കെട്ടുകഥകളെയെല്ലാം നിഷ്പ്രഭമാക്കി സിപിഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. പത്ത് കാന്‍ഡിഡേറ്റ് അംഗങ്ങളുള്‍പ്പെടെ 111 അംഗ സംസ്ഥാന കൗണ്‍സിലിനെയും ഒമ്പതംഗ കണ്‍ട്രോള്‍ കമ്മിഷനെയും പുതിയ സംസ്ഥാന സെക്രട്ടറിയെയും ഏകകണ്ഠമായി മിനിട്ടുകള്‍ക്കുള്ളിലാണ് സമ്മേളനം തിരഞ്ഞെടുത്തത്. ഈ മാസം 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്, 112 പ്രതിനിധികളും പത്ത് പകരം പ്രതിനിധികളും നാല് പ്രവാസി പ്രതിനിധികളുമുള്‍പ്പെടെ 126 പേരെയും തിരഞ്ഞെടുത്തു. ഇതോടെ, സമ്മേളനത്തില്‍ വോട്ടെടുപ്പ് വരെയുണ്ടാകുമെന്ന് വ്യാജപ്രചാരണം നടത്തി കടുത്ത വിഭാഗീയതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ പ്രചരണം തകര്‍ന്നടിഞ്ഞു.
വാര്‍ത്തകളെന്ന പേരില്‍ പത്ര‑ദൃശ്യ മാധ്യമങ്ങള്‍ പടച്ചുവിട്ട കഥകളും പ്രവചനങ്ങളുമെല്ലാം അപ്രസക്തമാക്കിയാണ് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനത്തോടെ സമ്മേളനത്തിന് സമാപനമായത്. നാല് ദിവസങ്ങള്‍ നീണ്ടുനിന്ന സമ്മേളനം ഇന്നലെ വൈകിട്ട് ആറ് മണിയോടെ സമാപിച്ചപ്പോള്‍, ആദ്യം മുതല്‍ പ്രചരിപ്പിച്ച കെട്ടുകഥകളെല്ലാം വിഴുങ്ങേണ്ടിവന്ന സ്ഥിതിയിലായിരുന്നു വലതുപക്ഷ ദൃശ്യ — ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.
സെപ്റ്റംബര്‍ 30ന് പുത്തരിക്കണ്ടത്ത് പികെവി നഗറില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തതോടെയാണ് സമ്മേളനം ആരംഭിച്ചത്. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തി. വെളിയം ഭാര്‍ഗവന്‍ നഗറില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുല്‍കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം എംപി, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ‘ഫെഡറലിസവും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. പിണറായി വിജയന്റെയും എം കെ സ്റ്റാലിന്റെയും ഡി രാജയുടെയും പ്രഭാഷണങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ കാലിക പ്രസക്തി വിളിച്ചോതി.
സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സാംസ്കാരിക സദസുകളും പ്രഭാഷണങ്ങളും വനിതാസംഗമം, യുവജന‑വിദ്യാര്‍ത്ഥി സംഗമം എന്നിവയും സംഘടിപ്പിച്ചിരുന്നു. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ഓണ്‍ലൈന്‍ പ്രഭാഷണങ്ങളും അവതരിപ്പിച്ചു. മന്ത്രി ജി ആര്‍ അനില്‍ ചെയര്‍മാനും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകതയായി.
പാര്‍ട്ടി സംഘടനാ രീതിയുടെ അടിസ്ഥാനത്തില്‍ നടന്ന വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളുമെല്ലാം പൊലിപ്പിച്ചുകാട്ടിയായിരുന്നു വലിയ കുഴപ്പങ്ങളുണ്ടെന്നും സംസ്ഥാന സമ്മേളനത്തില്‍ വലുതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്നുമുള്ള പ്രചാരണം. സംസ്ഥാന സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളെന്ന പേരിലും, കൂട്ടമായിരുന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മാധ്യമങ്ങള്‍ക്കെല്ലാം ലഭിച്ച തിരിച്ചടിയായി സമ്മേളനത്തിന്റെ ഉജ്ജ്വല പരിസമാപ്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.