർ ബസിന്‍റെ ഡിസൈൻ. അഗ്നിശമന ഉപകരണങ്ങൾ പലപ്പോഴും കൈയെത്താത്ത ദൂരത്തായിരിക്കും. ഉൾക്കൊള്ളാൻ കഴിയുന്നതിലും യാത്രക്കാരെയും കയറ്റിയാണ് പലപ്പോഴും യാത്ര.
ആഗോള തലത്തിൽ ചില രാജ്യങ്ങൾ സ്ലീപ്പർ ബസുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചൈനയിൽ 2012 ൽ സ്ലീപ്പർ ബസുകൾ പൂർണമായും നിരോധിച്ചു. വിയറ്റ്നാമിൽ സുരക്ഷാ നിയമങ്ങളും എക്സിറ്റ് സംവിധാനങ്ങളും പരിഷ്കരിച്ചു. ജർമ്മനിയിലാകട്ടെ നിയന്ത്രിത ഡിസൈൻ മാത്രമേ അനുവദിക്കുന്നുള്ളൂ. എന്നാൽ ഇന്ത്യ പ്രതിരോധ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. 16 ലക്ഷം സ്ലീപ്പർ ബസുകളുണ്ട് രാജ്യത്ത്. അതിനാൽ തന്നെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പരിശോധന നടക്കുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.