23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

സിപിഐ സംസ്ഥാന സമ്മേളനം; നാടിനുവേണ്ടി ചുവടുവയ്ക്കാന്‍ ചുവപ്പുസേന ഒരുങ്ങുന്നു

Janayugom Webdesk
ആലപ്പുഴ
August 21, 2025 11:02 pm

സെപ്റ്റംബർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചുവപ്പുസേനാ പരേഡിന്റെ അവസാനവട്ട പരിശീലനം ആരംഭിച്ചു. ജില്ലാ ചുവപ്പ് സേനാ ക്യാമ്പിൽ പരിശീലനം ലഭിച്ച വോളണ്ടിയർമാരാണ് നേതൃത്വം നൽകുന്നത്. പതിനായിരം പേർ പങ്കെടുക്കുന്ന പരേഡാണ് സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ആകർഷക ഘടകങ്ങളിൽ ഒന്ന്. ഇതിൽ അയ്യായിരം പേർ ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരായിരിക്കും. സംസ്ഥാന സമ്മേളനത്തിന് പൊതുപ്രകടനം ഒഴിവാക്കിയാണ് അവസാനദിനമായ 12ന് ആലപ്പുഴ ബീച്ചിലേയ്ക്ക് ചുവപ്പ് സേന പരേഡ് സംഘടിപ്പിച്ചിരിക്കുന്നത്.
വോളണ്ടിയര്‍മാര്‍ക്കുള്ള ആദ്യവട്ട പരിശീലനം രണ്ട് മാസം മുമ്പേ ആരംഭിച്ചിരുന്നു. ഇതിനായി പാർട്ടിയുടെ ബ്രാഞ്ച് തലം മുതൽ അംഗങ്ങളെ നേരത്തെ തെരഞ്ഞെടുത്തു. പരേഡില്‍ അണിനിരക്കുന്നവരുടെ അവസാനവട്ട പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരികയാണ്.
റെഡ് വോളണ്ടിയര്‍മാരുടെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്മാര്‍ക്കുള്ള രണ്ടാഴ്ചത്തെ പരിശീലനം നേരത്തെ കൊല്ലം കുളക്കടയിലെ സി കെ ചന്ദ്രപ്പൻ സ്മാരകത്തിൽ നടന്നിരുന്നു. 

പാർട്ടിയും പ്രവർത്തകരും പലവിധ വെല്ലുവിളികളെയും ഭീഷണികളെയും നേരിടുന്ന സാഹചര്യത്തിൽ പ്രതിരോധിക്കാൻ രൂപീകരിച്ച സുസജ്ജമായൊരു സംവിധാനമാണ് ചുവപ്പ് സേന അഥവാ ജനസേവാദള്‍. ഏഴ് വയസുമുതൽ 45 വയസ് വരെയുള്ളവർ ചുവപ്പ് സേനയിൽ അംഗങ്ങളാണ്. പാർട്ടി അംഗങ്ങളുടെ മക്കളും വിവിധ കമ്മിറ്റി അംഗത്വം ഉള്ളവരുമാണ് ഇതിലുള്ളത്. പരേഡില്‍ പങ്കെടുക്കുന്നവർക്കുള്ള യൂണിഫോം വിവിധ ലോക്കൽ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് തയ്യാറായികഴിഞ്ഞു. വനിതകൾക്ക് ചുവന്ന ടോപ്പും ഷാളും വെള്ള പാന്റ്, ചുവന്ന തൊപ്പി, വെള്ള ഷൂസ് എന്നിങ്ങനെയാണ് യൂണിഫോം. പുരുഷൻമാർക്ക് ചുവന്ന ഷർട്ടും കാക്കി പാന്റ്സും ചുവന്ന തൊപ്പിയും വെള്ള ഷൂസും നല്‍കും. സമ്മേളനം കഴിഞ്ഞാലും ചുവപ്പുസേനയെ സമൂഹത്തിലെ വിവിധ രക്ഷാപ്രവർത്തനങ്ങള്‍ക്കുള്ള സേനയായി പ്രത്യേക പരിശീലനം നൽകി സ്ഥിരം സംവിധാനമായി നിലനിര്‍ത്തും. പ്രകൃതി ദുരന്തങ്ങളും കാലവർഷക്കെടുതികളും സംസ്ഥാനത്ത് പതിവാകുന്ന സാഹചര്യത്തിലാണിത്. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും ഇവര്‍ക്കുള്ള തുടര്‍ പരിശീലനം. 

സമരഗാഥകളൊരുങ്ങി

സിപിഐ സംസ്ഥാന സമ്മേളനത്തിനായി സമര ഗാഥകളും വിപ്ലവ സ്മരണകളും സ്ത്രീ ശക്തിയുടെ ഉണർവും നിറഞ്ഞ ഗാനങ്ങൾ തയ്യാറായി. പ്രശസ്ത ഗാന രചയിതാക്കളായ റാഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ബിജി ബാലാണ് സംഗീതം പകർന്നിരിക്കുന്നത്.
വിപ്ലവ ആശയങ്ങളുടെ ഉറച്ച പാതയിലൂടെ ജനങ്ങളെ കൂട്ടിയിണക്കുന്ന ഈ സംഗീതസൃഷ്ടികൾ സമ്മേളനത്തിന്റെ വിവിധ വേദികളിൽ അവതരിപ്പിക്കും. സമ്മേളനത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും ആയ പ്രഭാവം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മലയാളത്തിലെ കവികളും സംഗീത സംവിധായകരും ഒന്നിക്കുന്ന വേദിയാണ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഒരുക്കുന്നത്.

റീൽസ് മത്സരം സംഘടിപ്പിക്കും 

സിപിഐ സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ‘ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ 100 വർഷത്തെ ചരിത്രം’ പ്രമേയമാക്കി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച റീലിന് 10,001 രൂപ സമ്മാനവും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീൽസുകൾക്ക് പ്രശസ്തിപത്രവും ക്യാഷ് അവാർഡും നൽകും. പരമാവധി 60 സെക്കൻഡ് ദൈർഘ്യമുള്ള സർഗാത്മക സൃഷ്ടികളാണ് പരിഗണിക്കുക.
പങ്കെടുക്കുന്നതിന് തയ്യാറാക്കിയ റീൽസ് സ്വന്തം ഫേസ്ബുക്ക്/ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷം ലിങ്ക് അയച്ചു നല്‍കണം. മേക്കിങ് ക്വാളിറ്റി, കണ്ടന്റ്, റീച്ച് തുടങ്ങിയവയാണ് തെരഞ്ഞെടുക്കപ്പെടുന്നതിന് മാനദണ്ഡമാക്കുന്നത്. വിശദവിവരങ്ങൾക്ക് 9846520501 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.