
പുതിയ വേഗവും പുതിയ ദൂരവും പുതിയ ഉയരങ്ങളും റെക്കോഡുകളുടെ പെരുമഴയും കണ്ട, എട്ട് നാള്‍ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് നാളെ അനന്തപുരിയില്‍ സമാപനം. വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവും. മന്ത്രിമാരായ ജി ആർ അനിൽ, വീണാ ജോർജ്, സജി ചെറിയാൻ, എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും. ഓവറോൾ ചാമ്പ്യൻമാർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തി ദീപശിഖ അണയ്ക്കുന്നതോടെ കായികമേളയ്ക്ക് ഔദ്യോഗിക സമാപനമാവും.
കായിക മേളയില്‍ ആതിഥേയരായ തിരുവനന്തപുരം 1793 പോയിന്റോടെ കിരീടം ഉറപ്പിച്ചു. 201 സ്വര്‍ണവും 142 വെള്ളിയും 167 വെങ്കലവും അടക്കമാണ് തിരുവനന്തപുരത്തിന്റെ അപരാജിത കുതിപ്പ്. മേളയില്‍ അത്‍ലറ്റിക്സ് ഒഴികെയുള്ള വിഭാഗങ്ങളില്‍ മിന്നുന്ന പ്രകടനമാണ് തലസ്ഥാനത്തിന്റെ ചുണക്കുട്ടികള്‍ കാഴ്ചവച്ചത്. ഗെയിംസ് ഇനത്തില്‍ മാത്രം 121 സ്വര്‍ണമടക്കം 1094 പോയിന്റ് തിരുവനന്തപുരം വാരിയെടുത്തു. 90 സ്വര്‍ണവും 54 വെള്ളിയും 103 വെങ്കലവും അടക്കം 866 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്താണ്. 77 സ്വര്‍ണം 75 വെള്ളി 85 വെങ്കലം എന്നിവയടക്കം 820 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള പാലക്കാടിന് 784 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള മലപ്പുറത്തിന് 741 പോയിന്റുമാണുള്ളത്.
അത്‍ലറ്റിക്സില്‍ 187 പോയിന്റുമായി മലപ്പുറം ആണ് ഒന്നാമത്. 167 പോയിന്റുള്ള പാലക്കാട് രണ്ടാമതും 76 പോയിന്റുള്ള കോഴിക്കോട് മൂന്നാമതുമാണ്. ആതിഥേയരായ തിരുവനന്തപുരം 54 പോയിന്റോടെ നാലാം സ്ഥാനത്താണ്. ഈ വിഭാഗത്തില്‍ മലപ്പുറം കടക്കാശേരിയുടെ ഐഡിയല്‍ ഇഎച്ച്എസ് സ്കൂള്‍ 67 പോയിന്റോടെ ഒന്നാമതെത്തി. 49 പോയിന്റുള്ള മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്. സ്പോര്‍ട്സ് സ്കൂളുകളില്‍ 48 പോയിന്റുമായി തിരുവനന്തപുരം മൈലം ജിവി രാജ സ്കൂളാണ് ഒന്നാമത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.