10 December 2025, Wednesday

Related news

November 16, 2025
August 27, 2025
August 14, 2025
July 22, 2025
June 13, 2025
April 29, 2025
April 15, 2025
April 11, 2025
April 9, 2025
January 29, 2025

കസ്റ്റഡി പീഡനക്കേസ്: സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി, ജയിലില്‍ തുടരും

Janayugom Webdesk
അഹമ്മദ്ബാദ്
December 8, 2024 9:16 pm

കസ്റ്റഡി പീഡനക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി കുറ്റവിമുക്തനാക്കി. അതേസമയം മറ്റ് കേസുകളില്‍ ശിക്ഷയനുഭവിക്കുന്നതിനാല്‍ ജയില്‍ മോചിതനാകില്ല. 1997ലെ കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കുറ്റസമ്മതം നടത്തുന്നതിന് പ്രതിയെ ഗുരുതരമായി മുറിവേല്‍പ്പിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തിരുന്നത്. നേരത്തെ സഞ്ജീവ് ഭട്ടിനെ 1990ലെ കസ‍്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവും 1996ല്‍ രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ 20 വര്‍ഷവും ശിക്ഷിച്ചിരുന്നു. 

2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഭട്ട് മൊഴി നല്‍കിയിരുന്നു. ഇത് ഗുജറാത്ത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ‍്റ്റ സെറ്റല്‍വാദ്, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്ന കേസിലും ഭട്ട് പ്രതിയാണ്. അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്ന പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഭട്ടിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ‍്തിരുന്നു. ഇതിനെതിരായ നിയമപോരാട്ടം സുപ്രീം കോടതിയിലെത്തി. 2011ല്‍ സര്‍വ്വീസില്‍ നിന്ന് സസ‍്പെന്‍ഡ് ചെയ്യുകയും ജോലിക്കെത്തുന്നില്ലെന്ന് പറഞ്ഞ് 2015ല്‍ ആഭ്യന്തരമന്ത്രാലയം പിരിച്ചുവിടുകയുമായിരുന്നു. ഭട്ടിനെതിരായ കേസുകള്‍ രാഷ‍്ട്രീയപ്രേരിതമാണെന്നും ബിജെപി സര്‍ക്കാരുകള്‍ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.