17 May 2024, Friday

വൈദ്യുതി വാഹനങ്ങളുടെ കാലിക പ്രസക്തി

വലിയശാല രാജു
September 7, 2022 5:45 am

കാലാവസ്ഥാ വ്യതിയാനം ചെറുക്കുക എന്ന ലക്ഷ്യത്തോടെ 2021ല്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഗ്ലാസ്ഗോവില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയും പങ്കെടുക്കുകയുണ്ടായി. അതിലെ ആഗോള താപനം ചെറുക്കാനുള്ള പ്രധാന നിർദ്ദേശങ്ങളിൽ ഒന്നാണ് ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾക്ക് പകരം വൈദ്യുതി വാഹനങ്ങൾ പരമാവധി രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നത്. ഈ ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കുമുണ്ട്. വൈദ്യുതി വാഹനങ്ങൾ എന്ന “ശുദ്ധഗതാഗത” സംവിധാനത്തിലേക്ക് പൂർണമായി മാറിയാലേ ഇത് സാധ്യമാകൂ. ഇലക്ട്രിക് വാഹനങ്ങൾ ലോകമെങ്ങും പ്രചാരത്തിലാകുമ്പോൾ അതിന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് ഇന്ത്യയായിരിക്കും എന്നതിൽ സംശയമില്ല. ലോകത്ത് തന്നെ അന്തരീക്ഷ മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്.

ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന കാർബണിന്റെ 25 ശതമാനം പുറത്തുവിടുന്നത് വാഹനങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 20നഗരങ്ങളിൽ 14എണ്ണവും ഇന്ത്യയിലാണ്. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചാൽ പരിസ്ഥിതി മലിനീകരണം കുറയുക മാത്രമല്ല ഇന്ത്യക്ക് ഓരോ വർഷവും പത്ത് ലക്ഷം കോടി രൂപയുടെ വിദേശ നാണ്യം ലാഭിക്കുകയും ചെയ്യാം. ഇത് ഇരുചക്ര വാഹനങ്ങൾ മാത്രം വൈദ്യുതി കൊണ്ട് ഓടിയാൽ കിട്ടുന്ന ലാഭമാണ്. ഏകദേശം 20 കോടി ഇരുചക്ര വാഹനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവ അര ലിറ്റർ പെട്രോൾ ദിവസവും ഉപയോഗിക്കുമ്പോൾ തന്നെ 10 കോടി ലിറ്റർ വരും. ഇത്രയും ലാഭിച്ചാൽ ഉള്ള കണക്കാണിത്. ഇന്ത്യൻ നിരത്തുകളിൽ കൂടി ഓടുന്ന മറ്റ് വാഹനങ്ങൾ കൂടി വൈദ്യുതീകരിച്ചാൽ കിട്ടുന്ന ലാഭം ഇതിന്റെ പല മടങ്ങായിരിക്കും.


ഇതുകൂടി വായിക്കൂ: എന്നു തീരും ഇന്ത്യയുടെ വിശപ്പ്


കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ജീവന്റെ നിലനില്പ് തന്നെ അപകടത്തിലാക്കുമെന്ന് ഇന്ന് ഏതാണ്ട് ലോകത്തെ എല്ലാ ഭരണാധികാരികളും മനസിലാക്കിക്കഴിഞ്ഞു. ഈ തിരിച്ചറിവാണ് സാധാരണ വാഹനങ്ങൾക്ക് പകരം വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ഇതിനെതിരായി ചിന്തിക്കാൻ റൊണാൾഡ് ട്രംപിനെ പോലെയുള്ള ചുരുക്കം ഭരണാധികാരികൾ ഉണ്ടായിരുന്നത് മറക്കുന്നില്ല. പക്ഷെ യാഥാർത്ഥ്യത്തിന്റെ കുത്തൊഴുക്കിൽ അവരെല്ലാം ഒലിച്ചുപോയതും ചരിത്രത്തിന്റെ ഭാഗമാണ്. ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരിസ്ഥിതിയുടെ ചങ്ങാതികളാണ് വൈദ്യുതി വാഹനങ്ങൾ. വൈദ്യുതി കാറുകൾ സൃഷ്ടിക്കുന്ന വായു മലിനീകരണം വളരെ കുറവാണ്. സാധാരണ വാഹനങ്ങളിൽ നിന്ന് പുറത്തുവരുന്ന കാർബൺ മോണോക്സൈഡ്, ഓസോൺ, ലെഡ്, ഹൈഡ്രോ കാർബണുകൾ എന്നിവയൊന്നും വൈദ്യുതി വാഹനങ്ങളിൽ നിന്നും പുറത്ത് വരുന്നില്ല. ഇതൊക്കെ ശരിയാണെങ്കിൽ പോലും വൈദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതി എവിടെ നിന്നും വരുന്നു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അവ ശുദ്ധ ഊര്‍ജമാണോ? അത്തരം വൈദ്യുതി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്നതും ഇതിന്റെ ഭാഗമാണ്. ഇന്ന് പ്രധാനമായും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ജലവൈദ്യുത നിലയങ്ങൾ, താപവൈദ്യുത നിലയങ്ങൾ, അണു വൈദ്യുത നിലയങ്ങൾ എന്നിവ വഴിയാണ്. ഇതെല്ലാം വൻ തോതിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നവയാണ്.

ജലവൈദ്യുത നിലയങ്ങൾ മാത്രമാണ് മലിനീകരണ തോത് മറ്റുള്ളവയെ അപേക്ഷിച്ചു കുറവുള്ളത്. ഇന്ത്യയിലായാലും ലോകത്തും വെറും 20 ശതമാനം മാത്രമാണ് ജലവൈദ്യുതി നിലയങ്ങൾ എന്നതും ഈ സന്ദര്‍ഭത്തിൽ കൂട്ടിവായിക്കേണ്ടതാണ്. ഏതാണ്ട് 60 ശതമാനവും കൽക്കരി, ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന താപവൈദ്യുതി നിലയങ്ങളാണ്. ബാക്കി വരുന്ന 20 ശതമാനം അണുനിലയങ്ങളുമാണ്. ഇതെല്ലാം വൻ തോതിൽ പരിസ്ഥിതി മലിനീകരണം നടത്തുന്നു എന്നതിൽ സംശയമില്ലല്ലോ. ഇന്ന് വൈദ്യുതി ഏറ്റവും ഉല്പാദിപ്പിക്കുന്ന താപ നിലയങ്ങളാകട്ടെ, പുറത്ത് വിടുന്ന സിഒ2 കണക്കില്ലാത്ത അളവിലുമാണ്. ഇങ്ങനത്തെ വൈദ്യുതി കൊണ്ട് വാഹനം ഓടിച്ചാൽ എന്ത് പ്രയോജനമെന്ന് ശാസ്ത്രലോകം ചോദിക്കുന്നുണ്ട്. എന്നാൽ സൂര്യപ്രകാശം, കാറ്റ് തുടങ്ങിയവ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിച്ചാൽ വൈദ്യുതി വാഹനങ്ങൾ ശുദ്ധമായ ഗതാഗതവും ഉറപ്പാക്കും. അതിനാൽ വാഹന ഇന്ധനം വൈദ്യുതീകരിക്കുന്നതിനോടൊപ്പം ആ വൈദ്യുതിയും പ്രകൃതി സൗഹൃദമാകണം. എന്നാലേ അതുകൊണ്ട് പരിസ്ഥിതിക്ക് അടിസ്ഥാനപരമായി ഗുണമുണ്ടാകുകയുള്ളൂ. ആഗോള താപനത്തിന് പരിഹാരമല്ലെങ്കിലും മറ്റ് ചില കാര്യങ്ങളിൽ പ്രകൃതിക്ക് ഗുണകരമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിൽ പ്രധാനമാണ് ശബ്ദ മലിനീകരണം കുറയ്ക്കുമെന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡീസൽ, പെട്രോൾ എന്‍ജിനെ അപേക്ഷിച്ച് ശബ്ദം തീരെ കുറവാണ്. അതുപോലെ അന്തരീക്ഷ പൊടിപടലങ്ങൾ കുറച്ച് വായു മലിനീകരണം കുറയ്ക്കാനും വൈദ്യുതി വാഹനങ്ങൾക്ക് കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.