മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പദ്ധതിക്ക് വന്‍ സ്വീകാര്യത. ഡി-ഡാഡ് സെന്ററുകളിലെ കൗൺസലിംഗിലൂടെ ഈവര്‍ഷം ഇതുവരെ 775 കുട്ടികൾ ഡിജിറ്റൽ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു.
രാജ്യത്തുതന്നെ ആദ്യമായി, 2023 മാർച്ചിലാണ് കേരള പൊലീസിലെ സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. കുട്ടികളിലെ അമിതമായ മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീലസൈറ്റുകൾ സന്ദർശിക്കൽ, സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടുന്നത് തുടങ്ങിയവ മാറ്റിയെടുക്കുകയാണ് ഡി-ഡാഡ് സെന്ററുകളുടെ ലക്ഷ്യം. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡി-ഡാഡ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇതുവരെ 613 കുട്ടികളാണ് ‘ഡി ഡാഡി’ന്റെ സഹായം തേടിയെത്തിയത്. ബ്ലുവെയിൽപോലെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ, കുട്ടികളെ ഉന്നമിട്ടുള്ള വിവിധ ഓൺലൈൻ റാക്കറ്റുകൾ എന്നിവയിൽനിന്നടക്കം കുട്ടികൾ മോചിതരായി. സൈക്കോളജിസ്‌റ്റ്, പ്രോജക്ട് കോഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇവർക്ക് പുറമേ പൊലീസ് കോഓഡിനേറ്റർമാരുമുണ്ട്. എഎസ്‌പിയാണ് നോഡൽ ഓഫിസര്‍.
ഡിജിറ്റൽ ആസക്തിയുള്ള 18 വയസ്സുവരെയുള്ളവർക്ക് ഡി-ഡാഡ് സെന്ററുകളിൽ സൗജന്യ കൗൺസലിങ് നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുമായി നേരിട്ടെത്തി പ്രശ്നപരിഹാരം തേടാം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി കൗൺസിലിങ് നൽകും. മനശാസ്‌ത്ര വിദഗ്‌ധർ തയ്യാറാക്കിയ ഇന്റർനെറ്റ് അഡിക്‌ഷൻ ടെസ്‌റ്റ് വഴിയാണ് ഡിജിറ്റൽ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. കുട്ടികളെ സ്‌മാർട്ട്‌ഫോൺ അഡിക്‌ഷൻ ടെസ്റ്റിന് വിധേയമാക്കും. തുടർന്ന് കുട്ടികളെ ഇതിൽനിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. കുട്ടി സുരക്ഷിതനായെന്ന് ഉറപ്പിക്കുന്നതുവരെ സേവനങ്ങൾ ലഭിക്കും. രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് ‘ഡി ഡാഡ്’ അവബോധവും പകരുന്നു. കൗൺസലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണെങ്കിൽ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും. കൗൺസലിങ്ങിനായെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ രഹസ്യമായിരിക്കും.
എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ചുവരെ സെന്ററിലൂടെ സേവനം ലഭിക്കും.
വിവരങ്ങൾക്ക്: 9497900200
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.