സൈബര്‍ ക്രൈമിന് ഇരകളാകുന്നുവരുടെ എണ്ണം കൂടിവരികയാണെന്നും ഇതിനെതിരെ ജനങ്ങളെ ജാഗരൂകരാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി സിറ്റി പരിധിയിൽ സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമായി വര്‍ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
മിക്കകേസുകളുടെയും ഉറവിടം ഇതര സംസ്ഥാനങ്ങളിലായിരിക്കും. പരാതിക്കാരുടെ കുറച്ചു കേസുകള്‍ തെളിയിക്കാനും നഷ്ടമായ പണം തിരികെ കിട്ടുവാനും പൊലീസിനു സാധിച്ചിട്ടുണ്ട്. കൂടുതൽ പേർ ഇനിയും കാണാമറയത്തു തന്നെ നിൽക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം കൂടി ഉറപ്പു വരുത്തി ഇത്തരം തട്ടിപ്പ് സംഘങ്ങളെ വലയിലാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തും. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ സഹായവും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ നേരിടാന്‍ പരമാവധി ഉപയോഗപ്പെടുത്തും.
വലിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കുറ്റാന്വേഷണങ്ങള്‍ക്ക് പുതിയ രീതി കണ്ടെത്തി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അതിനായി വിവിധ വകുപ്പുകളുടെ കൂട്ടായ ശ്രമം വേണ്ടിവരുമെന്നും കമ്മീഷണര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.