4 February 2026, Wednesday

തകര്‍ത്തടിച്ച് ഇന്ത്യ; സഞ്ജുവിന് അവസരമില്ല

Janayugom Webdesk
മുംബൈ
February 4, 2026 10:32 pm

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംപരിശാക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർ ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്.തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇഷാൻ കിഷൻ വെറും 20 പന്തിൽ നിന്ന് 53 റൺസെടുത്തു. ഏഴ് സിക്സറുകളും രണ്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. പവർ പ്ലേയിൽ ആന്‍റിച്ച് നോർക്യ എറിഞ്ഞ ഓവറിൽ നാല് സിക്സും ഒരു ഫോറും അടക്കം 29 റൺസാണ് കിഷൻ അടിച്ചുകൂട്ടിയത്. അർധസെഞ്ചുറിക്ക് പിന്നാലെ താരം റിട്ടയേർഡ് ഔട്ടായി മടങ്ങി.

അഭിഷേക് ശർമ 18 പന്തിൽ 24 റൺസെടുത്ത് റിട്ടയേർഡ് ഔട്ടായി. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ തിലക് വര്‍മ്മ 19 പന്തിൽ 45 റൺസുമായി തിളങ്ങി. 16 പന്തിൽ 30 റൺസ് നേടി നായകൻ സൂര്യകുമാർ യാദവ് തന്റെ ഫോം നിലനിർത്തി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും (10 പന്തിൽ 30), അക്സർ പട്ടേലും (23 പന്തിൽ 35*) ചേർന്ന് ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചു. ലോകകപ്പിനുള്ള പ്ലേയിങ് ഇലവനെ പരീക്ഷിച്ച മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.