19 May 2024, Sunday

തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംശയ നിഴലില്‍

Janayugom Webdesk
May 8, 2024 5:00 am

ന്നലെ പൂർത്തിയായ മൂന്നാംഘട്ട വോട്ടെടുപ്പോടുകൂടി 18-ാം ലോക്‌സഭയിലേക്കുള്ള പകുതിയിലധികം സീറ്റുകളിലേക്കുള്ള പോളിങ് പ്രക്രിയ പൂർത്തിയായി. ഇനി നാല് ഘട്ടങ്ങളിലായി പോളിങ് ജൂൺ ഒന്നോടെ പൂർത്തിയാവും. ഇതുവരെ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം അത് സത്യസന്ധവും സുതാര്യവും കുറ്റമറ്റതുമായ രീതിയിൽ നിർവഹിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെപ്പറ്റി നിരവധി പരാതികളാണ് പ്രതിപക്ഷ പാർട്ടികളിൽനിന്നും പൊതുജനങ്ങളിൽനിന്നും നിഷ്പക്ഷ നിരീക്ഷകരിൽ നിന്നും ഉയർന്നുവന്നിട്ടുള്ളത്. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനം സംബന്ധിച്ച് ഉയർന്നുവന്ന പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും പൗരസംഘടനകളും സ്വതന്ത്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവയിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് പോളിങ് സംബന്ധിച്ച കണക്കുകൾ യഥാസമയം പൂർണതോതിൽ പുറത്തുവിടുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വരുത്തിയ വീഴ്ച. ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞു പതിനൊന്ന് ദിവസം പിന്നിട്ടിട്ടാണ് കമ്മിഷൻ ഒന്നും രണ്ടും ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അത് യഥാക്രമം ഒന്നാം ഘട്ടത്തിൽ 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവും ആയിരുന്നു. ഏപ്രിൽ 19ന് ഒന്നാം ഘട്ടം വോട്ടെടുപ്പ് പൂർത്തിയായതിനു ശേഷം വൈകുന്നേരം ഏഴുമണിക്ക് പുറത്തുവിട്ട താല്‍ക്കാലിക കണക്കനുസരിച്ച് വോട്ടിങ് ശതമാനം 60 ആയിരുന്നു. രണ്ടാം ഘട്ടത്തിൽ അത് 60.69 ശതമാനമെന്നാണ് കണക്കാക്കിയിരുന്നത്. നാളിതുവരെ, 2019ൽ അടക്കം, അന്തിമ കണക്കുകൾ മണിക്കൂറുകൾക്കുള്ളിൽ, ഏറെ വൈകിയാൽ 24 മണിക്കൂറിനുള്ളിൽ, പുറത്തുവിടുന്നതായിരുന്നു പതിവ്. ഇത്തവണ അന്തിമ വോട്ടിങ് ശതമാനം പുറത്തുവരാൻ ഒന്നാംഘട്ടത്തിൽ 11 ദിവസവും രണ്ടാംഘട്ടത്തിൽ നാല് ദിവസവും കാത്തിരിക്കേണ്ടി വന്നു. അതിനുതന്നെ പ്രതിപക്ഷപാർട്ടികൾ പരസ്യമായി പ്രതിഷേധിക്കേണ്ടിയും വന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിരത്തിയ നീതീകരണങ്ങളിൽ പ്രധാനം വേഗത്തിൽ ഡാറ്റകൾ ലഭ്യമാക്കാനാവും എന്നതായിരുന്നു. അക്കാരണത്താൽത്തന്നെ ക ണക്കുകൾ പുറത്തുവിടുന്നതിലുണ്ടായ കാലതാമസത്തിന് ന്യായീകരണം ഏ തുമില്ല. രണ്ടാമതായി, ശതമാനക്കണക്കിന് പുറമെ പോ ൾ ചെയ്ത വോട്ടുകളുടെ എണ്ണം, മൊത്തം വോട്ടർമാരുടെ എണ്ണം എന്നിവ കമ്മിഷൻ ഇനിയും പുറത്തുവിട്ടിട്ടില്ല. അവകൂടാതെ ശതമാനക്കണക്കിന്റെ സത്യാവസ്ഥ എന്തെന്ന് നിർണയിക്കുക അസാധ്യമാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷിൻ അടക്കം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന ഡിജിറ്റൽവൽക്കരണം ഈ കണക്കുകൾ പുറത്തുവിടുന്നത് സുഗമമാക്കിയിട്ടുണ്ട്. എന്നിട്ടും അവ പുറത്തുവിടുന്നതിൽ കമ്മിഷൻ കാണിക്കുന്ന വൈമനസ്യം സംശയാസ്പദമാണ്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടിലടയ്ക്കപ്പെടരുത്


പോളിങ് പൂർത്തിയായി ഉടൻ പുറത്തുവിടുന്ന പോളിങ് ശതമാനക്കണക്കും വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് പുറത്തുവിടുന്ന അന്തിമ കണക്കും തമ്മിൽ ചില്ലറ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തവണ കമ്മിഷൻ പുറത്തുവിട്ട ആദ്യ കണക്കും ഏറെ വൈകി പുറത്തുവന്ന അന്തിമകണക്കും തമ്മിൽ അസ്വാഭാവിക അന്തരമുള്ളതായി പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പുരംഗം നിരീക്ഷിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നു. പോളിങ് പൂർത്തിയാക്കി ഉടൻ പുറത്തുവിട്ട പോളിങ് ശതമാനക്കണക്കും അന്തിമ കണക്കും തമ്മിൽ ആറ് ശതമാനത്തിലേറെ അന്തരമാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം പൊതുവിൽ സുതാര്യമല്ലെന്ന അഭിപ്രായം വ്യാപകമായി നിലനിൽക്കെ കണക്കുകളിൽ ഭരണകക്ഷിക്ക് അനുകൂലമായി തിരിമറി നടന്നേക്കാമെന്ന ആശങ്ക അസ്ഥാനത്തല്ല. തെരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം ഭരണകക്ഷിയോട് വിധേയത്വം പുലർത്തുകയും പരാതികളിൽ നടപടി സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന കമ്മിഷന്റെ നിലപാടുകളിൽ പ്രതിപക്ഷത്തിനോ പൗരന്മാർക്കോ സംശയമുണ്ടായാൽ അതിന് അവരെ കുറ്റപ്പെടുത്താനാവില്ല. കണക്കുകളിലെ ഈ അന്തരം തെരഞ്ഞെടുപ്പ് ചരിത്രത്തിൽനിന്ന് വേർപെടുത്തിയേ ന്യായീകരിക്കാനുമാകൂ. മുൻ തെരഞ്ഞെടുപ്പു ഡാറ്റകളുമായി താരതമ്യം ചെയ്താണ് വിദഗ്ധർ ഇപ്പോഴത്തെ കണക്കിൽ അസ്വാഭാവികത സൂചിപ്പിക്കുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായ ഇപ്പോഴെങ്കിലും അതുസംബന്ധിച്ച കണക്കുകളും നേരത്തെ വെളിപ്പെടുത്തുന്നതിൽ വീഴ്ച വന്ന കണക്കുകളും സത്വരം പുറത്തുവിടുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ഒരു പരിധിവരെയെങ്കിലും വീണ്ടെടുക്കാൻ സഹായകമാവും.


ഇതുകൂടി വായിക്കൂ: മുട്ടിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ


തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിൽ ഉണ്ടായ വീഴ്ചകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യ മുന്നണിയിലെ കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഗുരുതര വീഴ്ചയെ ചോദ്യംചെയ്ത് ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് കോൺഗ്രസ് അധ്യക്ഷന്‍ പ്രതിപക്ഷ നേതാക്കൾക്ക് എഴുതിയിട്ടുണ്ട്. ഇടത് പാർട്ടികൾ പ്രശ്നത്തോട് രൂക്ഷ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ് വൈ ഖുറേഷി കമ്മിഷൻ നടപടി ‘അസ്വീകാര്യം’ എന്നാണ് വിശേഷിപ്പിച്ചത്. പോളിങ് പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ അതുസംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവിടുന്നതാണ് 2014 വരെ പിന്തുടർന്നിരുന്ന കീഴ്‌വഴക്കമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു തെരഞ്ഞെടുപ്പ് കമ്മിഷനും കാണിക്കാൻ ധൈര്യപ്പെടാത്ത പക്ഷപാതത്തിനും വിധേയത്വത്തിനുമാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തെയും അത് ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പിന്റെ സുതാര്യതയെയും സത്യസന്ധതയെയും നിലനിർത്താനുള്ള സമരം കൂടിയായി മാറിയിരിക്കുകയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.