
ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്‌ചുകിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സംഘര്‍ഷഭരിതമായ ലഡാക്കിൽ നാലാം ദിവസവും കർഫ്യു തുടരുന്നു. ഇന്നലെ രണ്ട് മണിക്കൂര്‍ ഇളവ് നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഡാക്കിൽ ഒരിടത്തും ആക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭരണകൂടം അറിയിച്ചു. രാജ്ഭവനിൽ ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. ദേശീയ സുരക്ഷാ നിയമം ചുമത്തിയ സോനം വാങ്ചുകിനെ കഴിഞ്ഞദിവസം രാത്രി രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ത്രിതല സുരക്ഷയുള്ള ജോധ്പൂർ ജയിലിലെ ഏകാന്ത സെല്ലിലായിരിക്കും സോനം വാങ്‌ചുക്കിനെ പാർപ്പിക്കുക. സിസിടിവിയുടെ സഹായത്തോടെ നിരന്തരം നിരീക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം സോനം വാങ് ചുകിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് ലഡാക്ക് ഡിജിപി എസ് ഡി സിങ് ജാംവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അടുത്തിടെ ഒരു പാക് ഇന്റലിജൻസ് ഓഫിസറെ അറസ്റ്റ് ചെയ്തിരുന്നു. അയാൾക്ക് സോനം വാങ്ചുകുമായി ബന്ധമുണ്ടെന്ന് തെളിവുകളുണ്ട്. പാകിസ്ഥാനിൽ നടന്ന ഒരു പരിപാടിയിൽ വാങ്ചുക് പങ്കെടുത്തു. കൂടാതെ ബംഗ്ലാദേശും സന്ദർശിച്ചിരുന്നു. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം നടന്നുവരികയാണെന്നും ഡിജിപി പറഞ്ഞു. പാകിസ്ഥാന്‍ പത്രം ഡോണ്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വാങ്ചുക് പങ്കെടുത്തിരുന്നത്.
നേപ്പാൾ പ്രക്ഷോഭത്തെയും അറബ് കലാപത്തെ കുറിച്ചുമുള്ള പരാമർശങ്ങൾ ഉൾപ്പെടെയുള്ള പ്രകോപനപരമായ പ്രസംഗങ്ങള്‍ വാങ്ചുക് നടത്തിയതിനെ തുടര്‍ന്നാണ് ലഡാക്ക് സംസ്ഥാനപദവിക്കായി പ്രക്ഷോഭം ഉണ്ടായതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. സംഭവത്തില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് 50 ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേ സമയം പൊലീസ് ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ലഡാക്കില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ഹാജി ഹനീഫ ജാനും ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ചെറിങ് ഡോര്‍ജെയ് ലക്രൂക്കും, ഡെമോക്രാറ്റിക് അലയന്‍സ് നേതാവ് സജാദ് കാര്‍ഗിലിയും ഈ ആവശ്യമുന്നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.