ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രം നിയമിക്കുന്ന ഗവർണർമാർ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾക്ക് മുകളില്‍ സമാന്തരഭരണം നടത്തുകയാണ്. തമിഴ്‌നാട് ഗവർണർ ആർ എൻ രവി ചുമതലയേറ്റതു മുതൽ വിവാദപരമായ നിലയിലാണ് പെരുമാറുന്നത്. കാൾ മാർക്സ് ഇന്ത്യയെ നശിപ്പിച്ചുവെന്ന വിചിത്ര വാദം അവതരിപ്പിച്ച അദ്ദേഹം സനാതനതത്വമാണ് ഇന്ത്യയെ ഒരുമിപ്പിച്ചതെന്നും പറഞ്ഞു. മഹാമാനവികരായിരുന്ന തിരുവള്ളുവർ, വള്ളാളർ എന്നിവർ സനാതനതത്വത്തിന്റെ അഗ്രഗണ്യരായിരുന്നുവെന്നു പറഞ്ഞ് അദ്ദേഹം മറ്റൊരിക്കൽ വിവാദത്തിലായി. എല്ലാ രാജ്യങ്ങളും ഒരുമതത്തിൽ അധിഷ്ഠിതമാണെന്നും ഇന്ത്യ അതുകൊണ്ട് ഹിന്ദു രാഷ്ട്രമാണെന്നും പിന്നീടൊരിക്കൽ പ്രഖ്യാപിച്ചു. പരസ്യമായി മതേതരത്വത്തിനെതിരായി പ്രവർത്തിക്കുകയും ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ പൂർണമായും ലംഘിക്കുകയുമാണ്.
നിയമസഭ പാസാക്കിയ 13 ബില്ലുകളാണ് മാസങ്ങളായി അംഗീകാരം നല്കാതെ ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നത്. സെന്തിൽ ബാലാജിയെന്ന മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു. ഹൃദയരോഗത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റുള്ളവർക്ക് വീതിച്ചു നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചപ്പോൾ ഗവർണർ അത് അംഗീകരിക്കുന്നതിന് തയ്യാറായില്ല. ഒരുദിവസം കഴിഞ്ഞാണ് അംഗീകരിച്ചത്. അതേമന്ത്രിയെ അടുത്ത ദിവസം നിയമവിരുദ്ധമായി പുറത്താക്കുകയും പിന്നീട് നിയമോപദേശം പ്രതീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി റദ്ദാക്കുകയും ചെയ്തു. ഗവർണറെ നീക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ, സിപിഐ, സിപിഐ(എം), കോൺഗ്രസ്, എംഡിഎംകെ, വിവികെ തുടങ്ങി എട്ട് പാർട്ടികളിലെ രാജ്യസഭ, ലോക്‌സഭ അംഗങ്ങൾ ഒപ്പിട്ട കത്ത് മാസങ്ങൾക്ക് മുമ്പ് രാഷ്ട്രപതിക്ക് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ 19 പേജുള്ള വിശദമായ കത്തും രാഷ്ട്രപതിക്ക് നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രിയും പാർലമെന്റ് അംഗങ്ങളും നൽകിയ കത്ത് പരിഗണിക്കണമെന്നും ആർ എൻ രവിയെ തമിഴ്‌നാട് ഗവർണർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
അസമിലെ മണ്ഡല പുനർനിർണയം നിർത്തണം
അസമിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മണ്ഡല പുനർനിർണയ പ്രക്രിയ നിർത്തിവയ്ക്കണമെന്ന് ദേശീയ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പുതിയ കാനേഷുമാരിയുടെ അടിസ്ഥാനത്തിൽ 2026ൽ രാജ്യവ്യാപകമായി നടക്കേണ്ട മണ്ഡല പുനര്‍നിർണയ പ്രക്രിയക്കൊപ്പം ഇത് നടത്തിയാൽ മതിയെന്ന് പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ ശരിയായ രീതിശാസ്ത്രം ഉപയോഗിച്ചുള്ളതോ വസ്തുനിഷ്ഠമായതോ അല്ല. മണ്ഡലങ്ങളുടെ അതിർത്തി നിർണയം സ്വന്തം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാനാണ് ഭരണകക്ഷിയായ ബിജെപി ശ്രമിക്കുന്നത്. വിഷയത്തിൽ വർഗീയ വികാരമുണര്‍ത്താനും അവർ ശ്രമിക്കുന്നുണ്ട്. 1950ലെ ജനപ്രതിനിധി നിയമം8(എ) തള്ളിക്കളയുകയാണ്. വർഗീയമായി വിഭജിക്കാനും ജനസാന്ദ്രതാക്രമം നിലനിർത്തുന്നതിനും വേണ്ടി മണ്ഡലങ്ങളെ മൂന്നായി തിരിച്ചിരിക്കുകയാണ്. ഇത്തരം വ്യവസ്ഥ നിയമത്തിൽ ഇല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടി തികച്ചും ഭരണഘടനാ വിരുദ്ധമാണ്.
വനസംരക്ഷണം-2023 ഭേദഗതി പിൻവലിക്കണം
കേന്ദ്രസർക്കാരിന്റെ വനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ വനസംരക്ഷണം-2023 പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 1980ലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2023ലെ വനസംരക്ഷണ (ഭേദഗതി) നിയമം മാർച്ച് 23നാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. നിലവിലുള്ള വനഭൂമിയും വനവും പുനർനിർവചിക്കാനാണ് ബില്ലിലൂടെ സർക്കാർ ശ്രമിച്ചിരിക്കുന്നത്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ അതിന്റെ 2021ലെ വനങ്ങളുടെ സ്ഥിതി എന്ന റിപ്പോർട്ടിൽ രാജ്യത്തെ മൊത്തം വനങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ആകെ വിസ്തീർണമായ 7,75,288 ചതുരശ്ര കിലോമീറ്ററിൽ 1,20,783 ചതുരശ്ര കിലോമീറ്റർ തരംതിരിക്കാത്ത വനം എന്ന രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും വലിയ ഭാഗം വനവും ഈ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
പരിസ്ഥിതിയുടെ കാര്യത്തിൽ തരംതിരിക്കപ്പെടാത്ത വനം വളരെസുപ്രധാനവും നിർണായകവുമാണ്. 1980ലെ വനസംരക്ഷണ നിയമത്തിലെ നിർദിഷ്ട ഭേദഗതിയിൽ പറയുന്നത് ഈ വലിയ വിഭാഗം തരംതിരിക്കപ്പെടാത്ത വനം, സംരക്ഷണത്തിന് പുറത്തുള്ള വനമാണ് എന്നാണ്. അതിനർത്ഥം വികസനത്തിന്റെ പേരിൽ ഈ വനഭൂമി കോർപറേറ്റുകളുടെ വിഭവ ചൂഷണത്തിന് ലഭ്യമാക്കും എന്നാണ്. തരംമാറ്റുന്നതിന് വനം വകുപ്പിന്റെ അനുമതി വാങ്ങേണ്ട ആവശ്യവുമില്ല. കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതിനും പരിസ്ഥിതിയെയും വനങ്ങളെയും ചൂഷണം ചെയ്യുന്നതിനുമുള്ള ഗൂഢാലോചനയാണ് കേന്ദ്രസർക്കാർ ഇതിലൂടെ നടത്തുന്നത്. ഇത് നമ്മുടെ വന വിഭവങ്ങളെ നശിപ്പിക്കുന്നതും വനത്തെ ആശ്രയിച്ച് തലമുറകളായി ജീവിക്കുന്ന ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ച് ഗോത്ര വിഭാഗങ്ങളുടെയും വനവാസികളുടെയും ജീവിതോപാധിയെയും മറ്റ് അവകാശങ്ങളെയും ഹനിക്കുന്നതും ആയിരിക്കും.
ബിൽ അവതരിപ്പിച്ച വേളയിൽ വലിയ എതിർപ്പാണ് ഉയർന്നത്. അതിന്റെ ഒടുവിലാണ് ബിൽ, സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടത്. സിപിഐയും മറ്റു ചില പാർട്ടികളും സംഘടനകളും പാർലമെന്റിലെ 60 അംഗങ്ങളും വ്യക്തികളും തങ്ങളുടെ നിർദേശങ്ങൾ സമിതിക്ക് മുമ്പില്‍ സമർപ്പിക്കുകയുണ്ടായി. എന്നാൽ ഈ നിർദേശങ്ങളെല്ലാം തള്ളിയാണ് സംയുക്ത പാർലമെന്ററി സമിതി വിവാദപരമായ ബിൽ എന്തെങ്കിലും മാറ്റം നിർദേശിക്കാതെ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടെ കേന്ദ്രസർക്കാർ 1927ലെ വന നിയമം, 2006ലെ വനാവകാശവും സംരക്ഷണവും ചട്ടങ്ങൾ എന്നിവ ഭേദഗതി ചെയ്യുകയും വെള്ളം ചേർക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നമ്മുടെ വനങ്ങളും പ്രകൃതിവിഭവങ്ങളും ജീവിതോപാധികളും കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ അംഗീകരിക്കാനാകാത്തതും പരാജയപ്പെടുത്തേണ്ടതുമാണ്. (അവസാനിച്ചു)
English Sammury: Resolutions adopted by the CPI National Council meeting held at Delhi-final part
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.