വന്‍ജനാവലിയുടെ ആവേശതരംഗത്തിൽ സിപിഐ സംസ്ഥാന സമ്മേളനത്തിന് ചെമ്പതാക ഉയർന്നു. ദേശസ്നേഹത്തിന്റെ വിപ്ലവഗാഥകള്‍ പാടി നാടിന്റെ മോചനത്തിനായി പൊരുതി വീണവരുടെ രക്തസാക്ഷിത്വത്തിലും സമരമുന്നേറ്റത്താലും ചോപ്പണിഞ്ഞ പുത്തരിക്കണ്ടം മൈതാനത്ത് പികെവി നഗറിലാണ് സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നത്. അലയടിച്ചാവേശമായി ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ രക്തപതാക ഉയര്‍ത്തി. നാടെമ്പാടും ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ നേതൃത്വത്തില്‍ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള പതാകജാഥയും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള ബാനര്‍ ജാഥയും കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സ്വദേശാഭിമാനി-വീരരാഘവന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നുള്ള കൊടിമര ജാഥയും പൊതുസമ്മേളനാനന്തരം ഇന്നലെ വൈകുന്നേരം പികെവി നഗറിൽ സംഗമിച്ചു. ജില്ലയുടെ അതിർത്തികളിൽ നിന്ന് രാവിലെ പുറപ്പെട്ട ജാഥകൾ ആയിരക്കണക്കിന് അത്‍ലറ്റുകളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെയാണ് നഗരത്തിലേക്ക് കാഹളം മുഴക്കിയെത്തിയത്. ജാഥാംഗങ്ങളും തലസ്ഥാന ജില്ലയിലെ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചുള്ള പാര്‍ട്ടി അംഗങ്ങളും ഒഴുകിയെത്തിയതോടെ നഗരം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി. പതാക‑കൊടിമര‑ബാനര്‍ ജാഥകള്‍ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം പാളയത്ത് നിന്ന് ഉജ്ജ്വലമായ ചുവപ്പുസേനാ മാര്‍ച്ചിന്റെ അകമ്പടിയോടെയാണ് പികെവി നഗറിലേക്ക് എത്തിച്ചേര്‍ന്നത്.
സംസ്ഥാന വളണ്ടിയര്‍ ക്യാപ്റ്റന്‍ ആര്‍ രമേശിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരുഷ‑വനിതാ വളണ്ടിയര്‍മാരുടെ 22 പ്ലാറ്റൂണുകള്‍ അണിനിരന്നു. തൊട്ടുപിന്നിലായി കുട്ടികളുടെ റോളര്‍ സ്കേറ്റിങ്, കുതിര, ഒട്ടകം എന്നിവയും വനിതാ ശിങ്കാരിമേളവും വിവിധ കലാരൂപങ്ങളും പൂക്കാവടിയും മാര്‍ച്ചിന് അലങ്കാരമായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പതാകയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു ബാനറും സത്യന്‍ മൊകേരി കൊടിമരവും ഏറ്റുവാങ്ങി. പൊതുസമ്മേളനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാനും ഭക്ഷ്യമന്ത്രിയുമായ ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുല്‍കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍, മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ഡെപ്യൂട്ടീ സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതവും ഡെപ്യൂട്ടി മേയര്‍ പി കെ രാജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ ഇപ്റ്റയുടെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറി. ഇന്നു രാവിലെ 9.30ന് വെളിയം ഭാര്‍ഗ്ഗവന്‍ നഗറില്‍ (ടാഗോര്‍ തീയേറ്റര്‍ വഴുതക്കാട്) പ്രതിനിധി സമ്മേളനം ആരംഭിക്കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗരയില്‍ സി ദിവാകരന്‍ പതാക ഉയര്‍ത്തും. രക്തസാക്ഷി ജയപ്രകാശിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊണ്ടുവരുന്ന ദീപശിഖകാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.