
ബജ്റംഗ്‌ദൾ പ്രവർത്തകരുടെ അതിക്രമത്തിനിരയായ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നും കന്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ നേതൃത്വത്തിൽ ആറിന് നാരായൺപൂരിൽ പ്രക്ഷോഭം സംഘടിപ്പിക്കും. മലയാളി കന്യാസ്ത്രീകളുടെ പ്രേരണയിൽ മതംമാറാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ക്രൈസ്തവ വിശ്വാസികളായ കമലേശ്വരി പ്രധാൻ, ലളിത ഉസെന്ദി, സുക്‌മതി മാണ്ഡവി എന്നിവർക്ക് ക്രൂരമർദനവും ലൈംഗികാധിക്ഷേപങ്ങളും ഏൽക്കേണ്ടിവന്നത്.
സിപിഐ പ്രവർത്തകരുടെ സംരക്ഷണയിലുള്ള മൂന്ന് പെൺകുട്ടികളും കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ഫൂൽ സിങ് ഉൾപ്പെടെ നേതാക്കൾക്കൊപ്പമെത്തി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയിൽ അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചെങ്കിലും കേസെടുക്കാതിരിക്കുവാൻ പൊലീസിനുമേൽ സമ്മർദമുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് ഫൂൽ സിങ് ജനയുഗത്തോട് പറഞ്ഞു. അതുകൊണ്ടാണ് പരസ്യ പ്രതിഷേധത്തിന് തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. പെൺകുട്ടികൾക്കും കന്യാസ്ത്രീകൾക്കും നീതി ലഭിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ പറഞ്ഞു.
മൂന്ന് പെൺകുട്ടികളെ മതംമാറ്റുന്നതിന് കൊണ്ടുവന്നു എന്നാരോപിച്ചുള്ള കള്ളക്കേസിലാണ് മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി, പെണ്‍കുട്ടികളിലൊരാളുടെ സഹോദരന്‍ സുഖ്മാന്‍ മാണ്ഡവി എന്നിവർ ഒമ്പത് ദിവസം ജയിലിൽ കഴിഞ്ഞത്. പെൺകുട്ടികൾ ക്രൈസ്തവ വിശ്വാസികളാണെന്നതിനാൽ മതംമാറ്റക്കുറ്റം നിലനിൽക്കില്ലെന്ന് വന്നപ്പോൾ മനുഷ്യക്കടത്ത് വകുപ്പുകളും ചുമത്തുകയായിരുന്നു. നിയമ പോരാട്ടത്തിന്റെയും വൻ പ്രതിഷേധത്തിന്റെയും അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം എൻഐഎ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചുവെങ്കിലും കേസ് റദ്ദാക്കുന്നതിന് ഇതുവരെ നടപടിയായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.