26 December 2025, Friday

സ്ത്രീകള്‍ എഴുതിയില്ലെങ്കില്‍ രാജ്യം വികസിക്കില്ല: കാഞ്ച ഐലയ്യ

Janayugom Webdesk
തിരുവനന്തപുരം
March 15, 2025 10:18 pm

സ്ത്രീ എഴുത്തുകാര്‍ ഉയര്‍ന്നുവന്നില്ലെങ്കില്‍ രാജ്യം ശാസ്ത്രീയമായി വികസിക്കില്ലെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും സൈദ്ധാന്തികനുമായ പ്രൊഫ. കാഞ്ച ഐലയ്യ. സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ ഇന്ത്യയില്‍ കലയും സംസ്കാരവും ഉണ്ടായത് വേദകാലഘട്ടത്തിലല്ലെന്നും ഹാരപ്പാ സംസ്കാരവും അന്നത്തെ സ്ത്രീകളുമാണ് അവയ്ക്കൊക്കെ തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൃത്തം എന്ന കല ആദ്യമായി ചെയ്തത് ഹാരപ്പാ സംസ്കാരകാലത്തെ സ്ത്രീയാണ്. മനുഷ്യന്റെ ആദ്യ വളര്‍ത്തുമൃഗം ആടും എരുമകളുമായിരുന്നു. പശു എത്തുന്നത് ആര്യന്‍മാരുടെ വരവോടെ മാത്രമാണ്. ദ്രവീഡിയന്റെ കറുപ്പുള്ള എരുമയെയും കാളയെയും മാറ്റി വെളുത്ത പശുവിനെ ദൈവമാക്കി പ്രതിഷ്ഠിക്കുകയായിരുന്നു. ലോകത്തെ ആദ്യ ലബോറട്ടറി അടുക്കളയും ശാസ്ത്രജ്ഞര്‍ രുചികള്‍ കണ്ടെത്തിയ സ്ത്രീകളുമായിരുന്നു. പുസ്തകങ്ങളിലല്ല യാഥാര്‍ത്ഥ തത്വശാസ്ത്രമുള്ളത്, കൃഷിക്കാരും മീന്‍പിടിത്തക്കാരുമൊക്കെയാണ് തത്വചിന്തകര്‍. 

ഇന്ന് ട്രംപ്-മസ്ക് കൂട്ടുകെട്ടിൽ വ്യാവസായിക ദേശീയത രാജ്യത്ത് വളർന്നുവരികയാണ്. ഇന്ത്യയില്‍ വ്യവസായ ഭീമന്മാർ നേരിട്ട് അധികാരത്തിൽ വരുന്ന കാലം ‘വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് — ഇലോണ്‍ മസ്ക് കൂട്ടുകെട്ടുപോലെയാണ് മോഡിസര്‍ക്കാര്‍ — അഡാനി കൂട്ടുകെട്ട്. മതവും ദേശീയതയും ചേര്‍ന്ന് ലോക കമ്പോളം ഭരിക്കുന്ന തരത്തിലേക്ക് മാറിയ കാലത്ത് പുതിയ എഴുത്തുകാര്‍ ജാഗ്രത കാട്ടണം. ബിജെപി അധ്വാനത്തിന്റെ മഹത്വം മനസിലാക്കുന്നില്ല. ലിംഗഭേദമില്ലാതെയുള്ള തൊഴില്‍പങ്കാളിത്തവും അധ്വാനത്തിന്റെ മഹത്വവും പാoപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. സ്ത്രീകളെ തുല്യരായി കാണണമെന്നും ഇന്ത്യയുടെ പുരോഗതിക്ക് ഇത് ആവശ്യമാണെന്നും കാഞ്ച ഐലയ്യ പറഞ്ഞു. കേരളത്തിലെ ലഹരി വ്യാപനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗത്തില്‍ സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ഇപ്പോഴത്തെ അടിയന്തര കര്‍ത്തവ്യം. കാമ്പസുകളിലെ ലഹരി വ്യാപനം ഞെട്ടിക്കുന്നതാണ്. വലിയ ശക്തി ഇതിനു പിന്നിലുണ്ട്. ലാഭത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് അവര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആരെങ്കിലും ലഹരി മാഫിയയുടെ ഭാഗമായാല്‍ അവരെ പുറത്താക്കിയിരിക്കുമെന്നും മറ്റു പാര്‍ട്ടികളും ഇത്തരക്കാരെ അകറ്റിനിര്‍ത്താനുള്ള തീരുമാനം എടുത്താല്‍ ലഹരിയെ ചെറുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനവീയം വീഥിയില്‍ നടന്ന പരിപാടിയില്‍ യുവകലാസാഹിതി പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ജോര്‍ജ് ഓണക്കൂര്‍, മാങ്കോട് രാധാകൃഷ്ണന്‍, ശാരദാ മോഹന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ടി വി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.