22 December 2024, Sunday
KSFE Galaxy Chits Banner 2

പാര്‍ട്ടി കാര്‍ഡില്ലാത്ത സിപിഐകാരി

കെ പി രാജേന്ദ്രൻ
ജനറൽ സെക്രട്ടറി, എഐടിയുസി
February 24, 2022 7:30 am

കെപിഎസി ലളിതയുടെ നിര്യാണ വാര്‍ത്ത എല്ലാവരേയും ദുഃഖത്തിലാഴ്ത്തി. കുറച്ചു കാലമായി അസുഖം വന്നു കിടപ്പിലായിട്ടും ആരോഗ്യം വീണ്ടെടുത്ത് വീണ്ടും ചിരിച്ച് നമ്മുടെ മുന്നില്‍ പുതിയ പുതിയ കഥാപാത്രങ്ങളുമായി ചേച്ചി തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇന്നലെ തൃശൂര്‍ സംഗീത നാടക അക്കാദമി ആസ്ഥാനത്ത് ലളിതചേച്ചിയുടെ ഭൗതിക ശരീരം കൊണ്ടു കിടത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞു. ബേബിചേച്ചി (പാര്‍വതി പവനന്‍) കൊച്ചുകുഞ്ഞിനെപോലെ പൊട്ടിക്കരയുകയായിരുന്നു. കെപിഎസി ലളിത എല്ലാവര്‍ക്കും സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. ഇത്ര മാത്രം മലയാളി പ്രേക്ഷകരെ ആകര്‍ഷിച്ച ഒരു നടി അവരല്ലാതെ മറ്റാരാണ്. കെപിഎസി എന്ന അക്ഷരങ്ങള്‍ പേരിന്റെ ഒപ്പം മാത്രമല്ല സ്വന്തം ഹൃദയത്തില്‍ ചേര്‍ത്തുവച്ച അനുഗൃഹീത കലാകാരിയാണവര്‍. കെപിഎസിക്കുവേണ്ടി പ്രസിഡന്റ് കെ ഇ ഇസ്മായിലും ജനറല്‍ സെക്രട്ടറി അഡ്വ. എ ഷാജഹാനും റീത്ത് സമര്‍പ്പിച്ചു. തൃശൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കളും ബഹുജന സംഘടനാ പ്രവര്‍ത്തകരും റീജണല്‍ തിയേറ്ററില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെപിഎസി നാടകട്രൂപ്പ് അന്തിക്കാട് എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ ചെത്തുതൊഴിലാളി യൂണിയന്റെ ഒരു വാര്‍ഷിക സമ്മേളനത്തില്‍ നാടകം കളിക്കാന്‍ വന്നത് ഞാന്‍ ഓര്‍ക്കുകയാണ്. അന്ന് ഞങ്ങളുടെ വീട്ടിലാണ് കെപിഎസി ലളിതയും കെപിഎസി ലീലയും ആലുംമൂടനും ഒക്കെ താമസിച്ചത്. അന്ന് പകല്‍ മുഴുവന്‍ ഞങ്ങളുടെ പ്രദേശത്തുള്ള മഹിളാ പ്രവര്‍ത്തകരൊന്നിച്ച് ആഹ്ലാദിച്ച് സന്തോഷം പങ്കുവച്ച് അവര്‍ക്ക് പാട്ടുപാടികൊടുക്കുന്നതും പാര്‍ട്ടി ജാഥകളിലും പരിപാടികളിലും വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടെ നല്ല ഈണത്തില്‍ ചൊല്ലുന്നതും; വരികള്‍ക്കൊപ്പം നൃത്തം വച്ചിരുന്നതുമെല്ലാം ഓര്‍ക്കുന്നു. എല്ലാ വര്‍ഷവും രണ്ടോ മൂന്നോ പ്രാവശ്യം അന്തിക്കാട് വരും. തൃശൂരിലൂടെ പോകുമ്പോള്‍ സമയം കിട്ടിയാല്‍ കെപിഎസി വാഹനം ഞങ്ങളുടെ അന്തിക്കാട് ഗ്രാമത്തിലെത്തും. അമ്മയ്ക്ക് അത്രയ്ക്കും അടുപ്പവും സ്നേഹബന്ധവും ലളിതചേച്ചിയുമായി ഉണ്ടായിരുന്നു. അന്നുമുതലുള്ള അടുപ്പം എനിക്കുമുണ്ടായി. അമ്മ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ചില പരിപാടികള്‍ക്ക് അവര്‍ വന്നു. ഇപ്റ്റയുടെ ദേശീയ സമ്മേളനം 2001 ജനുവരി മാസത്തില്‍ തൃശൂരില്‍ വച്ചാണ് നടത്തിയത്. അഞ്ച് ദിവസത്തെ പരിപാടി. മണിപ്പുരില്‍ നിന്നും പഞ്ചാബില്‍ നിന്നും ബോംബെയില്‍ നിന്നും ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെയായി ഒട്ടേറെ കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തൃശൂരില്‍ വന്നു. തൃശൂരിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ അടയാളപ്പെടുത്തിയിട്ടുള്ളത് ഇതുപോലെ ജനങ്ങളെ ആകര്‍ഷിച്ച് ആസ്വദിപ്പിച്ച കലാപരിപാടികള്‍ മറ്റാരും നടത്തിയിട്ടില്ല എന്നാണ്. അത്രയും വിപുലമായ പരിപാടികള്‍ നടന്നു. എ ബി ബര്‍ധന്റെ നിര്‍ബന്ധപൂര്‍വമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പികെവി വിളിച്ചുപറഞ്ഞു.


ഇതുകൂടി  വായിക്കാം; മറഞ്ഞുപോയത് മലയാളസിനിമയിലെ ഭാവപ്രപഞ്ചം….


ഇപ്റ്റയുടെ സമ്മേളനം തൃശൂരില്‍ വച്ചുനടത്തണമെന്ന്. മറുത്തൊന്നും പറയാന്‍ കഴിയുമായിരുന്നില്ല. കെപിഎസിയുടെ 50-ാം വാര്‍ഷിക ആഘോഷങ്ങള്‍ ഒരു വര്‍ഷമായി നടക്കുകയാണ്. പികെവിയാണ് അന്ന് കെപിഎസിയുടെ പ്രസിഡന്റ്. ഇപ്റ്റ ദേശീയ സമ്മേളനത്തിന്റെ സമാപന ദിവസം- ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി, കെപിഎസി 50-ാം വാര്‍ഷികത്തിന്റെ സമാപന ആഘോഷം. തൃശൂര്‍ ടൗണ്‍ഹാളിലെ നിറഞ്ഞ സദസിന്റെ മുന്നില്‍ പികെവിയോടൊപ്പം അനുഗ്രഹീത നടി ഉര്‍വശി ശാരദയും കെപിഎസി ലളിതയും ചേര്‍ന്ന് 50 തിരിയില്‍ വെളിച്ചം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു. എത്ര സന്തോഷവും അഭിമാനവുമായിരുന്നു ചേച്ചിയുടെ മുഖത്ത്. എന്റെ സ്വന്തം കെപിഎസി, എന്റെ പാര്‍ട്ടി എന്നാണവര്‍ പ്രസംഗത്തില്‍ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ ഒരു വെളിച്ചമായിരുന്നു അവര്‍. പാര്‍ട്ടിയും കെപിഎസിയും അത്രമാത്രം അവരെ സ്വാധീനിച്ചിരുന്നു. തൃശൂരില്‍ വച്ച് സി അച്യുതമേനോന്റെ ജന്മശതാബ്ദി ആഘോഷം നടക്കുന്നു. നാലു ദിവസം തേക്കിന്‍കാട് മൈതാനിയില്‍ വച്ച് വളരെ വിപുലമായ പരിപാടിയില്‍ ഒട്ടേറെ കലാപരിപാടികളും സംഘടിപ്പിച്ചു. ഈ പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തോപ്പില്‍ഭാസിയുടെ പേരില്‍ ഒരു പുരസ്കാരം നല്കുന്നത്. കെപിഎസി ലളിതയ്ക്കാണ് ഈ പുരസ്കാരം നല്കുിയത്. അതില്‍ പങ്കെടുക്കാന്‍ വേണ്ടി തിരുവനന്തപുരത്തെ തിരക്കുപിടിച്ച സിനിമാ ഷൂട്ടിങ് ഷെഡ്യൂളില്‍ നിന്ന് ലളിതച്ചേച്ചി എത്തിയത് വളരെ ബുദ്ധിമുട്ടിയാണ് എന്ന് അറിയാമായിരുന്നു. ഞങ്ങള്‍ അവര്‍ വരില്ല എന്നാണ് കരുതിയത്. തലേദിവസം രാത്രി വിളിച്ചു പറഞ്ഞു എനിക്ക് വരാതിരിക്കാന്‍ പറ്റില്ല. അച്യുതമേനോനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തോപ്പില്‍ ഭാസിയും കെപിഎസിയും എനിക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്. എന്റെ പാര്‍ട്ടി എന്ന് പലതവണ പറഞ്ഞു. നിറഞ്ഞ മനസോടെ തോപ്പില്‍ഭാസി പുരസ്കാരം ഏറ്റുവാങ്ങി. അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 2015‑ല്‍ സിപിഐ കൊല്ലം ജില്ലാ സമ്മേളനം പുനലൂര്‍ വച്ച് നടക്കുന്നു. സമ്മേളനത്തിനോടനുബന്ധിച്ച കമ്മ്യൂണിസ്റ്റ് കുടുംബസംഗമം ഉദ്ഘാടനം കെപിഎസി ലളിത. അവിടെ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് കുറച്ച് സമയം കെ ഇ ഇസ്മായിലും ഞാനുള്‍പ്പെടെ കുറച്ചു പേരുമായി ലളിത ചേച്ചി സംസാരിച്ചിരുന്നു. എന്താണ് പാര്‍ട്ടി അംഗത്വമെടുക്കാത്തത് എന്ന് ആരോ ചോദിച്ചു. ഉടനെ മറുപടി വന്നു പാര്‍ട്ടി കാര്‍ഡ് ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാരിയാണ് വര്‍ഷങ്ങളായി ഞാന്‍. എന്റെ പാര്‍ട്ടിയാണ് എനിക്ക് എല്ലാം എന്നവര്‍ സാക്ഷ്യപ്പെടുത്തി. കെ ഇ എന്നോടു ചോദിച്ചു എന്താ നിങ്ങള്‍ ലളിതയ്ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൊടുക്കാത്തത് എന്ന്. ദിവസവും സമയവും നിശ്ചയിച്ചു. വടക്കാഞ്ചേരിയില്‍ ഏങ്കക്കാട്ടുള്ളില്‍ വീട്ടില്‍ ചെല്ലാനും അംഗത്വത്തിനുള്ള അപേക്ഷ കൊടുത്ത് ഒപ്പിട്ടു വാങ്ങാനും. നിര്‍ഭാഗ്യവശാല്‍ തലേദിവസം ഒട്ടും പ്രതീക്ഷയില്ലാതെ മാറ്റിവച്ച ഒരു ഷൂട്ടിങ്ങിനായി ഒരാഴ്ച ചെന്നൈയില്‍ പോകേണ്ടിവന്നു ചേച്ചിക്ക്. എന്നെ വിളിച്ച് വിഷമത്തോടെ പറയുകയും ചെയ്തു. മൂന്നാഴ്ച കഴിഞ്ഞേ മടങ്ങിവരാന്‍ കഴിഞ്ഞുള്ളു. അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഹൃദയത്തിനോട് ചേര്‍ത്തുവച്ച കലാകാരിയാണ്. എല്ലാവരോടും സ്നേഹവും വാത്സല്യവും മാത്രം കരുതിവച്ച ഉയര്‍ന്ന കലാകാരി. ലാല്‍സലാം സഖാവേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.