8 December 2025, Monday

Related news

December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025

സൈബറിടത്തും തമ്മില്‍ത്തല്ല്; കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

വി ഡി സതീശനെതിരെ സൈബര്‍ ആക്രമണം
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
September 9, 2025 10:39 pm

തമ്മില്‍ത്തല്ല് സൈബറിടത്തേക്കും വ്യാപിച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടിയും ഡിജിറ്റല്‍ മീഡിയ സെല്ലിനെ തള്ളിപ്പറഞ്ഞതുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൈബര്‍ അണികള്‍ വി ഡി സതീശനെതിരെ തിരിഞ്ഞതോടെയാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസുകാരുടെ ചേരിതിരിഞ്ഞുള്ള പോര് ശക്തമായത്. പാര്‍ട്ടിക്കുവേണ്ടി വീറോടെ വാദിച്ചിരുന്ന പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും തെറിയഭിഷേകവും നടത്തുന്നത് കണ്ടിട്ടും മറ്റ് നേതാക്കള്‍ മിണ്ടാതെ കണ്ട് രസിക്കുകയും ചെയ്തതോടെ, വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ പ്രത്യാക്രമണവുമായി രംഗത്തെത്തി. സ്വന്തം ഇമേജ് സംരക്ഷിക്കുന്നതിനും എതിര്‍വിഭാഗത്തെ താറടിക്കുന്നതിനുമായി സതീശന്‍ തന്നെയാണ് ഇത്രയും കാലം സൈബര്‍ അണികളെ ഉപയോഗിച്ചതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സൈബര്‍ അണികള്‍ തിരിഞ്ഞുകൊത്തിയതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ് വി ഡി സതീശന്‍. 

പാര്‍ട്ടിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും വി ടി ബല്‍റാമും ഉള്‍പ്പെടെയുള്ള യുവനേതാക്കളെയും സൈബര്‍ മേഖലയിലുള്ള പ്രവര്‍ത്തകരെയും കൂടെ നിര്‍ത്തിയാണ് വി ഡി സതീശന്‍ ശക്തനായത്. പാര്‍ട്ടിയിലും പുറത്തുമുള്ള എതിരാളികള്‍ക്കെതിരെ രൂക്ഷമായ ആക്രമണം നടത്താനും സതീശന്‍ സൈബര്‍ പോരാളികളെ നിയോഗിച്ചുവെന്നാണ് മറ്റ് നേതാക്കളുടെ പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം സംരക്ഷിച്ച സതീശന്‍ വിഷയം കൂടുതല്‍ കത്തിപ്പടര്‍ന്നപ്പോഴാണ് സ്വന്തം ഇമേജ് സംരക്ഷിക്കാന്‍ മലക്കം മറിഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയുണ്ടാകണമെന്ന് ആദ്യം മുതല്‍ ആവശ്യപ്പെട്ട രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള നേതാക്കളെ മറികടക്കാനായി സതീശന്‍ മാധ്യമങ്ങളെയും ഉപയോഗിച്ച് രംഗത്തെത്തി. താനാണ് ശക്തമായ നിലപാട് എടുക്കുന്ന നേതാവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സൈബറിടത്ത് തിരിച്ചടിയായി ലഭിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് പേജിലെ ‘ബീഡി-ബിഹാര്‍’ പോസ്റ്റിലും ഡിജിറ്റല്‍ മീഡിയ സെല്ലിനെയും പ്രവര്‍ത്തകരെയും തള്ളിപ്പറയുന്ന സമീപനമാണ് വി ഡി സതീശന്‍ സ്വീകരിച്ചത്. അങ്ങനെയൊരു വിഭാഗമില്ലെന്നും കോണ്‍ഗ്രസ് വിരുദ്ധര്‍ ഉണ്ടാക്കിയ പേജായിരിക്കാമെന്നും സതീശന്‍ വാദിച്ചിരുന്നു. ഇതോടെയാണ് സൈബര്‍ പ്രവര്‍ത്തകര്‍ സതീശനെതിരെ ആക്രമണം ശക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലെ റീല്‍സുകളിലല്ല കോണ്‍ഗ്രസ് ജീവിക്കുന്നതെന്ന പ്രതികരണമുള്‍പ്പെടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു.
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായി നില്‍ക്കുന്ന സജീവപ്രവര്‍ത്തകരുള്‍പ്പെടെയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള ആക്രമണത്തിന് മുന്നില്‍ നില്‍ക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിനെ വി ഡി സതീശൻ വിമർശിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ഇവര്‍ പ്രചരിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഷാഫി പറമ്പിലും വി ടി ബല്‍റാമും ഉള്‍പ്പെടെയുള്ള നേതാക്കളും വിഷയത്തില്‍ മൗനത്തിലാണ്. അതേസമയം, പാര്‍ട്ടിയെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീക്കുന്ന തമ്മില്‍ത്തല്ലില്‍ ദേശീയ നേതൃത്വം കടുത്ത നീരസത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.