21 December 2024, Saturday
KSFE Galaxy Chits Banner 2

ചോദ്യങ്ങള്‍ മുട്ടിക്കുന്ന ഉത്തരങ്ങള്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
December 9, 2023 9:47 am

ഉത്തരം മുട്ടിക്കാന്‍ മൂര്‍ച്ചയുള്ള ചോദ്യശരങ്ങളുമായി മുന്നിലെത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ ആവനാഴി ശൂന്യമാക്കാന്‍ ചുരുങ്ങിയ വാക്കുകള്‍ മതിയായിരുന്നു കാനം രാജേന്ദ്രനെന്ന രാഷ്ട്രീയനേതാവിന്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിക്കുന്ന പതിവ് ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഏത് വിഷയമായാലും കൃത്യമായി കാര്യങ്ങള്‍ പഠിച്ചുകൊണ്ടാകും കാനം മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നിലെത്തുക. നിയമസഭാംഗമായിരിക്കുമ്പോഴും ഇതുതന്നെയായിരുന്നു ശീലം. അതുകൊണ്ടുതന്നെ പറഞ്ഞ കാര്യങ്ങളൊന്നും ഒരിക്കലും തിരുത്തേണ്ടിവന്നിട്ടില്ല കാനത്തിന്.

പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും നയങ്ങളില്‍ നിന്ന് അണുവിട വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റെ പേരില്‍ പലപ്പോഴും എതിര്‍പ്പുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വിധേയനാകേണ്ടിവന്നപ്പോഴും കാനത്തിന് ഒട്ടും വിഷമമുണ്ടായില്ല. അതേസമയം, നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി പോരാടാനും കാനം രാജേന്ദ്രന്‍ ഏറ്റവും മുന്നിലുണ്ടായിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം സുവര്‍ണാവസരമാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.

ഗവര്‍ണര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയുമുള്ള ഏറ്റവും മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ പക്വതയാര്‍ന്ന വാക്കുകളില്‍ അദ്ദേഹമുയര്‍ത്തി. വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ പരത്തിപറയേണ്ടിവരാറില്ല. ശബരിമല സമരമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയമായതെങ്കില്‍ സമരം ചെയ്ത ബിജെപിക്കാരല്ലേ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടേണ്ടത് എന്നായിരുന്നു കാനത്തിന്റെ ഒരു മറുപടിയിലുള്ള ചോദ്യം. ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന നിലപാട് ആദ്യമായി പ്രഖ്യാപിച്ചതും കാനം ആയിരുന്നു. മതമേലധ്യക്ഷന്മാരുടെ വര്‍ഗീയ‑പിന്തിരിപ്പന്‍ നിലപാടുകളെയും തെല്ലും ഭയപ്പാടില്ലാതെ അദ്ദേഹം വിമര്‍ശിച്ചു.

Eng­lish Sum­ma­ry: cpi state sec­re­tary kanam rajen­dran demise
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.