
തത്വാധിഷ്ഠിതമായ ഐക്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുണ്ടാകേണ്ടതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു. പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി ചേർന്ന സിപിഐ മേഖലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിലാവണം കമ്മ്യൂണിസ്റ്റ് ഐക്യമെന്നാണ് സിപിഐ രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ചുനിന്നുകൊണ്ടല്ലാതെ രാജ്യത്ത് ശക്തമായ ഇടതുമുന്നേറ്റം സാധ്യമാകില്ല. പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ പരിഗണിക്കാതെ ഇന്ത്യാ സഖ്യത്തിന് മുന്നേറാനാവില്ല. പരസ്പര സഹകരണവും വിട്ടുവീഴ്ചയും മുന്നണിയിലെ പാർട്ടികൾക്ക് ആവശ്യമാണ്. രാജ്യത്തെ ബിജെപി വിരുദ്ധ പാർട്ടികളുടെ സഖ്യമായി ഇന്ത്യാ സഖ്യം വളർന്നുവരാനാവണമെങ്കിൽ അതിന് ഒരു പൊതുമിനിമം പരിപാടിയുണ്ടാവണം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പ്രാദേശിക പാർട്ടികളുടെ പങ്ക് നിർണായകമാണ്. ഫാസിസ്റ്റുകൾ രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം പിടിച്ചെടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പ് രംഗം മാത്രമല്ല, സമസ്ത ഇടങ്ങളും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വേദികളാക്കാൻ കഴിയണം.
കേന്ദ്രസർക്കാർ സ്വേച്ഛാധിപത്യത്തിന്റെയും കോർപറേറ്റ് കൊള്ളയുടേയും ജാതി വൈരത്തിന്റെയും പ്രതിരൂപമായി. ആർഎസ്എസിന്റെ ദീർഘകാല പദ്ധതിയാണ് ബിജെപി ഭരണകൂടം നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനേയും ജുഡീഷ്യറിയേയുമെല്ലാം തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ അവർ ഉപയോഗിക്കുകയാണ്. തീവ്ര ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളായി കേന്ദ്ര ഭരണകൂടം മാറി.
ഹിന്ദുത്വത്തെ സ്വാധീനിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് ബിജെപി സർക്കാർ പരിശോധിക്കുന്നത്. രാജ്യത്തെ ഇസ്ലാം നാമത്തിലുള്ള 197 നഗരപ്രദേശങ്ങളുടെ പേര് ഇതിനകം മാറ്റി. വോട്ടർ പട്ടികയിൽ നിന്നും ആളുകളുടെ പേര് കൂട്ടത്തോടെ വെട്ടിമാറ്റുന്നു. സ്ത്രീ വോട്ടർമാരെയാണ് ഇത്തരത്തിൽ കൂടുതലായും ഒഴിവാക്കുന്നത്. ഇത് ആർഎസ്എസ് അജണ്ടയാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും മതേതരത്വവും ഫെഡറലിസവും സോഷ്യലിസവും സംരക്ഷിക്കുന്നതിന് പോരാട്ടം വളർത്തിക്കൊണ്ടുവരണമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു എന്നിവർ സംസാരിച്ചു. സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് സ്വാഗതം പറഞ്ഞു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ള ജില്ലാ കൗൺസിൽ അംഗങ്ങൾ, മണ്ഡലം സെക്രട്ടറിമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.