
കോവിഡ് 19 രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം കുറച്ചു. എസ്ആര്‍എസ് അബ്രിഡ്ജഡ് ലൈഫ് ടേബിള്‍സാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടത്. ഏതാനും പതിറ്റാണ്ടുകളായി ഓരോ വര്‍ഷവും ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യത്തില്‍ നേരിയ വര്‍ധനവാണുണ്ടായിരുന്നത്. 2016–20 കാലഘട്ടത്തില്‍ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം 70 ആയിരുന്നു. എന്നാല്‍ 2017–2021 ആയപ്പോള്‍ ഇത് 69.8 വയസായി കുറഞ്ഞു. 1970 മുതല്‍ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം നേരിയ തോതില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2013–17 വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം 69 വയസായിരുന്നു. 2014–18(69.4), 2015–19 (69.7), 2016–20 (70 വയസ്) എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍. ഇത് 2017–21 ആയപ്പോള്‍ ആയുര്‍ദൈര്‍ഘ്യം 69.8 വര്‍ഷമായി കുറഞ്ഞു. 2016–20 നേക്കാള്‍ 0.2 വര്‍ഷത്തെ വ്യത്യാസമുണ്ടായി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2019ല്‍ 70.7 ആയിരുന്നു രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം. 2020ല്‍ ഇത് 70.2 ആയും 2021ല്‍ 67.3 ആയും കുറഞ്ഞു. ഇത് കോവിഡ് മഹാമാരിമൂലം മരണസംഖ്യയിലുണ്ടായ വര്‍ധനവാണ് സൂചിപ്പിക്കുന്നത്. 2010ല്‍ 67.5 ആയിരുന്നു രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം.
2021ല്‍ രാജ്യത്തുണ്ടായ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം കുറഞ്ഞതായി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സര്‍വീസ് അടുത്തിടെ പുറത്തിറക്കിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷത്തോളം കുത്തനെയിടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ ഏഴ് മടങ്ങ് കൂടുതലാണെന്ന 2021ലെ സാമ്പിസ് രജിസ്ട്രേഷന്‍ സിസ്റ്റത്തിലെയും സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തിലെയും രേഖകള്‍ അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആയുര്‍ദൈര്‍ഘ്യം ഇടിഞ്ഞത് രാജ്യത്തെ ക്ഷയരോഗ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍, കുട്ടികളെ വാക്സിന്‍ കുത്തിവയ്പ് യജ്ഞം, മലേറിയ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2021ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കോവിഡ് ബാധിച്ചാണ്. 1,00,000 പേരില്‍ 221 മരണം വീതമാണ് അന്നുണ്ടായത്. ഹൃദയ സംബന്ധമായ രോഗങ്ങളാണ് രണ്ടാമത്തെ കാരണം. ഒരു ലക്ഷം പേരില്‍ 110.8 പേരാണ് അതേ വര്‍ഷം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, പക്ഷാഘാതം, ക്ഷയം, പ്രമേഹം, കരള്‍ രോഗം തുടങ്ങിയവയൊക്കെ പ്രധാന മരണകാരണങ്ങളായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രധാന സേവനങ്ങളെല്ലാം തടസപ്പെട്ടിരുന്നു. അതിനാല്‍ തന്നെ കോവിഡ് അല്ലാതെ മരണത്തിലേക്ക് നയിച്ച പല കാരണങ്ങളും രേഖപ്പെടുത്താതെ പോയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.