23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
September 9, 2024
September 2, 2024
March 14, 2024
July 27, 2023
July 20, 2023
June 16, 2023
May 15, 2023
December 14, 2022
October 13, 2022

ഭൂമി വിപണന‑വിനിമയ ഉപാധിയാക്കിയവര്‍ വയലുകള്‍ക്ക് വധശിക്ഷ നടപ്പാക്കി

Janayugom Webdesk
September 16, 2022 7:53 pm

ജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് കൃഷിയെന്നും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ കൃഷി ചെയ്യാത്തവരെയും സാരമായി തന്നെ ബാധിക്കുന്ന ഒന്നാണെന്നും മന്ത്രി പി പ്രസാദ്. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ആര്യനാട് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. കൃഷി ചെയ്തിട്ട് എന്ത് കാര്യമെന്ന് ചോദിക്കുന്നവരായാലും കൃഷി ചെയ്യില്ലെന്ന് പറയുന്നവരായാലും ഇതൊന്നിനും നേരമില്ലാതെ അത്യുന്നത പദവികളിലിരിക്കുന്നവരായാലും ജീവിക്കുന്നത് കൃഷിക്കാരന്റെ ആനുകൂല്യത്തില്‍ ജീവിക്കുന്നവരാണ്. കൃഷിയെ ആശ്രയിക്കാത്ത സമൂഹമോ ജനതയോ മനുഷ്യരോ ഇല്ല. അതുകൊണ്ടുതന്നെ കൃഷിക്കും അതിന്റേതായ ലക്ഷ്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് ഏറ്റവും ഗുണമേന്മയുള്ള ഭക്ഷണം നല്‍കുക എന്നതാണ്. അതുവഴി മനുഷ്യന് നല്ല ആരോഗ്യം നല്‍കലും. രണ്ടാമത്തേത് കാര്‍ഷിക വിളകള്‍ ഉല്പാദിപിക്കുന്നവര്‍ക്ക് അന്തസ്സുള്ള ജീവിതം ഉണ്ടാക്കുക എന്നതുമാണ്. അവിടെയാണ് കാര്‍ഷിക മേഖല എപ്പോഴും മെച്ചപ്പെട്ട് നില്‍ക്കണമെന്ന് നാം ആഗ്രഹിക്കുന്നത്. കൃഷി മെച്ചപ്പെട്ടതല്ലെങ്കില്‍ മനുഷ്യ ജീവിതത്തിനാണ് പ്രയാസമുണ്ടാവുക എന്ന് പി പ്രസാദ് പറഞ്ഞു.

മനുഷ്യന്‍ ഉണ്ടായതിന്റെ ചരിത്രത്തിന് അനേകായിരം ലക്ഷം വര്‍ഷങ്ങളുടെ കണക്കുകള്‍ പറയാനുണ്ടാകും. പക്ഷെ കൃഷിക്ക് അനേകായിരം വര്‍ഷങ്ങളുടെ പഴക്കമേ ഉള്ളൂ. ലോകം ഒട്ടേറെ കണ്ടുപിടിത്തങ്ങളില്‍ അത്ഭുതം കൂറുകയും അതേക്കുറിച്ച് ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും പ്രധാനമായത് കൃഷി കണ്ടെത്തിയതാണ്. അതുവരെ വേട്ടയാടിയും അങ്ങിങ്ങായി കിട്ടുന്ന കായ്ക്കനികള്‍ ഭക്ഷിച്ചും മുന്നോട്ടുപോയ മനുഷ്യരുടെ ജീവിത പ്രയാണത്തിനിടെയാണ് ഒരേതരത്തിലുള്ള സസ്യങ്ങള്‍ കാണുന്നതും അതില്‍ ഒരേ തരത്തില്‍ ഫലങ്ങള്‍ കണ്ടെത്തുന്നതും. അത്രനാള്‍ അവന്‍ അലഞ്ഞതും ഓടിയതും വിശപ്പകറ്റാനായിരുന്നു. മനുഷ്യനെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നവും വിശപ്പുതന്നെയാണ്. വിശപ്പകറ്റാന്‍ ഉപയോഗിക്കുന്ന ഫലങ്ങള്‍ കണ്‍മുന്നില്‍ കൂട്ടത്തോടെ കാണുന്നതും അവരത് ഭക്ഷിച്ച് അവശിഷ്ടങ്ങള്‍ അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. അവ അവിടെക്കിടന്ന് കിളിര്‍ത്ത് മുളച്ച് മരമാവുകയും അതില്‍ ഫലങ്ങള്‍ നിറയുന്നതും വീണ്ടും വീണ്ടും അവരുടെ ശ്രദ്ധയില്‍ പതിഞ്ഞതില്‍ നിന്നാണ് കൃഷിയുടെ ആദ്യ രൂപം ഉണ്ടാവുന്നത്. വിത്തെന്നോ നടീലെന്നോ പേരൊന്നുമില്ലാതെ അവര്‍ ആ ഫലങ്ങളിലെ അവശിഷ്ടങ്ങള്‍ അടുത്ത വിളവ് ലക്ഷ്യമാക്കി മണ്ണില്‍ പാകി. പിന്നീട് മണ്ണിടുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കാം. വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന് ആ ഭൂമിയുടെ ഓരത്ത് തന്നെ താമസമുറപ്പിച്ചതുമെല്ലാം ശാസ്ത്രം രേഖപ്പെടുത്തിക്കാണുന്നു. ജീവിതത്തെ മുന്നോട്ടുനയിക്കുന്നതില്‍ കൃഷിക്കുള്ള പ്രാധാന്യമാണ് ഇതെല്ലാം തെളിയിക്കുന്നത്.

മുമ്പെല്ലാം ഭൂമി കാര്‍ഷികോല്പാദനത്തിനുള്ള ഉപാധിയെന്ന രീതിയിലാണ് കണ്ടിരുന്നത്. ഇന്ന് അങ്ങനെയാണോ എന്നത് സംശയകരമാണ്. നഗരത്തിലായാലും ഗ്രാമത്തിലായാലും ഉള്ള മണ്ണില്‍ കൃഷിയിറക്കുന്നതിനെക്കുറിച്ചല്ല മഹാഭൂരിപക്ഷവും ചിന്തിക്കുന്നത്. അത് വിറ്റാല്‍ എത്ര പണം കിട്ടും എന്ന കണക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ചിന്ത. കൃഷിയില്‍ നിന്ന് മാറി ഭൂമി വിപണനത്തിനും വിനിമയത്തിനുമുള്ള ഉപാധിയാക്കിക്കൊണ്ട് വയലുകള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണിപ്പോഴെന്നും കൃഷി മന്ത്രി പറഞ്ഞു. എല്ലാവരും പറയും ‘അരിയാഹാരം കഴിക്കുന്നവര്‍…’ എന്നെല്ലാം. എന്നാലിന്ന് അരിയാഹാരം കഴിക്കുന്നവരുടെ എണ്ണവും കുറഞ്ഞിരിക്കുകയാണെന്നും മന്ത്രി പി പ്രസാദ് വിവരിച്ചു. ആറ് വര്‍ഷം മുമ്പത്തെ കണക്കെടുത്താല്‍ കേരളത്തില്‍ ആവശ്യമായി വന്നത് 35 ലക്ഷം ടണ്‍ അരിയായിരുന്നു. ഇന്ന് പരിശോധിക്കുമ്പോള്‍ അത് 29.5 ലക്ഷം ടണ്‍ ആയി കുറഞ്ഞിരിക്കുന്നു. ആളുകളുടെ എണ്ണത്തില്‍ കുറവുവന്നതല്ല. ഇവിടെയുള്ളവര്‍ അരിയാഹാരത്തില്‍ നിന്ന് ഇതര രീതികളിലേക്ക് മാറിയതുകൊണ്ടാണ്. തരിശുഭൂമിയില്‍ കൃഷിയിറക്കിയും കരഭൂമി ഉപയോഗപ്പെടുത്തിയുമെല്ലാം എല്ലാകാലത്തേയും റെക്കോ‍ഡ് അളവിലാണ് കഴിഞ്ഞ വര്‍ഷം കേരളം അരി ഉല്പാദിപ്പിച്ചത്. 6.34 ലക്ഷം ടണ്‍ അരി. ഇത് കേരളത്തിന് ആവശ്യമുള്ളതിന്റെ 22 ശതമാനം മാത്രമാണ്. ബാക്കി 78 ശതമാനവും മറുനാടുകളെ ആശ്രയിച്ചാണ് എത്തിച്ചിരുന്നത്. ഇന്നോ ഇന്നലെയോ ഉണ്ടായ പ്രശ്നമല്ല ഇത്. പഴയ തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയുമെല്ലാം രേഖകള്‍ പരിശോധിച്ചാല്‍ അന്യനാടുകളില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതിന്റെ കണക്കുകള്‍ കാണാം.

പുതിയ സാഹചര്യത്തിലെങ്കിലും നമുക്ക് ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സ്വയം ഉല്പാദിപ്പിച്ചെടുക്കാന്‍ പദ്ധതികളിടണം. മുഴുവന്‍ സാധിക്കില്ലെങ്കില്‍ക്കൂടി, 35 ശതമാനമെങ്കിലും സ്വന്തമായി ഉല്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. മറ്റിനങ്ങള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുകയും അവ ഉല്പാദിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം. എല്ലായിടത്തും ഒരേ കൃഷിയുല്പാദനം നടക്കില്ല. വിളയെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി രീതിയില്‍ നിന്ന് മാറുകയും വിളയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയിലേക്ക് എത്തുകയും വേണം. അങ്ങനെയെങ്കില്‍ ഓരോയിടത്തെയും മണ്ണിനും സ്വഭാവത്തിനും ഉതകുന്ന വിളകള്‍ കൂടുതല്‍ ഉല്പാദിപ്പിക്കാനാവും- കൃഷി മന്ത്രി നിര്‍ദ്ദേശിച്ചു. ‘കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഭക്ഷ്യമന്ത്രി അഡ്വ.ജി ആര്‍ അനില്‍, മുന്‍ സ്പീക്കറും കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ എം വിജയകുമാര്‍, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായര്‍ എന്നിവരും സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.