25 December 2024, Wednesday
KSFE Galaxy Chits Banner 2

കാട്ടുപന്നിയെ ലക്ഷ്യം വെച്ചിരുന്ന തോക്കില്‍നിന്ന് വെടിയേറ്റ് സിപിഐ നേതാവ് മരിച്ചു

Janayugom Webdesk
June 15, 2022 5:42 pm

ആളില്ലാതെ കാട്ടുപന്നിയെ ലക്ഷ്യം വെച്ചിരുന്ന തോക്കില്‍നിന്ന് വെടിയേറ്റ സിപിഐ നേതാവ് മരിച്ചു. സിപിഐ കാഞ്ഞങ്ങാട് മുന്‍ മണ്ഡലം കമ്മറ്റിയംഗമായ കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവന്‍ നമ്പ്യാര്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള തോട്ടത്തില്‍ ചക്ക പറിക്കാന്‍ പോയതായിരുന്നു മാധവന്‍ നമ്പ്യാര്‍. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വെച്ചിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. തോക്കിന്റെ കാഞ്ചിയില്‍ ചരടുകെട്ടിയാണ് കെണിയൊരുക്കുന്നത്. ചരടില്‍ തട്ടിയാല്‍ വെടിയുതിരുന്ന രീതിയിലാണ് കെണി. ചക്കപറിക്കുന്നതിനിടയില്‍ മാധവന്‍ നമ്പ്യാര്‍ കെണിയില്‍ തട്ടിയിരിക്കാമെന്നാണ് കരുതുന്നത്. വെടിയൊച്ചദൂരെ വരെ കേട്ടിരുന്നു.

അപകടത്തിനുശേഷം ഇദ്ദേഹം ഭാര്യയെ ഫോണില്‍ വിളിച്ച് സംഭവം പറഞ്ഞു. ആളുകള്‍ ഓടിയെത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.ചികിത്സക്കിടെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഒരാഴ്ച മുന്‍പ് സംഭവസ്ഥലത്ത് പന്നിക്ക് തോക്കു കെണി വെച്ചിട്ടുണ്ടെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു വെന്നും ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും മാധവന്‍ നമ്പ്യാര്‍ മൊഴിനല്‍കിയിരുന്നു. സംഭവത്തില്‍ പന്നി കെണി ഒരുക്കിയ പനയാലിലെ ശ്രീഹരിക്ക് എതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

സിപിഐ കരിച്ചേരി ബ്രാഞ്ച് സെക്രട്ടറി, കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയംഗം, എഐവൈഎഫ് ഉദുമ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ എ കുഞ്ഞമ്പു നായരുടെയും തമ്പായി അമ്മയുടെ മകനാണ്. ഭാര്യ: കെ നിര്‍മ്മല, മക്കള്‍: നിത്യ കെ നായര്‍, നിതിന്‍ കെ നായര്‍. മരുമകന്‍: ദിലീപ് കരിവേടകം. സഹോദരങ്ങള്‍: ലളിത, ഓമന, ഗംഗ, പ്രഭാകരന്‍ നമ്പ്യാര്‍ (റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍).

Eng­lish sum­ma­ry; CPI leader was shot dead

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.