
സിപിഐ 25-ാം പാർട്ടി കോൺഗ്രസ് 21ന് വൻ റാലിയോടെ ആരംഭിക്കും. രാവിലെ മൊഹാലിയിലാണ് റാലി. പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ചണ്ഡീഗഢിൽ എസ് സുധാകർ റെഡ്ഡി (കിസാൻഭവൻ) നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. 22 ന് രാവിലെ പ്രതിനിധി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടന സമ്മേളനം നടക്കും. സിപിഐ(എം), ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക്, സിപിഐ (എംഎൽ‑ലിബറേഷൻ) എന്നിവയുൾപ്പെടെ സഹോദര കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമർജീത് കൗർ, സംഘാടകസമിതി ജനറല്‍ കൺവീനറും പഞ്ചാബ് സംസ്ഥാന സെക്രട്ടറിയുമായ ബന്ത് സിങ് ബ്രാർ, സംഘാടകസമിതി ചെയർമാനും പഞ്ചാബി ട്രിബ്യൂണിന്റെ മുൻ എഡിറ്ററുമായ സ്വരാജ്ബീർ സിങ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള 800ലധികം പ്രതിനിധികളാണ് സമ്മേളനത്തിനെത്തുക. ക്യൂബ, പലസ്തീൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികളും പങ്കെടുക്കും. യുഎസ് ഉപരോധമേർപ്പെടുത്തിയ ക്യൂബയിലെയും ഇസ്രയേൽ സായുധ സേന നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന പലസ്തീനിലെയും ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി പ്രത്യേക സമ്മേളനവും സംഘടിപ്പിക്കും. സമ്മേളന ദിനങ്ങളിൽ എല്ലാ വൈകുന്നേരവും വിപ്ലവഗാനങ്ങൾ, നാടകങ്ങൾ, നൃത്തങ്ങൾ, നാടോടി സംഗീതം എന്നിവ ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികൾ ഉണ്ടാകുമെന്നും സംസ്ഥാനത്തെ പ്രമുഖ കലാകാരന്മാർ ഈ പരിപാടികളിൽ പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ഭീഷണിപ്പെടുത്തുന്ന സ്വേച്ഛാധിപത്യത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും വളർച്ച, തൊഴിലില്ലായ്മയുടെയും കാർഷിക ദുരിതത്തിന്റെയും ആഴമേറിയ പ്രതിസന്ധി, തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കൽ, ആരോഗ്യ‑വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവൽക്കരണം, ഫെഡറലിസത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തൽ, തൊഴിൽ രംഗത്തെ കരിനിയമങ്ങൾ, നവലിബറലിസം ഉയർത്തുന്ന ആഗോള വെല്ലുവിളികൾ, ആക്രമണ യുദ്ധങ്ങളും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും, അയൽരാജ്യങ്ങളുമായി സമാധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, ദേശീയ സുരക്ഷയുടെ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത, പാരിസ്ഥിതിക നാശം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ജനാധിപത്യം, സാമൂഹിക നീതി, സമത്വം, സമാധാനം എന്നിവയ്ക്കായുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിലുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.