ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും കോവിഡ്-19 വാക്സിനുകളുടെ മുൻകരുതൽ ഡോസ് നല്കുമെന്ന് പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും വ്യക്തതയില്ലാതെ കേന്ദ്ര സർക്കാർ. എല്ലാവർക്കും നിർബന്ധമായും മൂന്നാം ഡോസ് ലഭ്യമാക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നും സർക്കാർ തന്നെ ഇക്കാര്യത്തിൽ മാതൃകയല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
രണ്ടാം ഡോസ് വാക്സിൻ എടുത്ത് ഒമ്പത് മാസം തികയുന്ന എല്ലാ മുതിർന്നവർക്കും മുൻകരുതൽ ഡോസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാരിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞതായി ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ സഹമന്ത്രിമാരും മൂന്നാം ഡോസ് എടുത്തിട്ടില്ല എന്നത് ദുരൂഹമായി തുടരുകയും ചെയ്യുന്നു.
ബൂസ്റ്റർ ഡോസ് ഇന്ത്യയിൽ നൽകാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. പദ്ധതി ആരംഭിച്ച ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ 1,73,29,125 പേർക്ക് മുൻകരുതൽ ഡോസ് നല്കി. ഇതിൽ 80 ലക്ഷത്തിലധികം മുതിർന്ന പൗരന്മാരും ഉൾപ്പെടുന്നു. ഇതിനിടെ ഡോസ് എടുക്കാനുള്ള ഒന്നിലധികം അഭ്യർത്ഥനകൾ പ്രധാനമന്ത്രിയിൽ നിന്നും സർക്കാരിന്റെ വിവിധ തലങ്ങളിൽ നിന്നും ഉണ്ടാവുകയും ചെയ്തു. എന്നിട്ടും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ 60 കഴിഞ്ഞ സഹപ്രവർത്തകരും മുൻകരുതൽ ഡോസുകൾ എടുത്ത രേഖകൾ പരസ്യപ്പെടുത്തിയിട്ടില്ല.
2021 മാർച്ച് ഒന്നിന് കോവാക്സിന്റെ ആദ്യ ഡോസും ഏപ്രിൽ എട്ടിന് രണ്ടാമത്തെ ഡോസും എടുത്തത് ആഘോഷപൂർവമാണ്. മുൻകരുതൽ ഡോസിന് നിർബന്ധമാക്കിയ ഒമ്പത് മാസത്തെ ഇടവേള ജനുവരി എട്ടിന് അദ്ദേഹം പൂർത്തിയാക്കി. എന്നാൽ നാളിതുവരെ, മോഡി മുൻകരുതൽ ഡോസ് എടുത്തതായി റിപ്പോർട്ടുകളില്ല.
60 വയസിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും രണ്ടാം ഡോസിന് അർഹതയുണ്ട്. ഒമ്പത് മാസം പൂർത്തിയാക്കിയ മുതിർന്ന പൗരന്മാർക്ക് കുറിപ്പടിയില്ലാതെ ബൂസ്റ്റർ നല്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതുമാണ്. ഇക്കഴിഞ്ഞ 10 ന് നടന്ന കോവിഡ് ബ്രീഫിങ്ങിൽ മുതിർന്നവർക്കുള്ള മുൻകരുതൽ ഡോസ് വളരെ പ്രധാനവും ശാസ്ത്രീയവുമാണെന്ന് നിതി ആയോഗ് അംഗം ഡോ. പോൾ വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രധാനമന്ത്രി ഇതുവരെ മുൻകരുതൽ ഡോസ് എടുത്തിട്ടില്ല എന്ന് ഒരു കേന്ദ്ര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ‘ദി പ്രിന്റ്’ വെളിപ്പെടുത്തി. താൻ ആരോഗ്യവാനാണെന്നും അത് എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. മറ്റുള്ളവർ ബൂസ്റ്റർ ഷോട്ട് എടുത്തിട്ടുണ്ടോ എന്ന് പറയാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
english summary; covid vaccine reserve dose; Central Government without clarity
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.