
ജയിലിലായാൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ബില്ല് അവതരണവേളയിലുടനീളം പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ബിൽ പൂർണമായും അവതരിപ്പിച്ചു. നേരത്തെ കസംഘർഷമുണ്ടായ സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവർക്ക് നിർദ്ദിഷ്ട നിയമം ബാധകമാകും.
കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗവൺമെന്റ് (ഭേദഗതി) ബിൽ 2025, ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബിൽ 2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025 എന്നീ മൂന്ന് ബില്ലുകൾ ഷാ അവതരിപ്പിച്ചു. നേരത്തെ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷനും നിയന്ത്രണവും ബിൽ, 2025 അവതരിപ്പിച്ചിരുന്നു. ഇ‑സ്പോർട്സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ ഗെയിമിംഗ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ബിൽ ലക്ഷ്യമിടുന്നത്. ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇത് സഭ തടസ്സപ്പെടുത്തുന്നതിനും സഭ മാറ്റിവയ്ക്കുന്നതിനും കാരണമായി.
മാർഷൽമാരെ അണിനിരത്തിയതോടെ പ്രതിപക്ഷം ഇവർക്കെതിരെ കൂവിവിളിച്ച് രംഗത്തെത്തിയെങ്കിലും അതിനിടെ അമിത് ഷാ ബില്ല് അവതരിപ്പിച്ചു പൂർത്തിയാക്കുകയാക്കി.
ബിൽ അവതരണത്തിന് ശേഷം ലോക്സഭ 5 മണിവരെ നിർത്തിവച്ചു. പുതിയ സഭയിൽ മാർഷൽമാരെ നിയോഗിക്കുന്നത് ആദ്യമായാണ്.നാടകീയ രംഗങ്ങൾക്ക് ലോക്സഭ സാക്ഷ്യം വഹിച്ചു. ബില്ല് അവതരിപ്പിച്ചതിന് ശേഷം ഇരുപക്ഷവും സ്പീക്കർക്ക് പരാതി നൽകുകയുണ്ടായി.പ്രതിപക്ഷം അമിത് ഷായെ ആക്രമിച്ചെന്നാണ് ബിജെപിയുടെ പരാതിയിൽ ആരോപിക്കുന്നത്. വനിത എംപി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് ബിട്ടു മുറിവേല്പിച്ചെന്ന് തൃണമൂൽ കോൺഗ്രസും പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷം പേപ്പറിനുള്ളിൽ കല്ല് പൊതിഞ്ഞു കൊണ്ട് വന്നു എന്നാണ് ബിജെപിയുടെ ആരോപിണം. അമിത് ഷാ സംസാരിച്ചപ്പോൾ മൈക്ക് പിടിച്ചു തകർക്കാൻ നോക്കിയെന്നും സ്പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, അംഗങ്ങൾക്കെതിരെ സ്പീക്കർ നടപടി എടുക്കുന്ന കാര്യം ആലോചിക്കുകയാണ്. എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി ബില്ലുകളെ താൻ എതിർക്കുന്നുവെന്നും ഇത് അധികാര വിഭജന തത്വത്തെ ലംഘിക്കുകയും ഒരു സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും പറഞ്ഞു.മനീഷ് തിവാരിയും പ്രതിഷേധമറിയിച്ചു. പാർലമെൻ്ററി ജനാധിപത്യത്തെ തകർക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ബില്ല് കീറിയെറിഞ്ഞു. ഫെഡറൽ സംവിധാനം തകർക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.