10 December 2025, Wednesday

Related news

November 27, 2025
November 22, 2025
November 12, 2025
November 7, 2025
November 7, 2025
November 5, 2025
November 5, 2025
October 29, 2025
October 28, 2025
October 24, 2025

റഗാസ ചുഴലിക്കാറ്റ്; തായ്‌വാനിൽ 17 മരണം, നൂറിലധികം പേരെ കാണാനില്ല

Janayugom Webdesk
തായ്പേയ്
September 25, 2025 2:41 pm

ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ് മുന്നോട്ട്. തായ്‌വാനിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 17 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പർവതനിരകളിലെ ഒരു തടാകം കരകവിഞ്ഞൊഴുകി ഒരു പട്ടണത്തെ പൂർണ്ണമായും മുക്കിയതിനെ തുടർന്ന് 124 പേരെ കാണാതായതായി അഗ്നിശമന സേന അറിയിച്ചു. ​കഴിഞ്ഞ ആഴ്ച പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. തിങ്കളാഴ്ചയോടെ ഇത് കാറ്റഗറി 5 സൂപ്പർ ടൈഫൂണായി മാറി. മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് തിങ്കളാഴ്ച ഫിലിപ്പീൻസിൽ തീരം തൊട്ടു. തുടർന്ന് തായ്‌വാൻ, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി ദുർബലമായി. നിലവിൽ റഗാസ തെക്കൻ ചൈനീസ് തീരത്ത് നിന്ന് വിയറ്റ്നാമിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

​കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്വാങ്ഫു ടൗൺഷിപ്പിന് മുകളിലുള്ള തടാകം കരകവിഞ്ഞതോടെ പ്രദേശത്ത് 300ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് തായ്‌വാനിലെ സെൻട്രൽ എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. വെള്ളപ്പൊക്കം കാരണം വൈദ്യസഹായം ലഭിക്കാതെ രണ്ട് രോഗികൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ​ഹോങ്കോംഗ് വിമാനത്താവളത്തിൽ 1,000ത്തിലധികം വിമാനസർവീസുകളാണ് റഗാസയെ തുടർന്ന് തടസ്സപ്പെട്ടത്. എന്നാൽ അധികൃതരുടെ ഇടപെടലിനെ തുടർന്ന് വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. മെട്രോ റെയിൽ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവെക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

​റഗാസയുടെ ആഘാതത്തിൽ നിന്നും കരകയറുന്നതിനിടെ മറ്റൊരു ഉഷ്ണമേഖലാ കൊടുങ്കാറ്റായ ബുവലോയിയെ നേരിടാൻ തയ്യാറെടുക്കുകയാണ് ഫിലിപ്പീൻസ്. നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ മേഖലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും തയ്യാറാക്കിയതായി സാമൂഹിക ക്ഷേമ വികസന വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.