കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാര അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സുപ്രീം കോടതി അനുമതി നല്‍കി. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെ അഞ്ച് ശതമാനം അപേക്ഷകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുക.ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം സംസ്ഥാനങ്ങളില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളേക്കാള്‍ കൂടുതല്‍ അപേക്ഷകളാണ് നഷ്ടപരിഹാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ആവശ്യം മാനിച്ച് സുപ്രീം കോടതിയുടെ ഇടപെടല്‍. വ്യാജ അപേക്ഷകളിലൂടെ നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. അതേസമയം മുമ്പ് കേസ് പരിഗണിക്കുന്ന സമയത്ത് കേരളത്തില്‍ അപേക്ഷകള്‍ വളരെ കുറവാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ഇതുവരെ 7,38,610 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്നും ഇവയെല്ലാം പരിശോധിക്കുക അപ്രായോഗികമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതോടെയാണ് നാലു സംസ്ഥാനങ്ങളിലെ കോവിഡ് നഷ്ടപരിഹാര അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അര്‍ഹതയില്ലാത്ത ആനുകൂല്യം കൈപ്പറ്റിയാല്‍ ദുരന്തനിവാരണ വകുപ്പ് 52 പ്രകാരം രണ്ടു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ശിക്ഷയോ ലഭിക്കുമെന്ന് നിയമം വിവക്ഷിക്കുന്നു. ദുരന്തനിവാരണ അതോറിറ്റി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുഖേനയാണ് അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടത്. ഇതിനു വേണ്ട എല്ലാ സഹായങ്ങളും സംസ്ഥാനങ്ങള്‍ ലഭ്യമാക്കണം. സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിക്കണം. ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട് ബഞ്ചാണ് കേസ് പരിഗണിച്ചത്.
കോവിഡ് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധിയും സുപ്രീം കോടതി നിശ്ചയിച്ചു. 2022 മാര്‍ച്ച് 20ന് മുമ്പ് കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ഉത്തരവിറങ്ങിയ ഇന്നലെ മുതല്‍ അറുപതു ദിവസം വരെയും ഇനി സംഭവിച്ചേക്കാവുന്ന മരണങ്ങള്‍ക്ക് മരണം നടന്ന് 90 ദിവസവുമാണ് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള പരമാവധി സമയ പരിധി. ഇത്തരത്തില്‍ സമയ പരിധി കോടതി നിശ്ചയിക്കുന്നില്ലെങ്കില്‍ കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച് പ്രവര്‍ത്തികള്‍ അനന്തകാലത്തേക്ക് നീളുമെന്നും അതിനാല്‍ കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
English Summary:covid compensation; Permission for scrutiny
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.