കോവിഡ് 19 ഉള്‍പ്പെടെ ശ്വാസകോശ സംബന്ധരോഗങ്ങളും വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു. വിമാനത്താവളങ്ങളില്‍ താപനില അളക്കുകയും മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ദക്ഷിണകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍. പനി, ജലദോഷം, കോവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശസംബന്ധ രോഗങ്ങളുടെ വ്യാപനം ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് വീണ്ടും നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്.
രാജ്യം വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ലോറന്‍സ് വോങ് പറഞ്ഞിരുന്നു. ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ച് രാജ്യം ആലോചിക്കുന്നില്ലെന്നും വ്യാജവാര്‍ത്തകളെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിംഗപ്പൂരിലെ പ്രതിവാര കോവിഡ് കേസുകള്‍ 32,035 ആയി ഉയര്‍ന്നിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ മാസം രണ്ടിന് അവസാനിച്ച ആഴ്ചയില്‍ ഇത് 22,000 ആയിരുന്നു.
ജനങ്ങളിലെ രോഗപ്രതിരോധശേഷി, യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന, കൂട്ടായ്മകളുടെ എണ്ണം വര്‍ധിച്ചത് തുടങ്ങി നിരവധി കാരണങ്ങളാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും ആരോഗ്യമന്ത്രാലയം പറയുന്നുണ്ട്. ബിഎ.2.86 ന്റെ ഉപവകഭേദമായ ജെഎന്‍1 ആണ് സിംഗപ്പൂരിലെ കോവിഡ് കേസുകളില്‍ അറുപത് ശതമാനവും.
ബിഎ.2.86, ജെഎന്‍.1 കോവിഡ് വകഭേദങ്ങള്‍ക്ക് വ്യാപനശേഷി കുറവാണെന്ന് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവന്‍ഷന്‍ അറിയിച്ചതായും സിംഗപ്പൂര്‍ വ്യക്തമാക്കുന്നു. അതേസമയം ഇന്തോനേഷ്യയിലെ ചെക്ക്പോയിന്റുകള്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജക്കാര്‍ത്തയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ബതാം ഫെറി തെര്‍മിനലിലും സ്കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കോവിഡ് കേസുകള്‍ വ്യാപകമായിരിക്കുന്ന പ്രദേശങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക, രണ്ട് ഡോക് വാക്സിനെടുക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുക, രോഗബാധിതരാകുന്നവര്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. മലേഷ്യയിലും ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 6796 കോവിഡ് കേസുകളാണ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം രണ്ടിന് അവസാനിക്കുന്ന ആഴ്ചയില്‍ ഇത് 3626 ആയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യസംവിധാനങ്ങള്‍ ജാഗ്രതയിലാണെന്നും മലേഷ്യ അറിയിച്ചു.
English Summary; Covid restrictions return; Asian countries are on alert again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.