19 December 2025, Friday

കോവിന്‍ പോര്‍ട്ടലിലെ വിവരചോര്‍ച്ച; കേന്ദ്ര നടപടികള്‍ ദുരൂഹം

Janayugom Webdesk
ന്യൂഡല്‍ഹി
June 13, 2023 11:14 pm

കോവിഡ് പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വൈരുധ്യവും ദുരൂഹതയും. കോവിഡ് വാക്സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് വിവരം, പാന്‍ കാര്‍ഡ് നമ്പര്‍, വീട്ടുവിവരങ്ങള്‍ അടക്കമുളളവ പുറത്തുവന്നിരുന്നു. മുന്‍ മന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രശസ്തര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലൊന്നും സംഭവിക്കാത്ത തരത്തിലുള്ള വിവരചോര്‍ച്ച ഉണ്ടായതായി ഇത് വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് അതീവ ഗുരുതരമായ ചോദ്യങ്ങളാണ് സംഭവം ഉയര്‍ത്തുന്നതെന്ന് ഐടി വിദഗ്ധര്‍ പറയുന്നു. ചോര്‍ച്ച നടന്നില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇപ്പോഴുണ്ടായതല്ലെന്നും നേരത്തെ സംഭവിച്ചതാണെന്നും ഇന്നലെ നിലപാട് മാറ്റി. 2021 ലും 2022ലും കോവിനില്‍ ചോര്‍ച്ചയുണ്ടായെന്ന വാര്‍ത്ത വന്നപ്പോള്‍ അങ്ങനെ ഉണ്ടായില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാലിപ്പോള്‍ മുമ്പ് വിവരചോര്‍ച്ച ഉണ്ടായെന്ന ആരോപണം ശരിവയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുറത്തുവന്ന വിവരങ്ങളില്‍ കുട്ടികളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഈ വാദത്തിനും തിരിച്ചടിയായി.

2022 ജനുവരിയിലാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചതെന്ന വസ്തുത ഒന്നരവര്‍ഷത്തിനുള്ളില്‍ വിവരങ്ങള്‍ ചോര്‍ന്നതായി വ്യക്തമാക്കുന്നു. കോവിനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിശദമാക്കി ക്ലൗഡ്സെക് എന്ന സിംഗപൂര്‍ കമ്പനി രംഗത്തെത്തിയതും ദുരൂഹത സൃഷ്ടിക്കുന്നു. പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും കമ്പനി പറയുന്നു. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയതെന്ന് ക്ലൗഡ്സെക് വ്യക്തമാക്കിയതായി ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്തിനാണ് ഇത്തരമൊരു സ്ഥാപനത്തെ പരിശോധനയ്ക്കായി സര്‍ക്കാര്‍ സമീപിച്ചതെന്നതും സംശയാസ്പദമാണ്.

അതേസമയം കോവിന്‍ പോര്‍ട്ടലില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇന്ത്യയുടെ സൈബര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഇതുസംബന്ധിച്ച് പരിശോധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്തിനായിരുന്നു രണ്ടന്വേഷണമെന്നതും ശ്രദ്ധേയമാകുന്നു. എത്രമാത്രം ഡാറ്റയാണ് ചോര്‍ന്നതെന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാരിന് വ്യക്തമായ കണക്കുകളില്ല. 110 കോടി പേര്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹാക്ക് ഫോര്‍ ലേണ്‍ എന്ന അക്കൗണ്ടാണ് ടെലഗ്രാം ബോട്ട് കൈകാര്യം ചെയ്തിരുന്നത്.

വിവരചോര്‍ച്ച ഉണ്ടായതിനു തൊട്ടുപിന്നാലെ ഈ അക്കൗണ്ട് അപ്രത്യക്ഷമായി. പിന്നീട് അക്കൗണ്ട് തിരികെ വന്നുവെങ്കിലും മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. വ്യക്തിഗത വിവര ചോര്‍ച്ച വഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ബിജെപി അജണ്ടയാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് വ്യക്തികളിലേക്ക് എത്തിച്ചേരാന്‍ ബിജെപിക്ക് ഇതുവഴി സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Eng­lish Sum­ma­ry: CoWin por­tal data leak
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.