18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2024 10:01 pm

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സിപിഐ സുപ്രീം കോടതിയില്‍. പാര്‍ട്ടിക്കു വേണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കേരള സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം എംപിയാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പൗരത്വ ഭേദഗതി നിയമം 2019, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച പൗരത്വ ഭേദഗതി നിയമ ചട്ടങ്ങള്‍ 2024 എന്നിവ ഭരണഘടനയുടെ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണ്. അതിനാല്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ മുന്നോട്ടുവയ്ക്കുന്നത്. പൗരത്വ ഭേദഗതി നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും ഭരണഘടനയുടെ അനുച്ഛേദം 14, 21, 25 എന്നിവയുടെ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടുകള്‍ക്ക് വിരുദ്ധമായ, രാജ്യത്തിന്റെ മതേതരത്വ തത്വങ്ങള്‍ ഹനിക്കുന്ന നിയമം നടപ്പിലാക്കുന്നത് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

മതവിശ്വാസങ്ങള്‍ മാനദണ്ഡമാക്കാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പാക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനയുടെ സ്രഷ്ടാക്കള്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങളാണ് വിഭാവനം ചെയ്തത്. ജീവിക്കാനുള്ള അവകാശവും തുല്യതയും പൗരന്‍മാര്‍ അല്ലാത്തവര്‍ക്കുപോലും ഉറപ്പാക്കണമെന്നാണ് ഭരണഘടനയിലുള്ളത്. അഭയാര്‍ത്ഥികളായി (ചക്മാ) ഇന്ത്യയില്‍ എത്തിയവരുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ തത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പരമോന്നത കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

സിഎഎയെ ആദ്യഘട്ടം മുതൽ തന്നെ സിപിഐ ശക്തമായി എതിർത്തിരുന്നുവെന്നും 2019ലെ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് പാർലമെന്റിൽ നടന്ന ചർച്ചയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി, മുസ്ലിങ്ങളെ ഇന്ത്യയിൽ രണ്ടാംതരം പൗരന്മാരായി കണക്കാക്കാനുള്ള ഗോൾവാൾക്കറുടെ ഫാസിസ്റ്റ് അഭിലാഷം നിറവേറ്റാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കിയിരുന്നു.

2019ൽ സിഎഎ‌ക്കെതിരെ പ്രതിഷേധിച്ചതിന് മറ്റ് സിപിഐ പ്രവർത്തകർക്കൊപ്പം അന്നത്തെ കർണാടകയിലെ ബിജെപി സർക്കാർ മംഗലാപുരത്ത് ബിനോയ് വിശ്വത്തെ തടഞ്ഞുവച്ചിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സെക്യുലർ’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജിക്കെതിരെയും ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Eng­lish Summary:CPI in Supreme Court against Cit­i­zen­ship Amend­ment Act

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.