17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022

ഗവര്‍ണര്‍ പദവി വേണ്ട: വിധ്വംസക ശക്തികളെ ഒറ്റപ്പെടുത്തണം

അനില്‍കുമാര്‍ ഒഞ്ചിയം
വെളിയം ഭാര്‍ഗവന്‍ നഗര്‍(തിരുവനന്തപുരം):
October 2, 2022 11:05 pm

ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങളും സ്വതന്ത്രമായ നിയമനിര്‍മ്മാണങ്ങളും കേന്ദ്രഭരണകൂടം നിരന്തരമായി തടസപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഗവര്‍ണര്‍ പദവി സംബന്ധിച്ചും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിലും പുനര്‍വിചിന്തനം ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സമ്മേളനം.
ഇന്ത്യന്‍ ഭരണഘടന കേന്ദ്രത്തിന്റെ അധികാരങ്ങളോടൊപ്പം തന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഫെഡറല്‍ തത്വങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങളും സ്വതന്ത്രമായ നിയമനിര്‍മ്മാണങ്ങളും കേന്ദ്രഭരണകൂടം നിരന്തരം തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനപ്രകാരം നാമമാത്ര ഭരണാധികാരിയായ ഗവര്‍ണര്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമനിര്‍മ്മാണസഭ പാസാക്കിയ നിയമങ്ങളില്‍ ഒപ്പുവയ്ക്കാത്ത സ്ഥിതിയുമുണ്ട്. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ രീതി പരിപാലിക്കാന്‍ കേന്ദ്ര ഭരണകൂടം തയാറാകണം. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ പാവയായി സംസ്ഥാന നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്ന നടപടി സംസ്ഥാന ഭരണത്തെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ട്. അതിനാല്‍ ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലെന്ന നിലപാടാണ് സിപിഐയുടേതെന്നും സംസ്ഥാന സമ്മേളനം വ്യക്തമാക്കി.
ജനങ്ങളുടെ ഐക്യനിര ഉയര്‍ത്തി ഭീകരവാദത്തെ ചെറുക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. ഭീകരവാദവും വര്‍ഗീയതയും വംശീയതയും ലോകത്തിനാകെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. ഇത്തരം പ്രതിലോമ ആശയത്തെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കാണ് മുതലാളിത്ത ലോകം വഹിച്ചിട്ടുള്ളത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും വിഘാതം സൃഷ്ടിക്കുകയാണ് ഇന്ത്യയില്‍ ഭീകരവാദം. മതപരമായ ചട്ടക്കൂടിനെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയില്‍ ഭീകരവാദം വളര്‍ന്നിട്ടുള്ളത്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ ഭീകരവാദം അപകടകരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മതപരമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്തിയും ചേരിതിരിവ് സൃഷ്ടിച്ചും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിലൂടെ ബിജെപിയും സംഘ്പരിവാറും ലക്ഷ്യമിടുന്നത് ഇതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായിട്ടുള്ള ജനവിരുദ്ധസംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യവും മതേതരത്വവും സ്ഥിതി സമത്വവും മുറുകെ പിടിച്ച് ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തി ഭീകര‑വിധ്വംസക ശക്തികളെ ഒറ്റപ്പെടുത്തുകയെന്നതാണ് ശരിയായ മാര്‍ഗം. അതിനായി ജനങ്ങളെ അണിനിരത്തി ഭീകരവാദത്തെ ശക്തമായി ചെറുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ സിപിഐ (എം) മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ആരംഭിച്ചു. ടി രഘുവരൻ (എറണാകുളം), എ പ്രദീപൻ (കണ്ണൂർ), ടി കെ സുധീഷ് (തൃശൂർ), ജെ സി അനിൽ (കൊല്ലം), ഷഫീർ കീഴാഞ്ചേരി (മലപ്പുറം), എം എ ഷാജി (കോട്ടയം), വിളപ്പിൽ രാധാകൃഷ്ണൻ (തിരുവനന്തപുരം), സി പി ബാബു (കാസർകോട്), ബിമൽ റോയ് (ആലപ്പുഴ), രജീന്ദ്രൻ കപ്പള്ളി (കോഴിക്കോട്), മലയാലപ്പുഴ ശശി (പത്തനംതിട്ട), അഡ്വ. പി സി അഭിലാഷ് (ഇടുക്കി), ഇ ജെ ബാബു (വയനാട്), പൊറ്റശ്ശേരി മണികണ്ഠൻ (പാലക്കാട്), ജയറാം (സർവീസ് സംഘടന) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പ്രതിനിധികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഉച്ചകഴിഞ്ഞ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച തുടങ്ങി. നാളെ രാവിലെ സംഘടനാറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച തുടരും. ചര്‍ച്ചയ്ക്കുള്ള സെക്രട്ടറിയുടെ മറുപടിക്ക് ശേഷം പുതിയ സംസ്ഥാന കൗണ്‍സിലിനെയും 24ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെര‍ഞ്ഞെടുക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതോടെ നാലുദിവസമായി നടന്നുവരുന്ന സംസ്ഥാന സമ്മേളനം സമാപിക്കും.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.