
ഡി രാജയെ സിപിഐ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2019 ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുധാകർ റെഡ്ഢി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഡി രാജയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വിജയവാഡ പാർട്ടി കോൺഗ്രസിലും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദളിത് നേതാവാണ് രാജ. സർക്കാർ ജോലി പോലും വേണ്ടെന്ന് വെച്ചാണ് രാജ പൊതുരംഗത്ത് സജീവമായത്. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിത്തത്തൂർ ഗ്രാമത്തിൽ ആയിരുന്നു രാജയുടെ ജനനം. അച്ഛൻ പി ദൊരൈസാമിയും അമ്മ നായഗവും ഭൂരഹിതരായ
കർഷകത്തൊഴിലാളികളായിരുന്നു. 1949ല്‍ ജനിച്ച ഡി രാജയുടെ മുഴുവന്‍ പേര് ദുരൈസ്വാമി രാജ എന്നാണ്. ചിത്താത്തൂര്‍ പാലാര്‍ നദിക്കരയിലെ മാലിന്യ കൂനക്ക് സമീപമുള്ള കുടിലില്‍ നിന്നാണ് രാജയെന്ന നേതാവ് ദേശീയ രാഷ്ട്രീയത്തിലെത്തിയത്. പുറമ്പോക്കിലെ പ്ലാസ്റ്റിക്ക് ഷീറ്റുകളും തകരവും കൊണ്ടുണ്ടാക്കിയ കുടിലില്‍ നിന്ന് രാജ, ജീവിത ദുരിതങ്ങളോടും പ്രദേശത്ത് നിലനിന്നിരുന്ന കാട്ടുനീതികളോടും പോരാടിയാണ് മുന്നേറിയത്. ഗുഡിയാട്ടത്തിലെ ജിടിഎം കോളജിൽ നിന്ന് ബിഎസ്‌സി ബിരുദവും വെല്ലൂരിലെ
ഗവൺമെന്റ് ടീച്ചേഴ്‌സ് കോളജിൽ നിന്ന് ബിഎഡും പൂർത്തിയാക്കി. കോളജ്പഠനകാലത്ത് എഐഎസ്എഫിൽ അംഗമായ രാജ 1975 മുതൽ 1980 എഐവൈഎഫിന്റെ തമിഴ്‌നാട്സംസ്ഥാന സെക്രട്ടറിയായി. 1985 മുതൽ 1990 എഐവൈഎഫ് ദേശിയ ജനറൽ
സെക്രട്ടറിയായിരുന്നു. അക്കാലത്ത് സിപിഐ ദേശിയ കൗൺസിൽ അംഗവുമായി. 1994 മുതൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റിൽ അംഗമായി. 2007ലും 2013 രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ ആനി രാജയാണ് ഭാര്യ. മഹിളാ ഫെഡറേഷൻ പ്രവർത്തക അപരാജിത ഏക മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.