22 December 2024, Sunday
KSFE Galaxy Chits Banner 2

കൃഷിഭവനുകളിൽ ക്ലാർക്ക് തസ്തിക സൃഷ്ടിക്കണം : കാംസഫ്

Janayugom Webdesk
തിരുവനന്തപുരം
December 21, 2021 10:14 pm

സംസ്ഥാനത്തെ ആയിരത്തിലധികം കൃഷിഭവനുകളിൽ ക്ലറിക്കൽ തസ്തിക സൃഷ്ടിച്ച് സ്മാർട്ട് കൃഷിഭവനുകൾ യാഥാർത്ഥ്യമാക്കണമെന്ന് കാംസഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കർഷകർക്ക് മെച്ചപ്പെട്ട സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അവസരം ഇതിലൂടെ സൃഷ്ടിക്കപ്പെടും. ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഏൽപ്പിക്കുന്ന പരിപാടികൾക്കും കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ജോലികളുമടക്കം നിരവധി ക്ലറിക്കൽ ജോലികൾ ടെക്നിക്കൽ വിഭാഗം ജീവനക്കാർ ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കൃഷിഭവനുകളെ പുനഃസംഘടിപ്പിക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടക്കുന്ന ഈ ഘട്ടത്തിൽ സ്മാർട്ട് കൃഷിഭവനുകൾ യാഥാർത്ഥ്യമാക്കാൻ എല്ലാ കൃഷിഭവനുകളിലും ക്ലറിക്കൽ തസ്തിക അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

കർഷക ക്ഷേമനിധി ബോർഡിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് അർഹമായ പ്രാതിനിധ്യം നൽകുക, നോൺ ഗസറ്റഡ് ജീവനക്കാരുടെ സ്പെഷ്യൽ റൂൾസ് അന്തിമമാക്കുക, ഓഡിറ്റ്, വിജിലൻസ് വിഭാഗങ്ങളെ ശക്തിപ്പെടുത്തുക, മിനിസ്റ്റീരിയൽ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി സ്പെഷ്യൽ റൂൾസ് ഭേദഗതി വരുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാംസഫ് സംസ്ഥാന പ്രസിഡന്റ് എൻ കെ സതീഷ് അധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് കണ്ടല റിപ്പോർട്ട് അവതരിപ്പിച്ചു. അനു കെ ബി, ദേവികൃഷ്ണ, എസ്, ബീന കെ ബി, സായൂജ് കൃഷ്ണൻ എം ആർ, സരിത ആർ, മനോജൻ കെ, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എൻ കെ സതീഷ് അധ്യക്ഷനാകും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ ഷാനവാസ്‌ഖാൻ ഉപഹാര സമർപ്പണം നടത്തും. കാംസഫ് സംസ്ഥാന വൈ‌സ് പ്രസിഡന്റ് സുരേഷ് തൃപ്പൂണിത്തുറ രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഭരണഭാഷ മലയാളം എന്ന പുസ്തകം പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ് ഹനീഫാ റാവുത്തർക്ക് നൽകി മന്ത്രി പ്രകാശനം ചെയ്യും.

eng­lish sum­ma­ry; Cre­ate clerk posts in farm houses

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.