22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 24, 2024
July 28, 2024
June 30, 2024
March 28, 2024
March 8, 2024
February 28, 2024
December 30, 2023
August 6, 2023
August 6, 2023
July 19, 2023

നീതിപീഠങ്ങള്‍ അനാചാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
June 30, 2024 4:45 am

ന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഡോക്ടർമാരും എന്‍ജിനീയർമാരും ശാസ്ത്ര സാങ്കേതിക വിദഗ്ധരുൾപ്പെടെ ശാസ്ത്രലോകവും ഇതിൽ നിന്നും പൂർണമായും മുക്തമല്ലായെന്ന് പറയേണ്ടിവരുന്ന ഒരുപാട് അനുഭവ സാക്ഷ്യങ്ങൾ നമ്മുടെ മുമ്പിലുണ്ട്. എന്നാൽ ഭരണഘടനയും ലിഖിതങ്ങളായ നിയമഗ്രന്ഥങ്ങളും അനുബന്ധമായ വരമൊഴിയും വാമൊഴിയും അടിസ്ഥാനമാക്കി വിധി പറയേണ്ടുന്ന നീതിന്യായവ്യവസ്ഥയും അതിനെ നയിക്കുന്ന ന്യായാധിപന്മാരും അനാചാരങ്ങളെ ആചാരങ്ങളായി വ്യാഖ്യാനിച്ചാലോ, അത് കൂടുതൽ അപകടകരവും പ്രാകൃതവുമായിപ്പോകും.
ഇങ്ങനെ തോന്നിയത് ഈ മേയ് 17ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഒരു വിധി വായിച്ചപ്പോഴാണ്. ബ്രാഹ്മണർ ഭക്ഷണം കഴിച്ച എച്ചിലിലയിൽ കിടന്നുരുണ്ടാൽ തൊലിപ്പുറത്തുള്ള അസുഖങ്ങൾ ഭേദപ്പെടുമെന്നൊരു അന്ധവിശ്വാസവും തുടർന്നുള്ള അനാചാരവും ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നിലനിന്നിരുന്നു. കാലത്തിന്റെ പ്രയാണത്താൽ അത് പല സ്ഥലത്തുനിന്നും അപ്രത്യക്ഷമായി. എങ്കിലും ഇപ്പോഴും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഈ വിശ്വാസവും അനാചാരവും നിലനിൽക്കുന്നു. 2010ൽ കർണാടക സർക്കാർ അത് നിരോധിച്ചു. കർണാടകത്തിലെ ഒരു കേസിന്മേൽ വിധി പറഞ്ഞ സുപ്രീം കോടതി 2014ൽ ഇത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതുമാണ്. എന്നിട്ടും സാമൂഹികമായ ഈ തിന്മ പൂർണമായും തുടച്ചുനീക്കാൻ കഴിയുന്നില്ല. ഇപ്പോൾ ബ്രാഹ്മണർ ഊണ് കഴിച്ച ഇലയ്ക്കു പകരം ഭക്തർ ഊണ് കഴിച്ച ഇലയിൽ ഉരുളുകയെന്ന നിലയിൽ ചെറിയ രൂപമാറ്റം ഇലയ്ക്ക് വന്നിട്ടുണ്ട് എന്നു മാത്രം.
തമിഴ്‌നാട്ടില്‍ കാരൂർ ജില്ലയിലെ നേരൂരിൽ സ്വാമി സദാശിവ ബ്രഹ്മേന്ദ്രയുടെ സമാധിദിനത്തിൽ അന്നദാനം നടത്താനും, അംഗപ്രദക്ഷിണം നടത്താനും തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പി നവീൻകുമാറിന്റെ റിട്ട് ഹര്‍ജിയിന്മേല്‍ ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ പുറപ്പെടുവിച്ച വിധിയാണ് സാമൂഹിക ജീർണത വിളിച്ചറിയിക്കുന്നത്. 

ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് 2015ൽ ഒരു പൊതുതാല്പര്യ ഹർജി പരിഗണിക്കുമ്പോൾ എച്ചിലിലയിൽ ഉരുളുന്ന ഭക്തന്റെ അനാചാരത്തെ വിലക്കിയിരുന്നു. ഊണുകഴിഞ്ഞ് ഉപേക്ഷിച്ച വാഴയിലയിൽ ഉരുളാൻ ആരെയും അനുവദിക്കരുത് എന്ന് കർണാടകയിലെ കുക്കി സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ 2014ൽ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. ഇതുകൂടി ഉദ്ധരിച്ചുകൊണ്ടാണ് 2015ൽ മദ്രാസ് ഹൈക്കോടതി ഡിവിഷണൽ ബെഞ്ച് ഏത് ജാതിയിൽപ്പെട്ട ഭക്തനായാലും എച്ചിലിലയിൽ ഉരുളുന്നത് അനുവദിക്കാൻ പാടില്ലായെന്ന് സ്റ്റേ ഉത്തരവിൽ വ്യക്തമാക്കിയത്. ഇത്തരം ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ”മനുഷ്യന്റെ അന്തസിന്” യോജിക്കാത്തതാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14ലും 21ലും ഉറപ്പുനൽകുന്ന ”തുല്യത”യെന്ന മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ഡിവിഷൻ ബെഞ്ച് സ്റ്റേ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ജസ്റ്റിസ് സ്വാമിനാഥന്റെ വിവാദ ഉത്തരവിൽ സുപ്രീം കോടതി ഉത്തരവിനെപ്പോലും ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ബ്രാഹ്മണന്‍ ഭക്ഷണം കഴിച്ച ഇലയിൽ ഉരുളുന്നതിനെതിരെ മാത്രമെ സുപ്രീം കോടതി ഉത്തരവ് ബാധകമാകുന്നുള്ളു എന്നും കാരൂർ ജില്ലയിലെ നേരൂർ കേസിൽ ഏതു ജാതിയിൽ ഉൾപ്പെട്ട ഭക്തരുടെയും ഭക്ഷണാവശിഷ്ടമുള്ള എച്ചിലിലയിൽ ഉരുളണമെന്ന ഭക്തന്റെ ആവശ്യം ഒരാചാരത്തിന്റെ ഭാഗമാണെന്നും അത് അയാളുടെ മൗലികാവകാശമാണെന്നുമാണ് വിധിയിൽ പറയുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25(1)ൽ പറയുന്ന ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നാണ് ജസ്റ്റീസ് സ്വാമിനാഥന്റെ കണ്ടെത്തൽ. എച്ചിലിലയിൽ ഉരുളാനുള്ള ഒരു ഭക്തന്റെ ആവശ്യത്തെ അയാളുടെ സ്വകാര്യത അവകാശം (റൈറ്റ് ടു പ്രൈവസി) എന്ന മൗലികാവകാശത്തിൽ വരുമെന്നും വിധിച്ചു. സ്വകാര്യതാ അവകാശത്തിൽ ലിംഗഭേദത്തിന്റെയും ലൈംഗികതയുടെയും ചായ്‌വ് (ഓറിയന്റേഷൻ) ഉൾപ്പെടുമെങ്കിൽ ആത്മീയ ചായ്‌വും ഇതിൽ ഉൾപ്പെടുമെന്ന വിചിത്ര ന്യായമാണ് ജഡ്ജി നിരത്തിയിരിക്കുന്നത്. ഇത്തരം ആത്മീയ നേട്ടങ്ങളെ ന്യായീകരിക്കാൻ അദ്ദേഹം ‘മഹാഭാരത’മെന്ന ഇതിഹാസ ഗ്രന്ഥത്തെയും ആശ്രയിച്ചിരിക്കുന്നു. അനാചാരങ്ങളെ ന്യായീകരിക്കാൻ ഉന്നതനായ ഒരു ന്യായാധിപൻ മഹാഭാരതമെന്ന ഭാരതീയ ഇതിഹാസത്തിലെ കഥകളെയും ഉപകഥകളെയും ശ്ലോകങ്ങളെയും ആശ്രയിക്കുകയെന്നതുതന്നെ ഇന്ത്യൻ നീതിപീഠങ്ങൾക്ക് യോജിച്ചതല്ല. 

സാമൂഹികവും, സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരു സാമൂഹ്യക്രമത്തെ സംരക്ഷിക്കുകയും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് രാഷ്ട്രം ശ്രമിക്കണമെന്നും പറയുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. ശാസ്ത്ര അവബോധം വളർത്തുന്നതും മനുഷ്യത്വപരവും അന്വേഷണാത്മകതയും വികസിപ്പിക്കാൻ ഓരോ പൗരനും ചുമതലയുണ്ടെന്നുകൂടി പറയുന്ന ഒരു ഭരണഘടനയുള്ള നാട്ടിലാണ് ഉന്നതമായ നീതിപീഠത്തിലെ ന്യായാധിപൻ തികച്ചും പിന്തിരിപ്പനായ ഒരനാചാരത്തെ റൈറ്റ് ടു പ്രൈവസിയുടെ പേരിൽ വെള്ളപൂശാൻ ശ്രമിക്കുന്നത്. വിചിത്രവും വൈകല്യവുമായ ഇത്തരം വിധിന്യായങ്ങൾ നീതിപീഠങ്ങൾക്ക് കളങ്കം ചാർത്തുന്നതായി വ്യാഖ്യാനിക്കപ്പെടും. ആത്യന്തികമായി ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ”അന്തസോടെ ജീവിക്കാനും”, ”സാമൂഹിക തുല്യത”യ്ക്കുമുള്ള ജനങ്ങളുടെ അവകാശത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.