22 December 2024, Sunday
KSFE Galaxy Chits Banner 2

കോവിന്‍ വിവരച്ചോര്‍ച്ച സത്യം മറയ്ക്കാന്‍ ശ്രമം

Janayugom Webdesk
June 14, 2023 5:00 am

കോടാനുകോടി ഇന്ത്യൻ പൗരന്മാരുടെ വ്യക്തിഗതവിവരങ്ങൾ ശേഖരിച്ചിട്ടുള്ള കോവിൻ പോർട്ടലിലെ ചോർച്ച സ്വകാര്യതയിൽ കടന്നുകയറ്റത്തിനും സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾക്കും പരസ്യക്കമ്പനികളുടെ ചൂഷണത്തിനും കാരണമാകുമെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് പ്രതിരോധ കുത്തിവയ്പിന് വ്യക്തികളുടെ മൊബൈൽഫോൺ നമ്പറുകൾ, ആധാർകാർഡടക്കം തിരിച്ചറിയൽ രേഖകൾ എന്നിവ കോവിൻ പോർട്ടലിൽ ശേഖരിക്കാൻ കേന്ദ്രസർക്കാർ പൗരന്മാരെ നിർബന്ധിതരാക്കിയത്. അന്നുതന്നെ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി വിദഗ്ധരും സാധാരണ പൗരന്മാരും സംശയം ഉന്നയിച്ചിരുന്നു. മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്തവിധം എൻക്രിപ്റ്റഡ് സംവിധാനത്തിലല്ല കോടിക്കണക്കിന് പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നത് എന്നത് ഭാവിയിൽ വിവരച്ചോർച്ചയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പുകളും വിദഗ്ധരും പൗരാവകാശ സംരക്ഷണ സംഘടനകളും അന്നുതന്നെ നൽകിയിരുന്നു. 2021ലും 2022ലും കോവിൻ പോർട്ടലിൽനിന്നും വിവരച്ചോർച്ച ഉണ്ടായതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

അപ്പോഴൊക്കെ കേന്ദ്രസർക്കാരും ഉദ്യോഗസ്ഥവൃന്ദങ്ങളും അവ നിഷേധിക്കുകയായിരുന്നു. ആ നിഷേധങ്ങൾക്ക് വിരുദ്ധമായി ഇപ്പോൾ പുറത്തുവന്ന വിവരച്ചോർച്ച പഴയതാണെന്ന കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വാദം വിചിത്രവും നിരുത്തരവാദപരവുമല്ലാതെ മറ്റെന്താണ്? പൗരന്മാരുടെ സ്വകാര്യതയും സ്വൈരജീവിതവും അപകടത്തിലാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാനും ചോർച്ചയ്ക്ക് പരിഹാരം കാണാനും പുറത്തായ വിവരങ്ങൾ നിക്ഷിപ്ത താല്പര്യക്കാർ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്താനും കേന്ദ്രസർക്കാർ സത്വര നടപടികൾ സ്വീകരിക്കണം. ചോർന്ന വിവരങ്ങൾ ലഭ്യമായിരുന്ന ടെലിഗ്രാം അക്കൗണ്ട് ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. അക്കൗണ്ട് ഉടമ അത് സ്വയമേവയോ അതോ ബാഹ്യ ഇടപെടലിനെ തുടർന്നാണോ നീക്കംചെയ്തിട്ടുള്ളത്? അതുസംബന്ധിച്ച എന്ത് വിവരമാണ് സർക്കാരിന് നൽകാനുള്ളത്? ഇത് അറിയാനുള്ള അവകാശം ഇരകളാക്കപ്പെട്ട പൗരന്മാർക്കുണ്ട്. വിവരം ചോർത്തിയവരും അത് ചോർത്തിനൽകിയവരും പൗരന്മാർക്കെതിരെ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത്. ആ കുറ്റവാളികൾ ആരായാലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ്. അതിനുപകരം ചോർച്ച നിഷേധിക്കാനും ചോർച്ചനടന്നിട്ടില്ലെന്ന് തെളിയിക്കാനുമുള്ള പാഴ്‌വേലയിലാണ് കേന്ദ്രസർക്കാരും വീഴ്ചയുടെ ധാർമ്മിക ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കേണ്ട മലയാളിയായ ഐടി മന്ത്രിയും ഏർപ്പെട്ടിട്ടുള്ളത്.


ഇതുകൂടി വായിക്കൂ: കരുതിയിരിക്കണം, പുതിയ രോഗ മുന്നറിയിപ്പിനെ


ജനകീയ പ്രശ്നങ്ങളോട് പ്രതികരിക്കാൻ സാമാന്യ ജനങ്ങളും പ്രതിപക്ഷനേതാക്കളും ഉപയോഗപ്പെടുത്തുന്ന ട്വിറ്ററടക്കം സമൂഹമാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും അവയുടെ ചിറകരിയാനും മടിക്കാത്തവർ സൈബർ കുറ്റവാളികളുടെ കാര്യത്തിൽ കാണിക്കുന്ന നിസ്സംഗത അപലപനീയവും അപകടകരവുമാണ്. ഇന്ത്യയെപ്പറ്റി വിവിധ അന്താരാഷ്ട്ര ഏജൻസികൾ പുറത്തുവിടുന്ന പഠനങ്ങളും റിപ്പോർട്ടുകളും അവാസ്തവമെന്നും രാജ്യത്തിന്റെ പ്രതിച്ഛായ വികൃതമാക്കി കാട്ടാനുള്ള ശ്രമമെന്നും അപലപിക്കുന്ന സർക്കാർതന്നെ വിവരച്ചോർച്ച നടന്നിട്ടില്ലെന്ന് സ്ഥാപിക്കാൻ വിദേശ കമ്പനിയെ കൂട്ടുപിടിക്കുന്ന നാണംകെട്ട കാഴ്ചയ്ക്കും നാം സാക്ഷ്യം വഹിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഫലം പുറത്തുവരുംമുമ്പുതന്നെ സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ സാക്ഷ്യപത്രം ഉയർത്തിയാണ് സർക്കാർ ചോർച്ച നടന്നിട്ടില്ലെന്ന് സ്ഥാപിക്കാൻ മുതിരുന്നത്. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ഈ യുഗത്തിൽ ഡാറ്റ അഥവാ വിവരശേഖരമാണ് ഏറ്റവും വിലപ്പെട്ട സമ്പത്ത്. ഫോൺനമ്പർ, മേൽവിലാസം, വ്യക്തിയുടെ ഇടം, സാമൂഹ്യപദവി, സാമ്പത്തികനിലവാരം എന്നിവയെല്ലാം ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതുമുതൽ ആശയപ്രചാരണംവരെ എന്തിനും ഏതിനും കൂടിയേതീരൂ എന്നുവന്നിരിക്കുന്നു.

രാഷ്ട്രീയ പ്രവർത്തനത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വിജയത്തിനും അവ അനിവാര്യമായി മാറിയിരിക്കുന്നു. അത് കൃത്യമായി തിരിച്ചറിയുകയും ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്തുപോരുന്ന രാഷ്ട്രീയപാർട്ടിയാണ് രാജ്യംഭരിക്കുന്ന ബിജെപി. ആ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ ചോർന്നിരിക്കുന്നതെന്നത് ന്യായമായ പല സംശയങ്ങളും ഉയർത്തുന്നുണ്ട്. ഇപ്പോൾ സർക്കാർ നടത്തുന്ന ന്യായീകരണങ്ങളും അന്വേഷണ കോലാഹലങ്ങളും സത്യം ജനങ്ങളിൽനിന്നും രാഷ്ട്രീയ പ്രതിയോഗികളിൽനിന്നും മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ? അത്തരം അന്വേഷണങ്ങളിൽ വിശ്വാസമർപ്പിക്കുന്നത് മൗഢ്യമല്ലേ? അങ്ങിനെയെങ്കിൽ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽത്തന്നെ കോവിൻ പോർട്ടലിൽനിന്നുള്ള വിവരച്ചോർച്ച അന്വേഷിക്കലായിരിക്കും ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാവുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.