മേയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ ഏഴ് മണ്ഡലങ്ങളിൽ മത്സരിക്കും. ബിജെപിയെ മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെ മറ്റു മണ്ഡലങ്ങളിൽ മതേതരത്വ ജനാധിപത്യ പാർട്ടികളെ പിന്തുണയ്ക്കുമെന്ന്, ഏഴിടത്തെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷ് അറിയിച്ചു.
കോലാർ ജില്ലയിലെ കെജിഎഫ് സംവരണ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ദീർഘകാലം കെജിഎഫ് അഡ്വക്കേറ്റ് അസോസിയേഷന്റെ ഭാരവാഹിയും ആയിരുന്ന ജ്യോതി ബസു മത്സരിക്കും. തുംകൂര്‍ ജില്ലയിലെ സിറാ മണ്ഡലത്തില്‍ പാർട്ടി ജില്ലാ സെക്രട്ടറിയും എഐടിയുസി ദേശീയ കൗൺസിൽ അംഗവുമായ ഗിരീഷാണ് സ്ഥാനാര്‍ത്ഥി.
കല്‍ബുർഗി ജില്ലയിലെ ജവർഗി മണ്ഡലത്തില്‍ നിന്ന് പാർട്ടി ജില്ലാ സെക്രട്ടറിയും എഐഡിആര്‍എം ദേശീയ കൗൺസിൽ അംഗവുമായ മഹേഷ് കുമാർ റാത്തോഡ് മത്സരിക്കും. അലന്ത് മണ്ഡലത്തില്‍ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കിസാന്‍സഭ സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ മോലാ മുള്ളയാണ് സ്ഥാനാര്‍ത്ഥി.
ചിക്ക്മംഗ്ലൂര്‍ ജില്ലയിലെ മുടിഗരെ പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന രമേശ് കെൽഗുരു, സിപിഐ ചിക്കമംഗളൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാണ്. മനുഷ്യ വിഭവശേഷി വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, ദേശീയ മാരത്തോൺ താരം കൂടിയാണ്.
വിജയനഗർ ജില്ലയിലെ കുട്ലഗി പട്ടിക വര്‍ഗ സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എച്ച് വീരണ്ണ, പാർട്ടി ജില്ലാ സെക്രട്ടറിയും കർഷക സംഘടനയുടെ സംസ്ഥാന നേതാവുമാണ്. കൊടുക് ജില്ലയിലെ മടിക്കേരിയില്‍ നിന്ന് പ്ലാന്റേഷൻ തൊഴിലാളി യൂണിയന്‍ നേതാവും സിപിഐ കൊടുക് ജില്ലാ കൗൺസിൽ അംഗവുമായ സോമപ്പയാണ് മത്സരിക്കുന്നത്.
English Sammury: CPI will contest in seven seats in Karnataka Niyamasabha; Candidates announced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.