8 May 2024, Wednesday

ക്രയോഅബ്ലേഷന്‍ : ഹൃദ്രോഗ ചികിത്സയില്‍ നൂതന ചികിത്സാസംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

Janayugom Webdesk
കൊച്ചി
October 28, 2021 6:15 pm

ക്രയോഅബ്ലേഷന്‍ എന്ന പദം രൂപപ്പെടുന്നത് ‘ക്രയോ’ എന്നര്‍ത്ഥം വരുന്ന തണുപ്പ് എന്നും നീക്കം ചെയ്യല്‍ എന്നര്‍ത്ഥം വരുന്ന ‘അബ്ലേഷന്‍ ‘എന്നും രണ്ട് പദങ്ങള്‍ ചേര്‍ന്നാണ്. പക്ഷാഘാതത്തിനും മറ്റ് ഹൃദയതകരാറുകള്‍ക്കും കാരണമാകുന്ന അസാധാരണമായ വൈദ്യുത പാതകളെ തടസ്സപ്പെടുത്തിയതിന് ശേഷം സാധാരണ നിലയിലുള്ള ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന ഏറ്റവും നൂതനവും വിജയകരവുമായ പ്രക്രിയയാണ് ബലൂണ്‍ ക്രയോഅബ്ലേഷന്‍ . രോഗിയുടെ കാലിലെ രക്തധമനിയിലൂടെ കടത്തിവിടുന്ന കത്തീറ്റര്‍ നൂതന ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൃദയത്തിലേക്ക് നയിക്കപ്പെടുന്നു. സാധാരണയില്‍ നിന്ന് വിപരീതമായി നൈട്രസ് ഓക്‌സൈഡ് വാതകത്തിന്റെ സഹായത്താല്‍ രക്തം കട്ടപിടിച്ചിരിക്കുന്ന ഭാഗം തണുപ്പിക്കുന്നു. കുറഞ്ഞ താപനിലയില്‍ തന്നെ ബലൂണിന്റെ സഹായത്താല്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനാല്‍ മറ്റ് കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നില്ല എന്നതാണ് ഈ ചികിത്സാരീതിയുടെ ഗുണം. പ്രക്രിയ പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനുമാകും.

അസാധാരണമായ ഹൃദയമിടിപ്പ് കാരണം നെഞ്ചില്‍ വെള്ളം കെട്ടി അപകടകരമായ നിലയിലെത്തിച്ച മലപ്പുറം വളാഞ്ചരി സ്വദേശിയായ 53- വയസുകാരിയിലാണ് ആദ്യത്തെ ക്രയോഅബ്ലേഷന്‍ പ്രക്രിയ നടത്തിയത്. രോഗിയുടെ അപകടാവസ്ഥയും, രോഗാവസ്ഥ ഇനിയും ഉണ്ടാകാനുള്ള സാധ്യതയും, സുരക്ഷയും കണക്കിലെടുത്താണ് നൂതന ചികിത്സാരീതിയായ ക്രയോഅബ്ലേഷന്‍ നടത്താമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ചെറിയ സുഷിരത്തിലൂടെയുള്ള പ്രക്രിയ ആയതിനാല്‍ തന്നെ വേദനാരഹിതവും, മറ്റ് ഹൃദയശസ്ത്രക്രിയകളെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ഇലക്ടോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു. നൂതനമായ ഈ ചികിത്സാ പ്രക്രിയ്ക്ക് ശേഷം ഭൂരിഭാഗം രോഗികള്‍ക്കും മരുന്നുകള്‍ ഒഴിവാക്കാനാകും. പ്രാരംഭഘട്ടത്തില്‍ കൃത്യമായ രോഗനിര്‍ണയത്തിലൂടെ ഈ പ്രക്രിയ ചെയ്യുന്ന രോഗികളില്‍ രോഗാവസ്ഥ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നും ഡോ. പ്രവീണ്‍ ശ്രീകുമാര്‍ വ്യക്തമാക്കി.

അസാധാരണമായ ഹൃദയമിടിപ്പ് സംഭവിക്കുന്ന അരിത്മിയ എന്ന അവസ്ഥയുള്ള രോഗികളിലാണ് ഈ ചികിത്സാമാര്‍ഗം സ്വീകരിക്കുന്നത്. ഹൃദയത്തിലെ ഞരമ്പുകള്‍ തെറ്റായി പ്രവര്‍ത്തിക്കുമ്പോഴാണ് ക്രമരഹിതമായ ഹൃദയമിടിപ്പ് സംഭവിക്കുന്നത്. കാലക്രമേണ ഇതു മൂലം ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നതിലൂടെ ജീവന്‍ അപകടപ്പെടുത്തുന്ന പക്ഷാഘാതത്തിനും മറ്റ് അനുബന്ധ ഹൃദയതകരാറുകള്‍ക്കും ശാരീരികാവസ്ഥകള്‍ക്കും കാരണമാകുന്നു. ഇത്തരം രോഗികളില്‍ സാധാരണയായി രക്തം നേര്‍പ്പിക്കുന്നതിനുള്ള മരുന്നുകളാണ് നല്‍കാറുള്ളത്. സ്ഥിതി ഗുരുതരമായവരില്‍ പേസ്‌മേക്കര്‍ അടക്കമുള്ള ചികിത്സാരീതികളും നിര്‍ദേശിക്കുമെങ്കിലും ശാസ്വതമായ പരിഹാരമാര്‍ഗമല്ലെന്നും ബോധ്യപ്പെടുത്താറുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ പുതിയ ചികിത്സാമാര്‍ഗം.

രാജ്യത്ത് തന്നെ ആദ്യമായി ക്രയോഅബ്ലേഷന്‍ ചികിത്സാരീതി വിജയകരമായി അവതരിപ്പിക്കുന്ന സെന്ററുകളിലൊന്നാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയെന്ന് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.അനില്‍കുമാര്‍ വ്യക്തമാക്കി. അയല്‍— സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നതെന്നും , നിലവില്‍ അഞ്ച് രോഗികള്‍ ക്രയോഅബ്ലേഷന്‍ പ്രക്രിയയ്ക്കായി കാത്തിരിക്കുകയാണെും അദ്ദേഹം അറിയിച്ചു.

സാധാരണഗതിയില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ പത്ത് ശതമാനം രോഗികളില്‍ അട്രിയല്‍ ഫൈബ്രിലേഷന്‍ ( എഎഫ്) പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തരം രോഗാവസ്ഥകള്‍ അപൂര്‍വ്വമായി ചെറുപ്പക്കാരിലും ഇപ്പോള്‍ കാണപ്പെടുന്നുണ്ട്. ഉയര്‍ന്നതോ മന്ദഗതിയിലുള്ളതോ ആയ ഹൃദയമിടിപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം, തലയില്‍ ഭാരമില്ലാത്തത് പോലെ തോന്നല്‍, ബോധക്ഷയം, തലകറക്കം എന്നിവയാണ് അരിത്മിയയുടെ മറ്റ് ലക്ഷണങ്ങള്‍. ചെറുപ്രായത്തില്‍ തുടങ്ങി പ്രായമാകുമ്പോള്‍ ഈ അവസ്ഥ മൂര്‍ച്ഛിക്കുന്ന സ്ഥിതിയുമുണ്ട്.

Eng­lish Sum­ma­ry : crayo abla­tion facil­i­ty in car­di­ol­o­gy dept of aster medicity

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.