7 December 2025, Sunday

Related news

December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025
November 19, 2025
November 18, 2025

ആലപ്പുഴയിൽ അലയടിക്കും, സമരപുളകങ്ങളുടെ ഈണങ്ങൾ

ഡാലിയ ജേക്കബ്
ആലപ്പുഴ
August 27, 2025 9:57 pm

വിപ്ലവാവേശം ഇരമ്പുന്ന ഗാനങ്ങളും പുരോഗമന ആശയങ്ങളുള്ള നാടകങ്ങളും പ്രതിഭാധനരായ എഴുത്തുകാരും കലാകാരന്മാരും ഇഴുകിച്ചേർന്ന മണ്ണാണ് ആലപ്പുഴയുടേത്. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം അതുകൊണ്ടു തന്നെ ശ്രദ്ധേയമാകുന്നു. ആലപ്പുഴ ബീച്ചിൽ സജ്ജമാക്കുന്ന അതുൽ കുമാർ അഞ്ജാൻ നഗറിൽ 31 മുതലാണ് സാംസ്കാരികോത്സവം.
കെ എസ് ജോർജും സുലോചനയും സംഘവും ആലപിച്ച “ബലികുടീരങ്ങളേ…” പി കെ മേദിനിയുടെ “റെഡ് സല്യൂട്ട്…”, കെ പിഎസിയുടെ “പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ…” എന്നിവയടക്കമുള്ള ഗാനങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷവും മലയാളികളുടെ മനസിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു. വിപ്ലവഭൂമിയായി ആലപ്പുഴയുടെ മണ്ണ് മാറിയതിനു പിന്നിൽ ഇവിടെ വളർന്ന സാഹിത്യത്തിനും തേരുതെളിച്ച സാഹിത്യകാരന്മാര്‍ക്കും സംഗീതത്തിനും നാടകത്തിനും നിർണായക പങ്കാണുള്ളത്. കായംകുളം ആസ്ഥാനമായ കെപിഎ സിയിലൂടെ വളർന്ന പ്രതിഭകളും നിരവധി. അവരിൽ മിക്കവരും ആലപ്പുഴ ജില്ലക്കാരുമായിരുന്നു. ഗായകനും നടനുമായിരുന്ന കെ എസ് ജോർജ് ആലപ്പുഴ സ്വദേശിയായിരുന്നു. സുലോചനയുടെ സ്വദേശം മാവേലിക്കരയും കെപിഎസി ലളിതയുടെ ജന്മനാട് കായംകുളവുമായിരുന്നു. പുന്നപ്ര വയലാർ സമര സേനാനി കൂടിയായ പി കെ മേദിനി ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ്. സഹോദരനും ഉദയാ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായിരുന്ന പി കെ ശാരംഗപാണിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനായിരുന്നു.
തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യും ‘ഒളിവിലെ ഓർമ്മകളും’ ജനലക്ഷങ്ങളെയാണ് ചെങ്കൊടിക്കു കീഴിലേക്ക് ആകർഷിച്ചത്. കെപിഎസി സെക്രട്ടറി കൂടിയായിരുന്ന തോപ്പിൽ ഭാസിയുടെ സ്വദേശവും ആലപ്പുഴ വള്ളികുന്നമാണ്. എം എൽഎയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തോപ്പിൽ ഭാസിയെ ലോകം ഇന്നറിയുന്നത് അദ്ദേഹത്തിന്റെ രചനകളിലൂടെയാണ്. കെപിഎസിയിലെ നടനും നിയമസഭാംഗവും പിന്നീട് ജനയുഗം പത്രാധിപരുമായ കാമ്പിശ്ശേരി കരുണാകരനും വള്ളികുന്നം സ്വദേശി തന്നെ.
ജില്ലയിൽ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രവും സാഹിത്യവുമായി ബന്ധപ്പെട്ടതാണ്. അധ്വാനം ലഘൂകരിക്കാനുള്ള നാടൻ പാട്ടുകളും കഥകളും നാടകങ്ങളും പാടിയും പറഞ്ഞും അവതരിപ്പിച്ചുമാണ് കമ്മ്യൂണിസത്തിന്റെ പോരാട്ടചരിത്രങ്ങൾ തൊഴിലാളികൾക്ക് നേതാക്കൾ പകർന്നു നൽകിയത്. ചെമ്മീൻ, കാവ്യമേള തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കഥയ്ക്ക് ദേശീയ അവാർഡ് നേടിയ നാടകകൃത്ത് എസ് എൽ പുരം സദാനന്ദനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ചേർന്നു നിന്ന കലാകാരനാണ്. പുന്നപ്ര വയലാർ സമര സേനാനി കൂടിയായിരുന്നു എസ് എൽ പുരം.
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാർഷികമായ 1957ൽ പാളയത്ത് നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലെ അവതരണ ഗാനമായിരുന്നു” ബലികുടീരങ്ങളേ.. സ്മരണകളിരമ്പും രണസ്മാരകങ്ങളേ…” എന്ന വിഖ്യാത ഗാനം. വയലാർ — ദേവരാജൻ കൂട്ടുകെട്ട് കോട്ടയത്തെ ബെസ്റ്റ് ഹോട്ടലിൽ ഇരുന്നാണ് ആ അനശ്വര ഗാനം തയ്യാറാക്കിയത്. കേരളത്തിന്റെ മണ്ണിലും മനസിലും വേരുറച്ചു നിൽക്കുന്ന ഈ ഗാനം കെപിഎസിയുടെ പേരിലാണ് പിന്നീട് റെക്കോഡ് ചെയ്ത് പുറത്തിറക്കിയത്. ഇരുന്നൂറോളം നാടക ഗാനങ്ങളും എണ്ണിയാൽ തീരാത്തത്ര ചലച്ചിത്ര ഗാനങ്ങളും രചിച്ചിട്ടുള്ള വയലാറിന്റെ തൂലിക എന്നും തൊഴിലാളി പക്ഷത്തോടൊപ്പമായിരുന്നു. കൊല്ലം പരവൂരാണ് സ്വദേശമെങ്കിലും ജി ദേവരാജന്റെ പ്രധാന പ്രവർത്തന കേന്ദ്രം ദീർഘകാലം കായംകുളമായിരുന്നു. ഒഎൻവിയും ഒ മാധവനുമടക്കമുള്ളവർ അന്ന് ആ സംഘത്തിലുണ്ടായിരുന്നു.
ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി കയറിന്റെ ഇഴപോലെ ചേർന്നു കിടക്കുകയാണ് സാഹിത്യ, സാംസ്കാരിക പ്രവർത്തകരുടെ നീണ്ട നിര. ഒരു കാലഘട്ടത്തിൽ മലയാള സാഹിത്യത്തിന്റെ ഗതി നിർണയിച്ചവരായിരുന്നു അവർ. ഇടതുപക്ഷ സഹയാത്രികരായ അവർക്ക് ഊർജവും ആശയങ്ങളും പകർന്നത് ജില്ലയിൽ അക്കാലങ്ങളിൽ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളുമായുണ്ടായിരുന്ന അടുത്ത ബന്ധങ്ങൾ തന്നെ. തകഴിയുടെ രണ്ടിടങ്ങഴിയിലും തോട്ടിയുടെ മകനിലും ഏണിപ്പടികളിലും നിറയുന്ന തൊഴിലാളികൾ കമ്മ്യൂണിസ്റ്റുകാരായിരുന്നു. സാമൂഹ്യ പരിവർത്തനത്തിന്റെ കഥകൾക്ക് കുട്ടനാടിന്റെ ഇതിഹാസകാരന് പ്രചോദനമായത് തൊഴിലാളിപക്ഷ സ്നേഹമാണ്.
സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന സാംസ്കാരികോത്സവത്തിൽ വ്യത്യസ്തമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിപ്ലവഗായിക പി കെ മേദിനി, ചാരുംമൂട് പുരുഷോത്തമൻ, ഓച്ചിറ ചന്ദ്രൻ, സോമലത, ആലപ്പി മോഹൻ, ആലപ്പി സുരേഷ് എന്നിങ്ങനെ പ്രഗത്ഭരായ പഴയകാല ഗായകരാണ് വിപ്ലവസമരഗാനങ്ങളും ഒപ്പം കെപിഎസി നാടക ഗാനങ്ങളുമായി വേദിയിൽ എത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സംവാദം, ചർച്ചകൾ, യൂത്ത് ഡിബേറ്റ്, സ്റ്റേജ് ഷോ, നൃത്തം, ഗാനമേള, നാടകം എന്നിങ്ങനെയുള്ള പരിപാടികൾ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.