26 December 2024, Thursday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം അതിരുകടന്ന അധികാര പ്രയോഗം

Janayugom Webdesk
October 7, 2022 5:00 am

രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പുവേളയിൽ സമ്മതിദായകർക്കു നൽകുന്ന വാഗ്ദാനങ്ങൾ സംബന്ധിച്ച സാമ്പത്തിക കാര്യങ്ങൾ മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ടുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം അതിരുകടന്ന അധികാര പ്രയോഗവും രാഷ്ട്രീയപാർട്ടികളുടെയും ജനങ്ങളുടെയും അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണ്. അതാവട്ടെ പ്രധാനമന്ത്രിയടക്കം ഭരണവൃത്തങ്ങളും ബിജെപി, ആർഎസ്എസ്, സംഘ്പരിവാർ നേതൃത്വവും ‘തെരഞ്ഞെടുപ്പ് സൗജന്യങ്ങൾ’ എന്നപേരിൽ അപഹസിക്കാൻ ശ്രമിക്കുന്ന ജനക്ഷേമപദ്ധതികളെപ്പറ്റിയുള്ള സമീപനത്തിന്റെ തുടർച്ചയായി വേണം വിലയിരുത്തപ്പെടാൻ. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സംബന്ധിച്ച കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിനു് കടകവിരുദ്ധമായ നിലപാടാണ് ഇപ്പോൾ അവർ അവലംബിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങൾ നൽകുന്നതും അതിൻപ്രകാരമുള്ള സൗജന്യങ്ങൾ വിതരണം ചെയ്യുന്നതും ബന്ധപ്പെട്ട പാർട്ടികളുടെ നയപരമായ തീരുമാനമാണ്. ആ നയങ്ങൾ സാമ്പത്തികമായി സാധ്യമാണോ എന്നും അത് രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കേണ്ടതും തീരുമാനിക്കേണ്ടതും ജനങ്ങളാണെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. ആ നിലപാടിൽനിന്നുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ മലക്കംമറിച്ചിലിനു പിന്നിൽ ഭരണകൂട ഇടപെടൽ ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങൾക്ക് ഭക്ഷണമടക്കം അടിസ്ഥാന ജീവിതാവശ്യങ്ങൾ നിറവേറ്റാൻ നൽകുന്ന സഹായങ്ങളെപ്പറ്റിയുമേ ബിജെപി സർക്കാരിനും ഒരുപറ്റം വിമർശകർക്കും പരാതിയുള്ളു. രാഷ്ട്രസമ്പത്ത് കവർന്നെടുക്കാൻ കോർപറേറ്റുകളടക്കം വൻകിടക്കാർക്ക് ഒത്താശ ചെയ്യുന്നവരിൽനിന്നാണ് പാവപ്പെട്ട ജനങ്ങൾക്ക് നൽകുന്ന സഹായങ്ങളെപ്പറ്റി പരാതി ഉയരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് സർക്കാരുകളുടെ നയങ്ങളെയോ തീരുമാനങ്ങളെയോ നിയന്ത്രിക്കാൻ യാതൊരു അധികാരവും നിയമപരമായ വ്യവസ്ഥയും ഇല്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങ­ൾ നിയന്ത്രിക്കാൻ മു­തിരുന്നത് അതിരുകടന്ന അധികാര പ്രയോഗമായിരിക്കുമെന്ന് സ­ത്യവാങ്മൂലത്തിൽ പ­റയുന്ന കമ്മിഷന്റെ മ­നംമാറ്റത്തിനു പിന്നി­ൽ നരേന്ദ്രമോഡി സൗ­­ജന്യങ്ങൾ സംബന്ധിച്ചു നടത്തിയ അഭിപ്രായപ്രകടനം ആയിരിക്കണം. രാഷ്ട്രീയപാ­ർട്ടികൾ തെരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനങ്ങളെ ‘റാവ്ഡി സംസ്കാരം’ എന്നായിരുന്നു മോ­­ഡി അധിക്ഷേപിച്ചത്. ഭക്ഷ്യധാന്യങ്ങ­ൾ, വൈദ്യുതി, വെ­ള്ളം, വളങ്ങൾ എന്നിവയ്ക്ക് നൽകിവരുന്ന സബ്സിഡികളാണ് സൗജന്യങ്ങളായി മോഡിയും സംഘവും വ്യാഖ്യാനിക്കുന്നത്. അ­വർ പിന്തുടരുന്ന നവലിബറൽ സാമ്പത്തി­ക കാഴ്ചപ്പാടിൽ അവ സൗജന്യങ്ങളാണ്.


ഇതുകൂടി വായിക്കൂ: സാങ്കല്പിക ഭീഷണികളും വാചാടോപവും 


എന്നാൽ ജീവിതദുരിതങ്ങൾ പേറുന്ന കോടാനുകോടികൾക്ക് അത് നിലനില്പിന്റെ പ്രശ്നമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക തികച്ചും അപ്രായോഗികവും അസാധ്യവുമാണെന്ന് അവ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടി അതുസംബന്ധിച്ച് കമ്മിഷന് പൂരിപ്പിച്ചുനൽകേണ്ട ഫോറത്തെപ്പറ്റി പറയുന്നു. അത് അക്ഷരാർത്ഥത്തിൽ ബഹുകക്ഷി രാഷ്ട്രീയ ജനാധിപത്യം സംബന്ധിച്ച എല്ലാ സങ്കല്പങ്ങളുടെയും നിഷേധമാണ്. ഭരണഘടനയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിന്നുകൊണ്ട് ഒരു രാഷ്ട്രീയപാർട്ടി നടപ്പാക്കുന്ന നയങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചയിക്കാനോ നിയന്ത്രിക്കാനോ നിയമം യാതൊരു അവകാശവും നൽകുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽവരുന്ന പാർട്ടിയോ മുന്നണിയോ ഭരണയന്ത്രത്തിന്റെ സഹായത്തോടെ തങ്ങളുടെ നയപരിപാടികൾ നടപ്പിലാക്കുകയാണ് ജനാധിപത്യ രീതി. തെരഞ്ഞെടുപ്പുകൾ നിഷ്പക്ഷമായും നീതിപൂർവവും നടത്തുന്നതിലുപരി യാതൊരു ചുമതലയും ഭരണഘടന കമ്മിഷന് നൽകുന്നില്ല.

ഭരണഘടനാസ്ഥാപനങ്ങളെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനും ആജ്ഞാനുവർത്തികളാക്കാനും നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിവരുന്ന ശ്രമങ്ങൾക്ക് യാതൊരു പുതുമയുമില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ ആ പട്ടികയിൽ പ്രഥമസ്ഥാനത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനെ വരുതിയിൽ കൊണ്ടുവരാതെ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളെ പ്രഹസനമാക്കിമാറ്റി അധികാരത്തിൽ തുടരാനാവില്ലെന്ന് മോഡിപ്രഭൃതികളെപ്പോലെ തിരിച്ചറിയുന്നവർ ഏറെ ഉണ്ടാവില്ല. കമ്മിഷനെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാക്കി മാറ്റിയതിനു നിരത്താവുന്ന തെളിവുകളിൽ ഏറ്റവും പുതിയതാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. രാജ്യത്ത് ഭരണകക്ഷി ഒഴികെ ഒരു പാർട്ടിക്കും അംഗീകരിക്കാനാവുന്നതല്ല അവ. ബിജെപിക്ക് എതിരെ പ്രതിപക്ഷപാർട്ടികളുടെ ഐക്യനിര എന്ന ആശയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ നിർദ്ദേശത്തിലൂടെ കൂടുതൽ അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിച്ചുനൽകിയിരിക്കുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.