23 January 2026, Friday

Related news

January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

സൈബര്‍ യുദ്ധം കടുത്തു; ഇന്ത്യക്കെതിരെ പോര്‍മുഖം തുറന്ന് പാകിസ്ഥാനി ഹാക്കര്‍മാര്‍

പ്രതിരോധ മന്ത്രാലയ വെബ്സൈറ്റുകള്‍ ലക്ഷ്യം
Janayugom Webdesk
ന്യൂഡൽഹി
May 2, 2025 10:26 pm

സൈബറിടത്തിലും ഇന്ത്യ‑പാക് യുദ്ധം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഏത് നിമിഷവും യുദ്ധത്തിലേക്ക് വഴിമാറാം. സൈനികമായ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും പോരാട്ടം ഇതിനകം സൈബര്‍ ഇടത്തേയ്ക്ക് മാറിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ഗ്രൂപ്പുകൾ ഹാക്കിങ്ങിലും സൈബർ ആക്രമണങ്ങളിലും ഏർപ്പെടുന്നു. 

ഇന്നലെ പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ സൈറ്റുകള്‍ ആക്രമിക്കാന്‍ നീക്കം നടന്നു. സൈബര്‍ ആക്രമണത്തിനുള്ള ശ്രമം ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. പാകിസ്ഥാന്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട ചില സൈറ്റുകള്‍ക്ക് നേരെയാണ് വ്യാപക സൈബര്‍ ആക്രമണശ്രമം നടന്നത്. വിരമിച്ച സൈനികര്‍ക്കുള്ള ചികിത്സാസംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ്, ആര്‍മി സ്കൂളുകളുടെ വെബ്സൈറ്റുകള്‍ എന്നിവയാണ് ആക്രമിക്കാന്‍ ശ്രമം നടന്നത്. കഴിഞ്ഞയാഴ്ചയും ഇത്തരം നീക്കം നടന്നിരുന്നു. അതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയിരുന്നു. നേരത്തെ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിരവധി വെബ്സൈറ്റുകളില്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ കടന്നുകയറിയിരുന്നു.
പഹൽഗാം സംഭവത്തിന് ശേഷം പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാക്കിങ് ഗ്രൂപ്പുകൾ ഇന്ത്യൻ സിസ്റ്റങ്ങളിൽ 10 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ നടത്തിയതായും സൈബർ കുറ്റകൃത്യങ്ങളിൽ വൻ തോതിൽ വർധനവുണ്ടായതായും മഹാരാഷ്ട്ര സൈബർ വകുപ്പിലെ അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് യശസ്വി യാദവ് പറയുന്നു.

ഇന്ത്യൻ വെബ്‌സൈറ്റുകളെയും പോർട്ടലുകളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ പാകിസ്ഥാൻ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നാണ് ഉണ്ടായത്. പല ഹാക്കിങ് ഗ്രൂപ്പുകളും ഇസ്ലാമിക ഗ്രൂപ്പുകളാണെന്ന് അവകാശപ്പെട്ടിട്ടുണ്ടെന്നും ഇത് ഒരു സൈബർ യുദ്ധമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എല്ലാ സർക്കാർ വകുപ്പുകളോടും അവരുടെ സൈബർ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മുന്നറിയിപ്പ് നൽകിയിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാൻ സർക്കാരിന്റെയും യൂറോ ഓയിൽ, പാക് അധീന കശ്മീരിലെ സുപ്രീം കോടതി, ബലൂചിസ്ഥാൻ സർവകലാശാല, വാഡ കോൾ ഏജൻസി, സിന്ധ് പൊലീസ് എന്നിവയുൾപ്പെടെയുള്ള ഡാറ്റാബേസുകൾ ലക്ഷ്യമിട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.