കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയെ പിടികൂടാനായി പോയ പൊലീസുകാർക്ക് നേരെ പ്രതിയും കൂട്ടാളികളും നടത്തിയ അക്രമത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ക്വട്ടേഷൻ തലവനും പിടികിട്ടാപ്പുള്ളിയും നിരവധി കഞ്ചാവു കേസിലെ പ്രതിയുമായ ഗുണ്ടാ നേതാവ് കുന്ദമംഗലം പെരിങ്ങളം സ്വദേശി മണ്ണാംപറമ്പത്ത് ടിങ്കു എന്ന ഷിജു (33) നെ പിടികൂടുന്നതിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയെ നോർത്ത് അസി. പൊലീസ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡെൻസാഫ് സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടി. കാപ്പയുൾപ്പടെ നിരവധി ക്രിമിനൽ കേസുകൾ ചുമത്തപ്പെട്ടയാളാണ് പ്രതി.
കെട്ടാങ്ങലിനടുത്ത് ഏരിമലയിലുള്ള ഒരു വിവാഹ വീട്ടിൽ പ്രതി വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിവാഹ വീട്ടിലേക്ക് വരുന്ന വഴി പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും നടത്തിയ അക്രമത്തിൽ ആറോളം പൊലീസുകാർക്ക് ഗുരുതരപരിക്കുമേറ്റു. സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ സജി എം, എസ് സി പി ഒ മാരായ അഖിലേഷ് കെ, ജോമോൻ കെ എ, സി പി ഒമാരായ ജിനേഷ് എം, മിഥുൻ എം, അർജുൻ അജിത്ത്, സുനോജ് കെ, ജിനീഷ് എം, സായൂജ് പി എന്നിവർ ചേർന്നാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രതിയെ പിടികൂടിയത്. കീഴ്പ്പെടുത്തി മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പ്രതി ഇവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ലോക്കപ്പിൽ നിന്നും തലയിടിച്ച് പൊട്ടിക്കുകയും പുറത്തിറക്കിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. സ്റ്റേഷനിൽ നിന്നും നിന്നും ഇറങ്ങി ഓടി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തി. മെഡിക്കൽ കോളെജ് എസ് ഐ മാരായ രമേഷ് കുമാറിന്റെയും ദീപ്തി വി വിയുടെയും നേതൃത്വത്തിലുള്ള പൊലീസുകാരും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഫെബ്രുവരിയിൽ മെഡിക്കൽ കോളെജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി രണ്ടു യുവതികളുടയെടക്കം പതിമൂന്ന് പവനോളം സ്വർണ്ണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച മൂന്ന് മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും ആധാരവും എ ടി എ, പാൻ, ആധാർ കാർഡുകളും പാസ്പോർട്ടും ഉൾപ്പെടെ കവർന്ന കേസിലെ പ്രതിയാണ് ടിങ്കു. ജൂൺ ഒന്നിന് ചേവായൂർ പ്രസന്റേഷൻ സ്കൂളിന് സമീപത്തെ വീട്ടിൽ വെച്ച് യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർച്ച ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. 2016 ൽ ഫറോക്കിൽ വെച്ച് പത്ത് കിലോയോളം കഞ്ചാവുമായും 2018 ൽ അഞ്ച് കിലോയോളം കഞ്ചാവുമായും ഇയാളെ കുന്ദമംഗലം പൊലീസ് പിടികൂടിയിരുന്നു. നിരവധി കഞ്ചാവ് കേസുകളും കവർച്ചാ കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ട് തവണ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
ENGLISH SUMMARY:Quotations gang leader’s attack on police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.